Saturday, 16 October 2010

ഫിആത്തിനും ജസ്റ്റീഷ്യക്കും റുആത്തിനും കെയ്ലത്തിനും സ്തുതി

Photo Attribute:Adapted by nkLgfx on CreativeCommons©FlickrUser:black vanilla
 ഒന്നാം ക്ലാസ്സില്‍ ഒപ്പം പഠിച്ചിരുന്ന, മൂക്കില്‍ നിന്നും പുറത്തേക്ക് വരുന്ന രണ്ടു പെന്‍സിലുകള്‍ വലിച്ചുമിറക്കിയും അഭ്യാസം കാണിക്കാറുള്ള ബഷീറിനു പെട്ടന്നൊരു ദിവസം നാലാം ക്ലാസ്സിലെ രെജിസ്റ്ററില്‍ മുജീബ് എന്ന പേരില്‍ 'കയറ്റം' കിട്ടിയത്...ഭൂമി ഉരുണ്ടതാണെന്നു പഠിപ്പിക്കാന്‍ കൊണ്ടുവന്ന ഗ്ലോബിലെ ആഫ്രിക്കയെപ്പോലെ ചെവിവലുതായ  കൃഷ്ണകുമാര്‍ മാഷ്ക്ക് ആറ്-A യിലെ, തൊന്തരവു സഹിക്കാതെ ടിസി കൊടുത്തു വിട്ട രാജനെ, ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലെ കരിയിലും ഗ്രീസിലും നിന്ന് പെറുക്കിയെടുത്ത് കഴുകി ക്ലാസ്സിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടിവന്നത്...അങ്ങനെ ഒരുപാടൊരുപാട് അത്ഭുതങ്ങള്‍ , ഒക്കെ  ഒരു കോമണ്‍ ക്രൂഷ്യല്‍ പ്രോബ്ലത്തിന്റെ ഭീകരമായ ആഫ്‌റ്റര്‍എഫക്ട്സാണെന്ന്  ഒരുപാട് കാലം കഴിഞ്ഞാണ് മനസ്സിലാക്കാന്‍ സാധിച്ചത്.
  എല്ലാ ഗവണ്‍മെന്റ്-എയിഡഡ് വിദ്യാലയങ്ങളിലും അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്ന് ആകെ കുട്ടികളുടെ എണ്ണം നിശ്ചയിക്കുന്ന ഒരു കലാപരിപാടി അരങ്ങേറാറുണ്ട്, "തലയെണ്ണല്‍ " എന്നാണ് അത് അറിയപ്പെടുന്നത് . ഗവ:ചട്ടപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള അധ്യാപക-വിദ്യാര്‍ഥി അനുപാതമുണ്ട്. ആകെ വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി, ഈ അനുപാതം വിഭാവനം ചെയ്യുന്നതിലും കുറവ് വിദ്യാര്‍ഥികളേ അവിടെ ഉള്ളൂവെങ്കില്‍ (ന്ന് വെച്ചാല്‍ ആവശ്യമുള്ളതില്‍ കൂടുതല്‍ അധ്യാപകര്‍ ഗവ‌ണ്‍മെന്റിന്റെ ശമ്പളം പറ്റി അവിടെ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ) അധികമുള്ള അധ്യാപകരില്‍ സീനിയോറിറ്റി കണക്കാക്കി പുതുതായി ചേര്‍ന്ന അധ്യാപകരെ ഒഴിവാക്കുന്ന ഒരു കാര്യപരിപാടിയും കൂടെ നടക്കും. 'ഡിവിഷന്‍ ഫാള്‍ ' എന്നാണ് അതിന്റെ പേര്. അഞ്ചും ആറും ലക്ഷം വാങ്ങി പുതുതായി സ്വന്തം ഇഷ്ടപ്രകാരം അധ്യാപകന്‍മാരെ നിയമിക്കുന്ന എയിഡഡ് സ്കൂള്‍ മാനേജര്‍മാരെ എല്ലായ്പ്പോഴും കുറേ വെള്ളം കുടിപ്പിക്കുന്ന പ്രക്രിയയാണിത്. ഗവ:സ്കൂളുകളില്‍ പുതിയതായി പി‌എസ്‌സി കിട്ടി വന്ന മാഷുമാരുടെയും ടീച്ചര്‍മാരുടെയും കഞ്ഞികുടി മുട്ടിക്കുന്നതും ഇതേ പ്രക്രിയയാണ്. അതായത്, മര്യാദക്കൊരു കണക്കെടുപ്പു നടന്നു പോയാല്‍ കുട്ടികളുടെ എണ്ണം കണക്കിലും കുറവാണെങ്കില്‍ കുറേ മാഷുമാരുടെ പണി പോവും, കുറേ മാനേജര്‍മാര്‍ക്ക് പണം പോവും. അതാണ് അതിന്റെ ഒരു സെറ്റപ്പ്. അതുകൊണ്ട് ഓരോ കണക്കെടുപ്പുകാലത്തും സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ ഗവ:സ്കൂളുകളില്‍ അധ്യാപകരും എയിഡഡ് സ്കൂളുകളില്‍ മാനേജര്‍മാരും കിണഞ്ഞു മെനെക്കെടും. എത്ര മെനെക്കെട്ടാലും എണ്ണം കുറവാണെങ്കില്‍ പണി/പണം പോവും.
  വിദ്യാഭ്യാസവകുപ്പു നിശ്ചയിക്കുന്ന വകുപ്പുദ്യോഗസ്ഥരോ അധ്യാപകരോ ഒക്കെ ആണ് ഇത്രയും കാലം തലയെണ്ണലിന് സ്കൂളുകളില്‍ വന്നുകൊണ്ടിരുന്നത്. ആരോടും പ്രത്യേകിച്ച് ഒരു താല്‍പര്യവും കാണിക്കേണ്ടാത്തതുകൊണ്ടാവാം ഇവര്‍ കണക്കുകളുടെ കാര്യത്തില്‍ നിഷ്കര്‍ഷരായതും, കൃഷ്‌ണകുമാര്‍മാഷുമാര്‍ക്കും മാനേജര്‍മാര്‍ക്കുമൊക്കെ ഇങ്ങനെ കഷ്ടപ്പെടേണ്ടി വന്നതും, എന്നിട്ടും ഒരുപാടു ഡിവിഷന്‍ ഫാളുകള്‍ നിരന്തരമായി സംഭവിച്ചു കൊണ്ടിരുന്നതും. ഇനി എന്തായാലും ഇങ്ങനെ ഇവര്‍ക്കൊക്കെ കഷ്ടപ്പെടേണ്ടി വരുമെന്നു തോന്നുന്നില്ല.  ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം‌ കേരളത്തിലെ സ്കൂളുകളില്‍ തലയെണ്ണാന്‍ ഇനി മുതല്‍ വരാന്‍ പോകുന്നത് സത്യസന്ധതയുടെ കാര്യത്തിലും മുഖം നോക്കാതെ നടപടിയെടുക്കുന്ന കാര്യത്തിലും പേരു കേട്ട കേരളപോലീസാണ്.(ഈ കോടതിയെ സമ്മതിക്കണം! പറ്റുമെങ്കില്‍ ഇത്തവണ മുതല്‍ ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്കുകൂടി നോബെല്‍ സമ്മാനം നല്കുന്ന കാര്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി സ്വീഡിഷ് അക്കാദമിക്ക് ശുപാര്‍ശ നല്‍കണം!) .  മാഷ്മാര്‍ക്കും AEOമാര്‍‌ക്കും തലയെണ്ണലിന്റെ കാര്യത്തില്‍ കണക്കുതെറ്റുന്നു എന്നതല്ല, അത് ശരിയാം വിധം നടപ്പിലാക്കാന്‍ കയ്യും കണക്കുമില്ലാതെ പ്രശംസനേടേണ്ട പലപല കാര്യങ്ങള്‍ ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന പോലീസുകാര്‍ക്കല്ലാതെ മറ്റാര്‍ക്കുമാവില്ല എന്നതാണ് ഇതിന്റെ റ്റു-ബി-നോട്ടഡ് പോയന്റ്.
  KER നിലവില്‍ വന്നിട്ട് അമ്പത്തിരണ്ടു  കൊല്ലം കഴിഞ്ഞിട്ട് ഇപ്പോഴാണ് ബുദ്ധന് ബോധോദയം കിട്ടുന്നത്. തളിക്കുളം എസ്.എന്‍.വി.യു.പി.സ്കൂളില്‍ നടന്ന തലയെണ്ണലുമായി ബന്ധപ്പെട്ട് നടന്ന കുറച്ച് പ്രശ്നങ്ങളാണ് ഇപ്പോള്‍ ഇങ്ങനെ ഒരു വീണ്ടുവിചാരത്തിന് കോടതിയെ പ്രേരിപ്പിച്ചത്. പ്രസ്തുത സ്കൂള്‍ ഒരു എയിഡഡ് സ്കൂളാണ് (എന്നു വെച്ചാല്‍ അവിടെ അധ്യാപകരെ നിയമിക്കുന്നത് മാനേജ്മെന്റും ശമ്പളം കൊടുക്കുന്നത് സര്‍ക്കാരുമാണ് എന്നര്‍ത്ഥം). എല്ലാക്കൊല്ലവും അധ്യയനവര്‍ഷാരംഭത്തില്‍ നടക്കാറുള്ളതു പോലെ അവിടെ തലയെണ്ണല്‍ നടന്നു. എത്ര ഓടിനടന്നിട്ടും വിയര്‍പ്പൊഴുക്കിയിട്ടും എണ്ണമെടുക്കല്‍ ദിവസം 180 കുട്ടികളുടെ കുറവ്! പിന്നെ പറയേണ്ടല്ലോ,  മാനേജര്‍ക്കു മൂന്നു ഡിവിഷന്‍ നഷ്ടമായി. നഷ്ടപ്പെട്ട മൂന്ന്‍ ഡിവിഷന്‍ തിരിച്ചുപിടിക്കാന്‍ വേണ്ടി, ആദ്യം നടത്തിയ കണക്കെടുപ്പില്‍ അപാകതകളുണ്ട്, ഒന്നുകൂടെ കണക്കെടുക്കണം എന്നും പറഞ്ഞ് കീഴ്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചു. കോടതി, പോലീസ് അന്വേഷണത്തിനും റീകൌണ്ടിങ്ങിനും ഉത്തരവിട്ടു. പ്രത്യേകം പുറപ്പെടുവിച്ച ഗസറ്റിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് മാസം വീണ്ടും നടത്തപ്പെട്ട പോലീസിന്റെ അതിസൂക്ഷ്മവും പാളിച്ചകളില്ലാത്തതുമായ കണക്കെടുപ്പില്‍ ആകെ 78 കുട്ടികളേ കുറവുള്ളൂ! അതായത് കേരളവിദ്യാഭ്യാസവകുപ്പ് നിഷ്ഠൂരമായി ഒരു പാവം മാനേജ്മെന്റിന്റെ രണ്ടു ഡിവിഷന്‍ തട്ടിയെടുത്തിരിക്കുന്നു(എന്തൊരു ക്രൂരത!). വിദ്യാഭ്യാസവകുപ്പിന്റെ തികച്ചും അനാവശ്യമായ സര്‍ക്കാരിലേക്കുള്ള ഇത്തരം പണം ലാഭിക്കലുകളെ  'സുധീരവും കാര്യക്ഷമവുമായ' കണക്കെടുപ്പ് നടത്തി പൊളിച്ചെഴുതിയ കേരളാപോലീസിന്റെ ഈ ശൌര്യം കണ്ട് പുളകംകൊണ്ടാണ് ഇനി മുതല്‍ വിദ്യാലയങ്ങളിലെ കണക്കെടുപ്പിന് കാക്കിയെ നിയോഗിക്കാന്‍ ബഹു:ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്.
  ഇനിയിപ്പോ കാര്യങ്ങളൊക്കെ കുറച്ചുകൂടെ സുഗമമായിക്കൊള്ളും . കൃഷ്ണകുമാര്‍മാഷുമാര്‍ക്കും മാനേജരച്ചന്‍മാര്‍ക്കും കുട്ടികളേയും തപ്പി പാടത്തും തൊടിയിലും തെണ്ടേണ്ട കാര്യമുണ്ടാവില്ല. ഒന്നോ രണ്ടോ ഗാന്ധിത്തലകളില്‍ കണക്കുകള്‍ വളഞ്ഞു മടങ്ങിചുരുണ്ടുകൂടിക്കൊള്ളും.
  ഇച്ഛിച്ച പാലു കല്‍പ്പിച്ചരുളിയ ഹൈക്കോടതി ഉത്തരവിന് ഉപകാരസ്മരണാര്‍ഥം ഒഴുകുന്ന മാനേജ്മെന്റ്-വഴിപാടുകളുടെയും മാനേജ്മെന്റ്-നേര്‍ച്ചകളുടെയും അമിതമായ പ്രവാഹം കാരണം പൊറുതിമുട്ടി പറശ്ശിനിക്കടവു മുത്തപ്പനും ഗുരുവായൂരപ്പനും മാലിക്ക്ജാറത്തിലെ തങ്ങളും വേളാങ്കണ്ണിമാതാവും ഒക്കെക്കൂടെ പുതിയ ഇന്‍ജന്‍ക്ഷന്‍ സുപ്രീംകോടതിയില്‍ സ്യൂട്ട് ചെയ്യാന്‍ പോണൂ എന്നാണ് കേട്ടത്.    ഫിആത്തിനും ജസ്റ്റീഷ്യക്കും റുആത്തിനും കെയ്ലത്തിനും സ്തുതി, അല്ലാതെന്തു പറയാന്‍?

6 comments:

 1. Very apt and fast response. അഭിനന്ദനങ്ങള്‍ കുഞ്ഞൂട്ടാ..

  ReplyDelete
 2. നന്നായി കുഞ്ഞൂട്ടാ...

  "ഭൂമി ഉരുണ്ടതാണെന്നു പഠിപ്പിക്കാന്‍ കൊണ്ടുവന്ന ഗ്ലോബിലെ ആഫ്രിക്കയെപ്പോലെ ചെവിവലുതായ കൃഷ്ണകുമാര്‍ മാഷ് "

  പ്രയോഗം പിടിച്ചൂട്ടോ

  ReplyDelete
 3. @കാവ്യ:വല്ലാതെ കാത്തിരുന്നാല്‍ ചൂടാറും എന്നു തോന്നി. അതുകൊണ്ടാണ് ധൃതിപിടിച്ച് ഇന്നു തന്നെ പോസ്റ്റിട്ടത്.(ഞാന്‍ പോസ്റ്റിട്ടില്ലയിരുന്നുവെങ്കില്‍ എന്റെ ലക്ഷോപലക്ഷം ബ്ലോഗ്‌വായനക്കാര്‍ കാര്യമറിയാതെ ഇരുട്ടത്തിരിക്കേണ്ടി വന്നേനെ ;))

  @ഓലപ്പടക്കം:പ്രയോഗമല്ല, വാസ്തവമാണ്... ;)

  ReplyDelete
 4. ഇത്തരം ചടുല പ്രതികരണങ്ങള്‍ തുടരുക

  ReplyDelete
 5. "സ്തുതി, അല്ലാതെന്തു പറയാന്‍? " എന്റെ വകയും ഒരു സ്തുതി

  ReplyDelete
 6. പഴയ സ്മരണകളില്‍ കേരളത്തിലെ എല്ലാ എയിഡഡ് സ്കൂളില്‍ പഠിച്ച കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകും. അതില്‍ തുടങ്ങിയത് നന്നായി. നല്ല രീതിയില്‍ പറഞ്ഞു.
  'ഒയിലിച്ച' വളരെ നൊസ്റ്റാള്‍ജിക്കായ പേരാണ്. ഫോട്ടോഷോപ്പിലെ പരിപാടിയും ഇഷ്ടായി.

  ReplyDelete