Thursday, 20 May 2010

കുഞ്ഞൂട്ടന്റെ സര്‍ഗാത്മക അന്വേഷണങ്ങള്‍

കോളേജ്  മാഗസിന്‍ എഡിറ്റര്‍ ശല്ല്യപ്പെടുത്താന്‍ തുടങ്ങിയിട്ട് ആഴ്ച മൂന്നായി.കുഞ്ഞൂട്ടന്‌ ഇരിക്കപ്പൊറുതിയില്ല.നിക്കാനും ഇരിക്കാനും സമ്മതിക്കുന്നില്ല, ആ വിരുതന്‍ ശങ്കു.കോളെജ് മാഗസിനിലേക്ക് എന്തെങ്കിലും സൃഷ്ടിക്കണംന്നും പറഞ്ഞ് വിടാതെ കൂടിയിരിക്കുകയാണ്,പിന്നാലെ. എന്തു ചെയ്യും?
കുഞ്ഞൂട്ടന്‍ ആലോചന തുടങ്ങി.ആലോചനാന്ന് പറഞ്ഞാല്‍ ക്രമസമാധാന പ്രശ്നത്തെപ്പറ്റി നിയമസഭയില്‍ സബ്മിഷന്‍ വരുമ്പൊ ആഭ്യന്തരമന്ത്രി ആലോചിക്കാം എന്നു പറയുന്ന തരം ആലോചനയല്ല, കൂലങ്കഷമായ ആലോചന, കടുത്ത ആലോചന...
അങ്ങനെ ആലോചിച്ചാലോചിച്ച് കുഞ്ഞൂട്ടന്‍ അവസാനം ഒരു കാര്യം കണ്ടെത്തി-ഇത് ശരിക്കും ഒരു ആലോചനയല്ല, ഒരു അന്വേഷണമാണ്. സ്വപ്നങ്ങള്‍ നഷ്ടപ്പെടുന്ന കാമ്പസ്സിനെപ്പറ്റി വികാരാധീനനാവുന്ന എഡിറ്റര്‍ക്ക് വേണ്ടി, ഊടുവഴികളിലെ ഗൃഹാതുരതയെ കുറിച്ച് ഊറ്റം കൊള്ളുന്ന എഡിറ്റോറിയല്‍ ബോര്‍ഡിനു വേണ്ടി, ഇന്ത്യന്‍ ക്ളബ്ബുകള്‍ കളിക്കുന്ന ഫുട്ബോള്‍ ഗ്യാലറി പോലെ ഒഴിഞ്ഞു കിടക്കുന്ന മാഗസിന്‍ താളുകള്‍ക്ക് വേണ്ടി ഒരു അന്വേഷണം, സര്ഗാത്മകതയുടെ ഒരു അന്വേഷണം...
ഷെര്‍ലക്ക് ഹോംസിനെപ്പോലെ,ജെയിംസ് ഹാര്‍ഡ്‌ലി ചെയ്സിനെപ്പോലെ അന്വേഷിച്ച് ഒരു പരുവമാക്കാന്‍ കുഞ്ഞൂട്ടന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഈ സര്‍ഗാത്മകത എന്ന് പറയുന്ന സാധനം കളഞ്ഞു
പൊയ പെന്നോ പെന്സിലോ,അല്ലെങ്കില്‍ നടുറോട്ടില്‍ ഒരു പുള്ളിയുടെ പള്ളയ്ക്ക് 's' എന്ന ആകൃതിയില് ഓട്ടയുണ്ടാക്കിയ കത്തിയോ അല്ലല്ലോ, എന്തു ചെയ്യാന്‍!!!
ഈ മൂന്നു ദിവസം എന്തായാലും കോളേജിനു അവധിയാണ്, നാട്ടിലും പോവുന്നില്ല. ഒരു കതയോ കവിതയൊ എഴുതി ശങ്കുവിന്റെ ശല്ല്യം ഒടുക്കിക്കളയാം... കുഞ്ഞൂട്ടന്റെ അന്വേഷണങ്ങള്‍ തുടങ്ങുകയാണ്..
സര്‍ഗാത്മകതയുടെ അന്വേഷണം ആരംഭിക്കുന്നത് എത്ര പ്‌രാവിയിട്ടും ഒരിക്കലും സമയം തെറ്റാതെ എന്നും കൃത്യം എട്ടു മണിക്ക് അലാറപ്പെടുന്ന ബെഡ്സൈഡിലെ വൃത്തികെട്ട ട്‌റ്‌റ്‌റ്ണീംംം കേട്ടുംകൊണ്ടാണ്.
പുതപ്പ് തലയില്‍ നിന്നും വലിച്ചൂരി പല്ലു പോലും തേക്കാതെ മെസ്സ്‌ഹാളിലേക്ക് ഓടുമ്പോള്‍ കുഞ്ഞൂട്ടന്‍ ചിന്തിക്കാന്‍ തുടങ്ങും: ഇന്നു ഞാന്‍ ഒരു തകര്‍പ്പന്‍ കഥയോ കിടു കവിതയോ എഴുതും, അതൊറപ്പാ.
പിന്നെ ചിന്ത, എപ്പൊ എഴുതണം,ന്നാണ്.ആലോചന നീണ്ട് നീണ്ട് അങ്ങനെ ഉച്ചയാവും.ഉച്ചയ്ക്ക് ചോറും ഒപ്പം രസമോ സാമ്പാറോ എന്ന് ഇനിയും തീര്‍ച്ചപ്പെടാത്ത ഒരു കറിയും കഴിച്ച് അങ്ങ്‌ട്ട് ഒറങ്ങും. ഉച്ചയുറക്കം കഴിഞ്ഞെണീറ്റാ നല്ല ക്ഷീണാണല്ലോ-ക്ഷീണൊക്കെ മാറ്റാന്‍ ഒന്ന് നടക്കാനിറങ്ങാം. നേരെ നടക്കാന്‍ പോവും ക്യാമ്പസ്സിലേക്ക്. ഈ നടത്തം എന്ന് പറയണത് വളരെ നല്ല ഒരു സങ്ങതിയാണ്, സര്‍ഗാത്മകത മുരടിച്ച മനസ്സിനെ റീഫ്രെഷ് ചെയ്യാന്‍ ഇതിലും നല്ല മരുന്നില്ല, എന്നൊക്കെ സ്വയം പറഞ്ഞുകൊണ്ടാണ് നടപ്പ്.
53-ല്‍ ചില്ല്വാനം ഏക്കറില്‍ വിരിഞ്ഞ് കിടക്കുകയാണ് ക്യാമ്പസ്സ്. അവധി ദിവസമായത് കൊണ്ട് വളഞ്ഞും പുളഞ്ഞും പോവുന്ന റോഡുകള്‍ക്കിടയില്‍ വാഹനങ്ങളുടെ ശല്ല്യമില്ല, സ്വച്‌ഛന്ദമായി, സ്വൈര്യമായി അങ്ങനെ നടത്തം തുടരാം. ഇങ്ങനെ സുഖമായി നടക്കാം എന്നു കരുതുമ്പോഴാണ് പ്രശ്നം വരുന്നത്.
കോമ്പൌണ്ടിലെ ഫുട്ബോള്‍ ഗ്രൌണ്ടില്‍ നമ്മുടെ വില്ലന്‍ ചെക്കന്മാര്‍ നിന്നു റൂണിക്കും മെസ്സിക്കും റൊണാള്‍ഡോക്കും ഒക്കെ പഠിക്കുന്നുണ്ടാവും. അഥവാ അവന്മാരുടെ മുന്പിലൂടെയെങ്ങാനും(കളി കാണാന്‍ നില്ക്കാതെ) കടന്നു പോയാല്‍ തീര്‍ന്നു.പിന്നെ ഗോള്‍പോസ്റ്റ്=കുഞ്ഞൂട്ടന്‍ ആണ്. എല്ലാ ഷൂട്ടൌട്ടുകളും കുഞ്ഞൂട്ടന്റെ നേര്‍ക്കാണ്. ബോള് കൊണ്ടുള്ള ഷൂട്ടൌട്ടല്ല, ചോദ്യങ്ങള് കൊണ്ടുള്ള ഷൂട്ടൌട്ട്- 'അല്ല മച്ചാ, ആരാ അവടെ കാത്ത് നില്ക്കാംന്ന് പറഞ്ഞ്‌ട്ട്‌ള്ളത്? എങ്ങട്ടാ ഇത്ര തിടുക്കത്തിലു ഒരു നടത്തം? ആഹ്ങ്ങ്, ആഹ്ങ്ങ്... നടക്കട്ടെ നടക്കട്ടെ...'
ദേഷ്യം വരും. ഗോള്‍പോസ്റ്റ് വിട്ടങ്ങ് കേറിച്ചെന്നങ്ങ് ഫോര്‍വേഡ് കളിച്ച് ഹിഗ്വിറ്റാന്‍ തോന്നിപ്പോവും. കാര്യം സര്‍ഗാത്മകതയുടെ അന്വേഷണമാണെങ്കിലും, വഴിയില് നമ്മുടെ 'റേഞ്ചി'ലുള്ള പെണ്പിള്ളേരെ ആരെയെങ്കിലും പരിചയപ്പെടാം, പരിചയം പുതുക്കാം, കമ്പനിയാവാം എന്നൊക്കെ ഒരു മോഹം മനസ്സിന്റെ ഉള്ളില് ഉള്ളിത്തൊലിയിട്ട് സൂക്ഷിക്കുന്നുണ്ട്, സമ്മതിച്ചു. എന്നാലും ഇവന്മാര് അതങ്ങനെ പച്ച്യ്ക്ക് പൊളിക്കാന്‍ തൊടങ്ങിയാല്‍ സമ്മതിക്കാന്‍ പറ്റ്വോ?
കുഞ്ഞൂട്ടനു ദേഷ്യം വരുന്ന ഒരു കാര്യം കൂടിയുണ്ട്. ഇങ്ങനെ കളിയാക്കലും കഷ്ടപ്പാടും സഹിച്ച് താന്‍ നടക്കാനിറങ്ങിയാലും ഒറ്റ പെണ്പ്രജ പോലും വൈകീട്ട് ക്യാമ്പസില്‍ നടക്കാനിറങ്ങി എന്ന അബദ്ധം കാണിക്കില്ല. എല്ലാവരും LH(ലേഡീസ് ഹോസ്റ്റലിന്റെ ചുരുക്കപ്പേരാണ് LH)-ല്‍ മുറിയിലെ കറങ്ങുന്ന ഫാനിനു ചുറ്റും വട്ടമിട്ടിരുന്ന് ഹിന്ദി പാട്ടും പാടി പരദൂഷണോം പറഞ്ഞിരിക്കുന്നുണ്ടാവും.
ആ, അപ്പോള്‍ പറഞ്ഞ് വന്ന കാര്യം, കുഞ്ഞൂട്ടന്‍ നടക്കുന്നത് കഥയ്ക്കും കവിതയ്ക്കും വേണ്ടിയുള്ള സര്ഗാത്മകന്വേഷണത്തിന്റെ ഭാഗമായി മാത്രാണ്‌,അതാണ് മെയിന്‍ ലക്ഷ്യം. വഴിക്ക് പെണ്‍പിള്ളേരെ കാണാംന്നും സൊറ പറയാംന്നുംള്ള ആഗ്രഹം വെറും ബോണസ്സ് മാത്രാണ്, ഏത്..?
അങ്ങനെ ഒരൂട്ടം തെണ്ടിത്തിരിഞ്ഞ് തെണ്ടിത്തിരിഞ്ഞ് കുഞ്ഞൂട്ടന്‍ ഒടുക്കം ഇച്ചായുടെ പീടികേലെത്തും. രണ്ടുര്‍പ്പ്യക്ക് പച്ചക്കടലയും വാങ്ങി കൊറിച്ചും കൊണ്ട് ഹോസ്റ്റലിലെത്തുമ്പോഴേക്ക് സന്ധ്യയായിട്ടുണ്ടാവും.
അസ്തമയസമയത്ത് സൂര്യനേയും ആകാശത്തേയുമൊക്കെ കാണാന്‍ നല്ല ഭംഗിയാണല്ലോ. അന്വേഷണങ്ങള്‍ക്ക് പറ്റിയ സമയാണല്ലോ അത്. ടെറസ്സിന്റെ മോളിലിരുന്നാണ് വാനനിരീക്ഷണം. കോളേജിന്റെ LH പടിഞ്ഞാറേ വശത്തായത് കൊണ്ട് അസ്തമയസൂര്യന് ഭയങ്കര ഭങ്ങിയാണെന്നാണ് കുഞ്ഞൂട്ടഭാഷ്യം.
അങ്ങനെ സര്‍ഗാത്മകതയുടെ അന്വേഷണങ്ങള്‍ മെസ്സ്‌ഹാളില്‍ നീളുന്ന ക്യൂവിന് പിന്നില്‍ ചെന്നെത്തി നില്‍ക്കും.തള്ളിത്തിരക്കി പഴഞ്ചോറും ചീഞ്ഞ മീനും വാരിത്തിന്ന് ഏമ്പക്കവും വിട്ട് കുഞ്ഞൂട്ടന്‍ സ്വന്തമായി ലാപ്‌ടോപ് കമ്പ്യൂട്ടറുള്ളതുകൊണ്ടു മാത്രം സൌഹൃദം കാക്കുന്ന സുഹൃത്തിന്റെ അടുത്തുന്ന് അവനെ സോപ്പിട്ട് മേടിച്ച ലാപ്‌ടോപ്പില് ആറാം തമ്പുരാനോ യോദ്ധയോ ഇരുപതാം നൂറ്റാണ്ടോ ഒക്കെ ഒന്നുകൂടി കണ്ടു തീരുമ്പോഴേക്ക് നേരം പാതിരയായിട്ടുണ്ടായിരിക്കും.
അര്‍ജുനന്‍,ഫല്‍ഗുനന്‍,പാര്‍ത്ഥന്‍,വിജയനും...ഇത്യാദി പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞ് ഉറക്കം വരാതെ വെറ്തേ കിടക്കുമ്പോള്‍ കുഞ്ഞൂട്ടന് കരുതും:നാളെ രാവിലെ ഏണീറ്റപാടേ ഞാന്‍ ഒരു തകര്‍പ്പന്‍ കഥയോ കിടു കവിതയോ എഴ്‌തിയിരിക്കും, അതൊറപ്പാ.
കുഞ്ഞൂട്ടന്റെ സര്ഗാത്മക അന്വേഷണങ്ങള്‍ അങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും...

13 comments:

 1. അപ്പൂപ്പന്റെ പല്ലു മാറി, പക്ഷെ ആ പാല്‍പ്പുഞ്ചിരി മാറിയിട്ടില്ല...
  വലക്കാരു മാറി, പക്ഷെ വല മാറിയിട്ടില്ല....
  കുട്ടപ്പായിയുടെ ഷേപ്പ് മാറി പക്ഷെ അപ്പത്തിന്റെ ഷേപ്പ് മാറിയിട്ടില്ല..
  ധനലക്ഷ്മി ബാങ്കിന്റെ പേരു മാറി, പക്ഷെ പരസ്യം മാറിയിട്ടില്ല...,

  ബൂലോകത്തേക്ക് ഒരു ഇടവേളയ്ക്കു ശേഷം നിഖിലന്റെ ബ്ളോഗും മാറി, പേരും മാറി, പക്ഷെ പഴയ സ്വഭാവം മാറിയിട്ടില്ല...

  എല്ലാവര്ക്കും നമസ്കാരം...

  ഇടവേളകള്‍ക്കിടയില്‍ എഴുത്ത് തുടര്ന്ന്
  പഴയ നിഖിലന്‍(പുതിയ കുഞ്ഞൂട്ടന്‍...)

  ReplyDelete
 2. കുഞ്ഞൂട്ടനു സ്വാഗതം. കോളജ് മാഗസിനിൽ വിരിഞ്ഞ ആ കഥയെന്താണെന്ന് എഴുതൂ

  ReplyDelete
 3. കുഞ്ഞൂട്ടാ..
  എഴുതി കൊണ്ടേ ഇരിക്കൂ..
  മാഗസിന്‍ രചനകള്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്യൂ..

  ReplyDelete
 4. @അപ്പുഏട്ടന്‍,
  @നിബില്‍:
  പ്രതികരണങ്ങള്‍ക്ക് നന്ദി...
  കൂടുതല്‍ രചനകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം....

  ReplyDelete
 5. കുഞ്ഞൂട്ടാ..
  എന്നാല്‍ അധികം വെകികേണ്ട പെട്ടന്ന് തന്നെ ആയിക്കോട്ടെ

  ReplyDelete
 6. പുതിയ പേര്,പുതിയ ബ്ലോഗ്
  ആശംസകൾ................

  ReplyDelete
 7. നല്ല രസമുള്ള പേരു തന്നെ ബ്ലോഗിനു.:)
  എന്തായാലും സര്‍ഗ്ഗാത്മക പരീക്ഷണങ്ങള്‍ ഭംഗിയായി നടക്കട്ടെ..

  ReplyDelete
 8. @അഭി,ഗന്ധര്‍വ്വന്‍,റോസ്സ്
  കമന്റുകള്ക്ക് നന്ദി....

  ReplyDelete
 9. എന്നിട്ടെന്തായി? പിറ്റെന്നെങ്കിലും നടന്നോ?

  ReplyDelete
 10. @RAY
  ചേട്ടായീ പുതിയ പോസ്റ്റിലുണ്ട് വിവരങ്ങള്‍

  ReplyDelete
 11. guddddddddd....feel very happy kunjootaaaaaaaaa...no vimarsanams.........

  ReplyDelete
 12. pazhaya nikhilante puthiyi kunjoottante ezhuthu thakarppananallo...

  ReplyDelete
 13. കുഞ്ഞൂട്ടന്റെ എഴുത്ത് കൊള്ളാമല്ലോ..
  നല്ല സാഹിത്യഭംഗി

  ReplyDelete