Sunday, 27 February 2011

ഒരു "കണ്‍ട്രി" കണ്ട നഗരം


ഡിസ്‌ക്ലെയിമറ്: ബൂലോഗത്തെ കോടാനുകോടി ബ്ലോഗന്മാരുടേം ബ്ലോഗികളുടേം തൊഴിലിടത്തെക്കുറിച്ച് പറയുന്നത് ഒരു വന്‍ റിസ്ക്കാണെന്നുള്ള ഉത്തമബോദ്ധ്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അവരേക്കാളും പരിചയവും ആധികാരികതയും ഈ നഗരത്തെക്കുറിച്ച് പറയുമ്പോ കുഞ്ഞൂട്ടന് ഉണ്ടാവില്ലെന്നുള്ളത് വെറും കൊച്ചുകുട്ടികള്‍ക്കുപോലും ഊഹിക്കാവുന്ന പച്ചപ്പരമാര്‍ത്ഥമാണ്. അതുകൊണ്ടു തന്നെ എന്റെ കോടാനുകോടി വായനക്കാര്‍ ടെക്ക്നിക്കല്‍ ഡീറ്റെയില്‍സിന്റെ നൂലാമാലകളും കൊണ്ട് അലുക്കുലുത്തുകളുണ്ടാക്കില്ലെന്നു വിശ്വസിക്കുന്നു...ഇത്, ഒരു കണ്‍ട്രിഫെലോ ആദ്യമായി നഗരം കണ്ടതിന്റെ ആവേശത്തള്ളിച്ചകള്‍ മാത്രമാവുന്നു...
  
 
  പുലര്‍ച്ചെ ആറുമണിക്ക് മഹാനഗരത്തിന്റെ മാറിടത്തിലേക്ക് കാലെടുത്തുവെച്ചു. ജീവിതത്തിലാദ്യമായി ഒരു മെട്രോനഗരം സ്പര്‍ശിക്കുന്നതുകൊണ്ടോ തണുപ്പുകൊണ്ടോ എന്തോ കാലുമുടലുമെല്ലാം ചെറുതായി വിറയ്ക്കാന്‍ തുടങ്ങുന്നുണ്ടായിരുന്നു.  തലയിലെ മങ്കിക്യാപ്പ് ഒന്നുകൂടി ചെവിമൂടുന്നുണ്ടെന്നുറപ്പുവരുത്തി, തണുപ്പുമാറ്റാന്‍ കൈരണ്ടും ഒന്നു കൂട്ടിത്തിരുമ്മി, ഒരു കോട്ടുവായ്ക്കു ശേഷം ചുറ്റുപാടേക്കൊക്കെ ഒന്നു കണ്ണുപായിച്ചു.
  നഗരത്തിലെ എന്റെ ആദ്യകാഴ്ച്ച ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു. ഇതുപോലെ വന്ന മറ്റൊരുബസ്സില്‍ നിന്നിറങ്ങിയ ഒരു ചേട്ടനും ചേച്ചിയും കൂടെ ഒരുമിച്ച് ഓരോ വലിയ സിഗററ്റ് വലിക്കുന്നു.