Sunday, 3 October 2010

കോതേരിക്കാവിലെ പൂരത്തിന് മാളോരെ, ഇങ്ങടെ നാട്ടീന്ന് ആന വരുന്ന്‍ണ്ടോ?

    ദ്ദേശഭരണതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നേന്റെ മുന്‍പേതന്നെ അടുത്ത അഞ്ചു വര്‍ഷം കൂടെ ഉറച്ചുതീര്‍ക്കാനുള്ള പൂതിയില്‍ പ്രസിഡണ്ട് മോഹനേട്ടനും മെമ്പര്‍ സെയ്താലിക്കുട്ടിയും ഉത്സാഹിച്ച് അങ്ങനെ ആമപ്പൊറ്റ പഞ്ചായത്തിന്റെ റീടാറിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു.

  'ഞ്ഞി സുലൈമാനല്ലെടാ ഹനുമാനാണെ'ന്ന് കോമ്പ്ലിമെന്റ് കിട്ടിയ പണിക്കാര്‍ക്ക് ഒട്ടും കുറവില്ലാത്ത നാടായത് കൊണ്ടാവാം, റോഡ്‌റോളറുകളെല്ലാം പെര്‍പെര്‍ഫക്റ്റായി റോഡിന്റെ പൊട്ടും പൊടിയും മെറ്റലും ടാറും ഒക്കെ ഉരുട്ടിപ്പരത്തി റോഡുരുട്ടിയെടുക്കുന്നുണ്ട്.

  വീടിന്റെ ഉമ്മറത്തൂന്ന് ഇരുനൂറ് മീറ്ററപ്പുറത്താണ് പഞ്ചായത്ത് റോഡ്. റോട്ട്‌മ്മന്ന് ഉമ്മറം വരെ ചെങ്കല്‍ച്ചരലും കല്ലും മുട്ടീം മുള്ളുമായി കുപ്പിക്കണ്ടം വഴിയാണ്, പുതുതായി വാങ്ങിച്ച വാഗണര്‍ റോട്ട്‌മ്മന്ന് വീട്ടിലിക്കും വീട്ട്‌മ്മന്ന് റോട്ടിലിക്കും ഒരു രണ്ടു പ്രാവശ്യം എടുക്കുമ്പളത്തിനും ടയറിന്റെ പണി തീരും, എന്നൊക്കെ തൊള്ള പൊട്ടിച്ച് സഹധര്‍മ്മിണി റോഡുപണീന്റെ അടുത്തിക്ക് വിട്ടതാണ് നമ്മുടെ കഥാനായകന്‍ സുരേഷ് മാഷിനെ. എങ്ങനെയെങ്കിലും കോണ്‍ട്രാക്ടര്‍ക്ക് ഒരു രണ്ടു ഗാന്ധിയോ ജൂലിയസ് സീസറോ കൊടുത്ത് പഞ്ചായത്ത് ടാറിങ്ങിനെ ഉമ്മറം വരെ ഒരു ഇരുനൂറ് മീറ്റര്‍ കൂടി എക്സ്‌റ്റന്‍ഡ് ചെയ്തു കിട്ടാന്‍ വേണ്ടിയാണ് ഈ നിന്നു തിരിയാന്‍ നേരമില്ലാത്ത നേരമായിട്ടും ജാംബവാന്‍ പണ്ട് ലങ്കേ പോയപ്പൊ ഉണ്ടാക്കിയ ഒച്ചേം ഉണ്ടാക്കി കിരുക്കുന്ന ഗേറ്റും ചാരി റോഡിന്മേല്‍ക്ക് കണ്ണും നട്ട് സുരേഷ് മാഷ്‌ക്ക് നില്‍ക്കേണ്ടി വന്നത്. മാഷ്‌ക്ക് ഒട്ടും നേരമില്ല. ഒടുക്കത്തെ തിരക്കാണ്. പറയുമ്പോ പറയണല്ലോ, ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ നീലന്‍ എന്ന് പണ്ടെഴുത്തച്ഛന്‍ പറഞ്ഞ പോലെ ഘടാഘടിയന്‍മാരായി നാല് തൃപ്പുത്രന്മാരുണ്ട്,മാഷ്‌ക്ക്. ഏറ്റെടുത്ത ജോലിയിലെ ഓരോ കാര്യത്തിനായി നാലിനേം നാലു വഴിക്ക് പായിച്ചിട്ടാണുള്ളത്. അമ്മാതിരി ഒരു ഉത്തരവാദിത്വല്ലേ മാഷ്‌ ഏറ്റെടുത്തിരിക്കുന്നേ? കോതേരിക്കാവിലെ പൂരം നാളൊന്നു തൊട്ടു നാലീസം നടത്താന്‍ ഏറ്റെടുക്ക്വാന്ന് വെച്ചാ ചില്ലറ കാര്യാണോ? അതൊരു ചില്ലറ ഉത്തരവാദിത്ത്വാണോ? പഠിക്കാന്‍ കുട്ട്യോളില്ലാത്തോണ്ട് പൂട്ടിക്കിടക്ക്‍ണ സര്‍വ്വോദയം യുപി സ്കൂള്‍ പോലെ ഏറ്റെടുക്കാന്‍ ആരും ഇല്ലാത്ത സാധനം ഒന്നൂം അല്ല ഉത്സവനടത്തിപ്പുത്തരവാദിത്വം.

  "റിട്ടയറ് ചെയ്യാന്‍ കൊല്ലം നാലല്ലേള്ളൂ മനുഷ്യാ, രണ്ട് പെമ്പിള്ളേരും നാല് മല്ലമ്മാരും പെരേം നെറഞ്ഞ് വളര്‍ന്ന് വര്വാണ്, ഓര്ടെ ഭാവീക്ക് നാള്ത്രേം ആയിറ്റും വല്ലതും കര്തീട്ട്‌ണ്ടോന്നും ഇങ്ങള്?" എന്നൊക്കെ ദിവസോം അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടും കയ്യീത്തരുമ്പോ സഹധര്‍മ്മിണി ‌ശ്രീമതി  കഠോരിക്കാറുണ്ട്. അങ്ങനെ കര്‍ണ്ണഭാഷണങ്ങളുടെ കനലാട്ടത്തില്‍ സഹികെട്ട് അതീന്നൊന്ന് കര കേറാന്‍ വേണ്ടീട്ടാണ് സുരേഷ്മാഷ് ഉത്സവം പിടിക്കാന്‍ തീരുമാനിച്ചത്.

  ഉത്സവത്തിന്റെ നെടുനായകത്വം തീറെഴുതി വാങ്ങിക്കാന്‍ അങ്ങ് കാസര്‍ഗോട്ടെ മഞ്ചേശ്വരം മുതല്  'ഞമ്മന്റെ സ്വന്തം' അയമ്മദാക്ക തിരൂരങ്ങാടീല് കൊണ്ട്‌വരും എന്നും പറഞ്ഞ റെയില്‍വേസ്റ്റേഷന്‍ വരാന്‍ പോണേന്റെ അടുത്ത്‌ള്ള മുക്കിലപ്പീടിക വരെള്ള മലബാറി നായന്മാരും മാപ്ലാരും തെക്കോട്ട് അത്രേം മുതല്‍ തിര്വന്തോരം പാറശ്ശാല വരേള്ള ശശിമാരും പിള്ളമാരും അച്ചായന്‍മാരും എന്നു വേണ്ട സര്‍വ്വ അലുക്കുലുത്തുകളും കണ്ണും നട്ട് കാശുമെറിഞ്ഞ് മത്സരം അല്ലേ. കോതേരിക്കാവിലെ ഉത്സവം നമ്മള് ആമപ്പൊറ്റ ദേശം തന്നെ നടത്തണം എന്നും പറഞ്ഞ് പഞ്ചായത്തില് മോഹനേട്ടനെക്കൊണ്ട് ഒരു പ്രമേയം അങ്ങട്ട് പസ്സാക്കിച്ചിട്ട് സുരേഷ് മാഷ് ഒരു എറക്കം അങ്ങട്ടെറങ്ങി. പിന്നെ അക്കണ്ട മലബാറികളേം അക്കണ്ട പിള്ളകളേ ഒക്കെ വയലില് നട്ട വാഴ കമ്മ്യൂണിസ്റ്റ്‌കാര് വെട്ടിത്തോല്‍പ്പിക്കുന്നത് പോലെ ഒരൊറ്റ നിരത്തലാ. കമ്മട്ടം മറിഞ്ഞ് ഉത്സവാധികാരം നമ്മടെ സുരേഷ്മാഷ്‌ടെ കയ്യില്‍.

  അങ്ങനെ കഷ്ടപ്പെട്ട് കരണം തിരിഞ്ഞ് പിടിച്ചെടുത്ത ഉത്സവംനടത്തിപ്പിന്റെ തെരക്കിനെടേക്കൂടെയാ ഈ മാരണം. ഉത്സവം കഴിയട്ടേന്നും പറഞ്ഞ് കാത്തിരുന്നാല്‍ റോഡ് പണിക്കാര് പാട്ടും പാടി പണീം നോക്കി പോവും.
  എന്തു പറഞ്ഞിട്ടും എന്തൊക്കെ കാട്ടീട്ടും ആ പഹയന്‍ കോണ്‍ട്രാക്റ്റര്‍ സമ്മതിക്കുന്നില്ല. വല്ല്യ ചെലവാണ്, ആകെ കരാറ് കിട്ട്യേത് അഞ്ചു കിലോമീറ്ററേള്ളൂ, ഇരുനൂറു മീറ്ററൂടെ ടാറു ചെയ്യുന്നതൊക്കെ അധികച്ചെലവാവും എന്നൊക്കെയാണ് അങ്ങേരു പറയുന്നെ.
  മെന്റോസ്‌ മുട്ടായി തിന്നിട്ടൊന്നും അല്ലെങ്കിലും സുരേഷ്മാഷ്‌ടെ തലയില്‍ പെട്ടന്നൊരു ബള്‍ബ് കത്തി. 'സുകുമാരന്‍ കണ്‍ട്രാക്ടരേ , ഇങ്ങക്ക് ഒരു പത്തിരുപത്തഞ്ച് കിലോമീറ്റര്‍‌ കൂടെ റോഡുപണിയാനുള്ള വകുപ്പ് ഞാന്‍ ഉണ്ടാക്കിത്തരാംഡോ.'

   ഉത്സവം നടത്താനുള്ള ഒരുക്കങ്ങളുടെ പേരില്‍ അങ്ങനെ കോതേരിക്കാവുതൊട്ട് നാഷണല്‍ഹൈവേ വരെ പുതിയൊരു റോഡു വെട്ടാനും, കോതേരിക്കാവിന്റെ ഒരു പത്തു ചകിമീ ചുറ്റളവില്‍ എല്ലാ ഇടവഴികളും ടാറിട്ടു തൂര്‍ക്കാനും കരാറൊപ്പിട്ട് ആമപ്പൊറ്റാ പഞ്ചായത്ത് ബില്ല് പാസ്സാക്കി. കൈതപ്പുറത്തെ പഞ്ചായത്ത് റോട്ടില്‍ നിന്നും സുരേഷ്മാഷ്‌ടെ മുറ്റം വരെള്ള മുന്നൂറു മീറ്റര്‍ ചരലില്‍ക്കൂടെ സുകുമാരന്‍ കണ്‍ട്രാക്ടര്‍ ടാറും റബ്ബര്‍പാലും ഒഴിച്ചു. റോഡ്‌റോളറുകള്‍ നിരങ്ങി.

    ഉത്സവം എങ്ങനെ വീര്‍പ്പിക്കണമെന്ന് സുരേഷ്മാഷ്‌ക്ക് പറഞ്ഞുകൊടുക്കാനും ഒപ്പം കൂടി വീര്‍പ്പിക്കാനും പഴുപ്പ് മൂത്ത് താഴെ വീണ വരിക്കച്ചക്കയിലേക്ക് മണിയനീച്ച കണക്കെ കാര്യക്കാരുടെ ഒഴുക്കു തുടങ്ങി.

  എല്ലാ കൊല്ലോം കച്ചോടത്തിന് വരുന്ന പൊരി-മുറുക്ക്-ബലൂണ്‍ കച്ചോടക്കാര് വെര്‍തേ നാല് കമ്പും നാട്ടി ഒരു ടാര്‍ പായേം വിരിച്ച് ഇത്തവണത്തെ ഉത്സവം 'ലോക്കലാ'ക്കേണ്ട-പുത്യേ ഷോപ്പിംഗ് കോമ്പ്ലക്സ് വര്ത്താംന്നേ നമുക്ക്‍. കോതേരിക്കാവ് ഷോപ്പിംഗ്‌ മാള്‍ . ഓസിന് കച്ചോടം നടത്തി കായിണ്ടാക്ക്‍ണ പരിപാടി ഇനി  മുതല്‍ വേണ്ട, അത്രന്നെ. നമ്മളേയെല്ലാം വേണ്ടാംവണ്ണം ഒന്നു വന്നു കാണാന്‍ കഴിയുന്നോറ്ക്ക്‍ വേണെങ്കില്‍ കോംപ്ലക്സില്‍ ഓരോ മുറി കൊടുക്കാം. ഉത്സവം കോര്‍പ്പറേറ്റ് സ്റ്റൈലിലാവ്വേം ചെയ്യും, പശൂന്റെ ചെള്ള്കടി മാറേം ചെയ്യും, ഏത്?

       സുകുമാരന്‍ കണ്‍ട്രാക്ടര്‍ ആമപ്പൊറ്റേല്‍ പുതിയ ഓഫീസ് തൊറന്നു. ഉദ്ഘാടനം തന്റെ എല്ലാ ഐശ്വര്യത്തിനും നിദാനമായ സുരേഷ്‌മാഷ് തന്നെ വേണംന്ന് സുകുമാരന്‍ നിര്‍ബ്ബന്ധം പിടിച്ചു.  സുകു ബില്‍ഡേഴ്‌സ്‌ & ഡെവലപ്പേഴ്‌സ് ഉദ്ഘാടനം ചെയ്യപ്പെട്ടു. സുരേഷ്മാഷിന്റെ വീടിന്റെ മുന്നില്‍ ഒരു ഫോര്‍ റെജിസ്‌ട്രേഷന്‍ ഇന്നോവ കാറും ഗജന്‍ ഗവയന്‍ ഗവാക്ഷന്‍ നീലന്‍ കണക്കേ നാലു പൊളപ്പന്‍ പള്‍സറും നിരന്നു. മുറ്റം നിറഞ്ഞു, ശ്രീമതിച്ചേച്ചിയുടെ മനസ്സും.

  ഉത്സവത്തിന് നാളടുക്കാന്‍ തുടങ്ങി.എന്തൊക്കെ പരിപാടികള്‍ വേണം എന്ന് ആലോചന തുടങ്ങി.
  ഉത്സവത്തിന്റെ ഉദ്ഘാടനത്തിന് നാടകം കളിക്കാന്‍ ഉര്‍വ്വശി നൃത്തകലാലയത്തിന് ഓര്‍ഡര്‍ കൊടുക്കുമ്പോ സുരേഷ്‌മാഷ് ഡാന്‍സ് പഠിപ്പിക്കുന്ന ശാന്തട്ടീച്ചറെ നോക്കി ഒന്നു ചിരിച്ചു.

  നാടകത്തിന് പാട്ടു ട്യൂണ്‍ ചെയ്യാന്‍ അമ്പതു നാടകത്തിന് അടുപ്പിച്ച് അവാര്‍ഡ് വാങ്ങിയ അദ്രുമാന്‍കുട്ടിയെ ഏല്‍പ്പിച്ചു. ഒരു മതസൌഹാര്‍ദ്ദ ഉത്സവാണല്ലോ വരാന്‍ പോണ് എന്നും അദ്രുമാന്‍കുട്ടി ഫ്രീയായി പാട്ടുണ്ടാക്കിക്കൊടുക്കുമായിരിക്കും എന്നും എല്ലാവരും കരുതി.അദ്രുമാന്‍കുട്ടിക്ക് സുരേഷ്മാഷ് അഞ്ചു ലക്ഷം രൂപയുടെ ബില്ലെഴുതി. പത്തു കൊല്ലം പാട്യാലും കിട്ടൂലല്ലോ പടച്ചോനേ ഇത്രേം എന്ന് നെടുവീര്‍പ്പിട്ട് ബില്ലിനൊപ്പം അദ്രുമാന്‍കുട്ടി നീട്ടിയ കയ്യിലെക്ക് സുരേഷ്മാഷ് ഒരു മൂന്നു ലക്ഷം രൂപ കൊടുത്ത് ഒന്നു ഷെയ്‌ക്ക്‍ഹാന്‍ഡ് ചെയ്തു. ബാക്കി രണ്ടു ലക്ഷം ബില്ലെഴുതാന്‍ ചെലവായിക്കാണും എന്ന് അദ്രുമാന്‍കുട്ടി കരുതിക്കാണും.

  റെക്കോഡ് ചെയ്ത പാട്ടുകേട്ട് ആമപ്പൊറ്റപ്രദേശത്തെ പട്ടികളെല്ലാം കഞ്ഞികുടി നിര്‍ത്തി സീരിയസ്സായി ഓലിയിടാന്‍ തുടങ്ങി.
 
  ഉത്സവം തുടങ്ങാന്‍ ഇനി 100, 90, 80,... 20,10 ദിവസങ്ങളെന്ന് ദിനംപ്രതി ബോര്‍ഡുകള്‍ നിലത്തുവീഴാന്‍ തുടങ്ങി. എഴുന്നള്ളത്തിന് സ്റ്റേജ് കെട്ടാന്‍ കുത്തിയ കുഴികളില്‍ ആമപ്പൊറ്റ പ്രദേശത്തേ കൊതുകുകളെല്ലാം കൂട്ടം കൂട്ടമായി വന്ന് മുറയ്ക്ക് മുട്ടയിടാന്‍ തുടങ്ങി.

  ഉത്സവം തൊടങ്ങാനുള്ളാ ദിവസം അടുക്കാറായിട്ടും ഒരുക്കങ്ങളൊന്നും തീരുന്ന മട്ടുകാണാത്ത കാരണം നാട്ടുകാരുടെ പരസ്പരമുള്ളാ കുശുകുശുക്കലുകള്‍ക്ക് ഒച്ച കൂടിക്കൂടി വന്നു.
  മോഹനേട്ടന്‍ നെഞ്ചത്ത് കൈവെച്ച് സുരേഷ്മാഷെ വിളിച്ചു- ' മാഷേ, ഇങ്ങളെ ഒരാളെ വിശ്വസിച്ചാ ഞാന്‍ ഇക്കണ്ട നടത്തിപ്പധികാരം ഇങ്ങക്ക് തീറെഴുത്യേ. ഇങ്ങള് പറ്റ്‌ക്ക്യോ? നാട്ട്‌കാര്ടെ ഒച്ചേം വിളീം അഴിമതീന്ന്ള്ള കൂക്കുവിളീം കാരണം ചെവിതല കേക്ക്‍ണില്ല്യ. ഇങ്ങള്‍ക്ക് ഉത്സവം നടത്താന്‍ വല്ല ഭാവോംണ്ടോ?'

  സുരേഷ്മാഷ്ക്ക് അത് കേട്ട്‌ട്ട് പെരുവിരലിന്റെ അറ്റത്ത്‌ന്നങ്ങട്ട് അരിച്ചുവന്നു. 'ന്റെ മോഹനേട്ടാ, ഇങ്ങക്ക് വിശ്വാസല്ല്യെങ്കീ ഇവ്‌ടെ എല്ലാരും മൊറവിളി കൂട്ട്‌ണപോലെ എന്നെ അങ്ങട്ട് പൊറത്താക്കിന്‍. ഒരു വല്ല്യേ ഉത്സവത്തിന് ദേശം ഏല്‍പ്പിച്ച ആളെ അഴിമതീന്ന് കേള്‍ക്കുംമ്പളത്തിനും പിടിച്ചു പൊറത്താക്ക്യാ ദേശം അങ്ങട്ട് നാറിക്കോട്ടെ, സ്പോണ്‍സര്‍ഷിപ്പ്കാരൊക്കെ സ്ഥലം വിട്ടോട്ടെ,അല്ലേ?"
  മോഹനേട്ടന്‍ ആകെ ആശയക്കൊഴപ്പത്തിലായി. എന്തായാലും വേവ്വോളം കാത്തില്ലേ, ഇനി ആറ്വോളം കാക്ക്വന്നെ. ഈ പഹയനെ ഇപ്പൊ മാറ്റ്യാലും കൊഴപ്പാ. തല്ക്കാലം അയാളന്നെ തൊടരട്ടെ.
  അങ്ങനെ സുരേഷ്മാഷ് വീര്‍പ്പിക്കല്‍ തുടര്‍ന്നു- ഉത്സവപുരോഗതിയെക്കുറിച്ചുള്ള ലൈവ് ചര്‍ച്ചകളുമായി ന്യൂസ്‌ചാനലുകള്‍ ഓടിക്കൊണ്ടിരുന്നു. കോതേരിക്കാവിലെ ഉത്സവമല്ല , വേണെങ്കി തിരുവമ്പാടിനെം പാറമേക്കാവിനേം വെല്ലുവിളിച്ച് തൃശ്ശൂര്‍പൂരം വരെ നടത്താന്‍ ഈ ഒരൊറ്റ ഉത്സവം നടത്തിപ്പിലൂടെ ആമപ്പൊറ്റ ദേശം കെല്‍പ്പുതെളിയിക്കുമെന്ന് 180W PMPO സ്പീക്കറുകള്‍ ചെവിപൊട്ടിച്ചു.

  ഒടുക്കം ഒരീസം ഒടുക്കത്തെ മഴേനെ പ്രാവി വെളുപ്പിച്ച് ഓലക്കുടയും ചൂടി ശാന്തിക്കെത്തിയ പൂജാരിയുടെ പൂണൂലിന്മേല്‍ കുടുങ്ങിക്കിടന്ന താക്കോല്‍കൂട്ടം നോക്കി കോതേരിക്കാവിലെ തേവര് ചിരിച്ചു. അമ്പലമുറ്റത്ത്‌ നാലുദിക്കിലും നാട്ടിയ മുളങ്കമ്പിലിരുന്ന് കാക്കക്കൂട്ടങ്ങള്‍ നേദ്യച്ചോറും കാത്ത് വാവിട്ട് നിലവിളിച്ചു.

5 comments:

 1. മനസ്സിലായി, ഇത് നമ്മടെ കാതോരിക്കാവിലെ കോമ്മണ്‍വെല്‍ത്ത് മഹാമഹത്തിന്റെ കഥയെല്ലേ ?????????? പക്ഷേ ഒടുക്കത്തേന്റെ മുമ്പത്തെ ഖണ്ഢികേന്ന് ഒടുക്കത്തേയ്ക്ക് ചാടിയത് മാത്രം പിടിച്ചില്ല. അതു വരെ നല്ല ഒന്നാന്തരായിട്ടുണ്ട്.

  ReplyDelete
 2. ആരാ ഇവിടെ തട്ടിപ്പോയത് ????
  മോഹനേട്ടണൊ അതോ സുരേഷ് മാഷോ ?
  അമ്പലത്തില്‍ ഉത്സവം നടന്നില്ല എന്നും ആരോ മരിച്ചു എന്നുമാണ് എനിക്ക് മനസ്സിലായത്.

  ReplyDelete
 3. ഞാന്‍ ഒന്നും പറയുന്നില്ലേ

  ReplyDelete
 4. @ഒഴാക്കന്‍:
  അതെന്താ അച്ചായോ ഒന്നും പറയാത്ത്?

  ReplyDelete