Saturday, 23 October 2010

കൊലപാതകം

കവി,
നീ താണ്ടിയ കനല്‍പ്പാതകളത്രയും
വിജനമാവുന്നു.
നിന്റെ നിശ്വാസങ്ങളുടെ തീക്കാറ്റുകളേറ്റ്
വഴിയില്‍ കരിഞ്ഞ
ഇലകളും പൂക്കളും
ചരമകോളങ്ങളില്‍ പടം വരയ്ക്കുന്നു.

നിന്റെ ജിഹ്വാഞ്ചലങ്ങളില്‍
നുരഞ്ഞ പതപ്പുകള്‍
ഈണവും താളവും തെറ്റി
കുറിച്ചു വെക്കപ്പെടാന്‍
പുറങ്ങളന്വേഷിക്കുന്നു.
വിശപ്പടങ്ങാത്ത നിന്റെ പേനയുടെ
വിലാപങ്ങളില്‍ അഭിരമിച്ച്
കടലാസുതുണ്ടുകള്‍ വിപ്ലവം തേടുന്നു.

കവി,
നിന്റെ യാതനകളില്‍
തങ്ങിനിന്ന തണുപ്പില്‍
ചിതലരിക്കുന്നു.
നിന്റെ ലഹരികളില്‍ തുടിച്ച
നഖചിത്രങ്ങളിലെ കല്‍പ്രതിമകള്‍
നഗ്നരാക്കപ്പെടുന്നു.
നിന്റെ ധിക്കാരങ്ങളും നിഷേധങ്ങളും
വിയര്‍ത്തടിഞ്ഞുണ്ടായ ഉപ്പുമലകളില്‍
വിലാപപ്രക്ഷേപണം നടത്തി
വാര്‍ത്തകള്‍ വ്യഭിചരിക്കുന്നു.

എന്നിട്ട്,
നിന്നെ അവര്‍ വാഴ്‌ത്തപ്പെട്ടവനാക്കുന്നു.

കവി,
നീ മരിച്ചു കഴിഞ്ഞിട്ടും
അവരെപ്പോലെ ഞാനും
നിന്നെ കൊന്നുകൊണ്ടേയിരിക്കുന്നു.
ഫോട്ടോ കടപ്പാട് : DoolNews

8 comments:

  1. http://tinyurl.com/332cwod
    ഇവിടെ ഈ കവിത കണ്ടു.
    ശക്തമായ പ്രമേയം.
    കവിക്ക്‌ ആദരാഞ്ജലി.

    ReplyDelete
  2. @നത: ഈ പോസ്റ്റിട്ട് 2 ദിവസം അയ്യപ്പേട്ടനെപ്പോലെ തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ ഒയലിച്ച അനാഥമായി കിടന്നു. ഇപ്പൊ വായനക്കാരെ കിട്ടിയതില്‍ സന്തോഷം . ലിങ്ക് ഷെയര്‍ ചെയ്ത മനോജിന് നന്ദി..വന്നതിനും വായിച്ചഭിപ്രായം പറഞ്ഞതിനും നതയ്ക്കും നന്ദി.
    @കോനുമഠം: റ്റോംസണ്ണാ വായിച്ചു, കമന്റ്വേം ചെയ്തു..

    അയ്യപ്പേട്ടന്റെ ശവസംസ്കാരം വൈകിപ്പിച്ച സംസ്കാരമില്ലാത്തവരെക്കുറിച്ച്, അവരേതു പാര്‍ട്ടിയാണെങ്കിലും, ഒന്നേ പറയാനുള്ളൂ, മരിച്ചു കഴിഞ്ഞിട്ടും നിങ്ങള്‍ അവനെ കൊന്നുകൊണ്ടേയിരിക്കുന്നു.

    ReplyDelete
  3. വായിച്ചിരുന്നു. കമ്മന്റ് ചെയ്യാന്‍ പറ്റിയില്ലായിരുന്നു..കുഞ്ഞൂട്ടാ അഭിനന്ദനങ്ങള്‍ ..അഭിവാദ്യങ്ങള്‍

    ReplyDelete
  4. കവി അയ്യപ്പനെ പറ്റി ഒട്ടേറെ പറഞ്ഞു ബ്ലോഗുകളില്‍.. നന്നായി ഈ സമര്‍പ്പണം/

    ReplyDelete
  5. ‘മരിച്ചു കഴിഞ്ഞിട്ടും നിങ്ങള്‍ അവനെ കൊന്നുകൊണ്ടേയിരിക്കുന്നു..’
    അതെ അതു തന്നെയാണു കണ്ടതും..

    ReplyDelete
  6. @കാവ്യ,മനോരാജ്,റോസ്: അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി... അഭിവാദ്യങ്ങള്‍ !

    ReplyDelete
  7. കവിയെക്കുറിച്ചുള്ള, കവിയുടെ ദു:ഖം... മറ്റുള്ളവർക്കും പ്രയാസമുണ്ടാക്കുന്നൂ........ അഭിനന്ദനങ്ങൾ... തലക്കൽ ചന്തുവല്ലാത്ത ചന്തുനായർ ( പ്രവീണിന്റെ കമന്റിടലിൽ ‘ ഇങ്ങനെ ഒരു പേരിടൽ കർമ്മം കണ്ട് അതുകൊണ്ടാ...പിന്നെ ഞാനും ഒരു വിദ്യാർത്ഥിയാണേ...55 വയസ്സായെങ്കിലും ഞാനും ഇപ്പോഴും പടിപ്പുരയിൽ തന്നെയാ കുഞ്ഞേ)

    ReplyDelete