Sunday, 27 February 2011

ഒരു "കണ്‍ട്രി" കണ്ട നഗരം


ഡിസ്‌ക്ലെയിമറ്: ബൂലോഗത്തെ കോടാനുകോടി ബ്ലോഗന്മാരുടേം ബ്ലോഗികളുടേം തൊഴിലിടത്തെക്കുറിച്ച് പറയുന്നത് ഒരു വന്‍ റിസ്ക്കാണെന്നുള്ള ഉത്തമബോദ്ധ്യത്തിലാണ് ഈ കുറിപ്പെഴുതുന്നത്. അവരേക്കാളും പരിചയവും ആധികാരികതയും ഈ നഗരത്തെക്കുറിച്ച് പറയുമ്പോ കുഞ്ഞൂട്ടന് ഉണ്ടാവില്ലെന്നുള്ളത് വെറും കൊച്ചുകുട്ടികള്‍ക്കുപോലും ഊഹിക്കാവുന്ന പച്ചപ്പരമാര്‍ത്ഥമാണ്. അതുകൊണ്ടു തന്നെ എന്റെ കോടാനുകോടി വായനക്കാര്‍ ടെക്ക്നിക്കല്‍ ഡീറ്റെയില്‍സിന്റെ നൂലാമാലകളും കൊണ്ട് അലുക്കുലുത്തുകളുണ്ടാക്കില്ലെന്നു വിശ്വസിക്കുന്നു...ഇത്, ഒരു കണ്‍ട്രിഫെലോ ആദ്യമായി നഗരം കണ്ടതിന്റെ ആവേശത്തള്ളിച്ചകള്‍ മാത്രമാവുന്നു...
  
 
  പുലര്‍ച്ചെ ആറുമണിക്ക് മഹാനഗരത്തിന്റെ മാറിടത്തിലേക്ക് കാലെടുത്തുവെച്ചു. ജീവിതത്തിലാദ്യമായി ഒരു മെട്രോനഗരം സ്പര്‍ശിക്കുന്നതുകൊണ്ടോ തണുപ്പുകൊണ്ടോ എന്തോ കാലുമുടലുമെല്ലാം ചെറുതായി വിറയ്ക്കാന്‍ തുടങ്ങുന്നുണ്ടായിരുന്നു.  തലയിലെ മങ്കിക്യാപ്പ് ഒന്നുകൂടി ചെവിമൂടുന്നുണ്ടെന്നുറപ്പുവരുത്തി, തണുപ്പുമാറ്റാന്‍ കൈരണ്ടും ഒന്നു കൂട്ടിത്തിരുമ്മി, ഒരു കോട്ടുവായ്ക്കു ശേഷം ചുറ്റുപാടേക്കൊക്കെ ഒന്നു കണ്ണുപായിച്ചു.
  നഗരത്തിലെ എന്റെ ആദ്യകാഴ്ച്ച ജീവിതത്തിലൊരിക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു. ഇതുപോലെ വന്ന മറ്റൊരുബസ്സില്‍ നിന്നിറങ്ങിയ ഒരു ചേട്ടനും ചേച്ചിയും കൂടെ ഒരുമിച്ച് ഓരോ വലിയ സിഗററ്റ് വലിക്കുന്നു.

  ആ നേര്‍ത്ത മഞ്ഞിലേക്ക് പടര്‍ന്നുകയറിയ പുകച്ചുരുളുകളില്‍ ഞാന്‍ ഇതു വരെ കണ്ടിട്ടില്ലാത്ത, കണ്ടുകൂടാത്ത, നഗരത്തിന്റേതു മാത്രമായ ഒരുപാടു നിഗൂഢതകള്‍ അലിഞ്ഞുചേര്‍ന്നിരുന്നു.

  ജെസ്റ്റിക്ക് സ്റ്റാന്‍ഡ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡ്, ശിവാജിനഗര്‍ എന്നിങ്ങനെ ബാംഗളൂരില്‍ അവിടെയുമിവിടെയുമായി നിരവധി ബസ്സ്സ്റ്റാന്‍ഡുകളുണ്ട്. ഇതില്‍ മജെസ്റ്റിക്ക് സ്റ്റാന്‍ഡിനടുത്താണ് ഞങ്ങളിറങ്ങിയത്. പോവാനുള്ള സ്ഥലത്തേക്ക് വണ്ടികയറുന്നതിലേക്കായി ഞങ്ങള്‍ സ്റ്റാന്‍ഡിലേക്ക് നടക്കാന്‍ തീരുമാനിച്ചു. രണ്ടു റോഡുകള്‍ മുറിച്ചുകടക്കേണ്ടതായിട്ടുണ്ടായിരുന്നു. സമയം പുലര്‍ച്ചെ ആറരയാവുന്നതേ ഉള്ളൂ എങ്കിലും റോഡില്‍ ബസ്സുകളും ഓട്ടോറിക്ഷകളുമെല്ലാം സമയത്തെ പീക്ക് ടൈമാക്കുന്നുണ്ടായിരുന്നു. ആ നേരത്തുതന്നെ വിപ്രോ, ഇന്‍ഫോസിസ്,‌ ആക്സെഞ്ചര്‍ എന്നൊക്കെ സ്ക്രോള്‍ ചെയ്യുന്ന അടിപൊളിബസ്സുകള്‍ അറവുമാടുകളെയും കൊണ്ട് ശാലകളിലേക്ക് പ്രയാണം നടത്തുന്നത് കാണാമായിരുന്നു.
  അത്രേം തിരക്കുള്ള ആ റോഡുകള്‍ എങ്ങനെയാണ് ക്രോസ്സുചെയ്തുകിട്ടിയത് എന്ന് ഞങ്ങള്‍ക്ക് ഒരോര്‍മ്മയുമില്ലെങ്കിലും അപ്പോള്‍ ആ റോഡിലൂടെ വണ്ടിയോടിച്ചിരുന്ന സകലമാന ഡ്രൈവര്‍മാര്‍ക്കും നന്നായി ഓ‌ര്‍മ്മ കാണും. കാസര്‍ഗോഡ് പഴേബസ്‌സ്റ്റാന്‍ഡില്‍ നിന്നു ജില്ലാസ്പത്രിയിലേക്ക് റോഡുമുറിച്ചു കടക്കുന്ന ലാഘവത്തോടെയാണ് പെട്ടിയും വട്ടിയും കൂടയുമൊക്കെയായി ഞങ്ങള്‍ ആറംഗസംഘം ആ സംഭവം 'ക്രോസ്സ്' ചെയ്തെടുത്തത്. എന്തായാലും ആ ഒരു ഇന്‍സിഡന്റോടെ ഇവിടത്തെ ഡ്രൈവര്‍മാര്‍ക്കൊക്കെ ഒന്നു തെറിവിളിക്കാന്‍ പോലും സാധിക്കാത്ത തിരക്കാണെന്നു മനസ്സിലായി.
  മജെസ്റ്റിക്കിലേക്ക് പോവുമ്പോ ഒരു വല്ല്യനഗരത്തിലെ സ്റ്റാന്‍ഡല്ലേ, അത്യാവശ്യം നല്ല വലിപ്പം കാണും എന്നൊക്കെ ഒരു ധാരണ മനസ്സിലുണ്ടായിരുന്നെങ്കിലും അത്രേം പ്രതീക്ഷിച്ചിരുന്നില്ല. അന്നേ വരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ബസ്സ്‌സ്റ്റാന്‍ഡായി കരുതിയിരുന്നത് കണ്ണൂര്‍ പുതിയസ്റ്റാന്‍ഡായിരുന്നു. അതൊക്കെ വെറും ശിശു എന്നു തോന്നിപ്പോയി ഈ 'ജാലവിദ്യാ'സ്റ്റാന്‍ഡ് കണ്ടപ്പോള്‍ ‍. തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ ചെന്ന ഒരെഫക്റ്റ്. ചറപറാന്ന് നമ്പറുകളില്‍ പ്ലാറ്റ്ഫോമുകള്‍ . ട്രെയിനിലെ ബോഗികള്‍ പോലെ ഒന്നിനുപിറകില്‍ ഒന്നായി തൊട്ടുതൊട്ട് ബസ്സുകള്‍ വന്നു കൊണ്ടേയിരിക്കും. ബാംഗളൂര്‍ ദൂരവാണിനഗറിലുള്ള ITI-യിലേക്കാണ് ഞങ്ങള്‍ക്ക് പോവേണ്ടത്. ഇവിടെ മിക്കവാറും ബസ്സുകളിലെ നെയിം ബോര്‍ഡുകളിലും ഇപ്പോളും കന്നഡയാണ്. ചില പുതിയ ബസ്സുകളില്‍ സ്ക്രോളിംഗ് ആയി കുറച്ച് ഇംഗ്ലീഷിലെഴുതിയിട്ടുണ്ട്, അത്ര മാത്രം. പോകേണ്ട ബസ്സ് തിരിച്ചറിയാനുള്ള ഏക മാര്‍ഗ്ഗം ബസ്സ്നമ്പര്‍ മാത്രം.
  എപ്പടിടു ITIടു പോകടു എന്ന് വെള്ളമിറക്കിക്കൊണ്ടുനില്ക്കുമ്പോളേക്കും ഗ്രൂപ്പ് ലീഡറും കൂട്ടത്തിലെ ഒരേയൊരു കന്നഡ തെരിശുമായ മഹേഷ വിവരശേഖരണം നടത്തിവന്നു. ബസ്സ്നമ്പറും ഇറങ്ങാനുള്ള സ്ഥലവും മനസ്സിലാക്കി അങ്ങനെ ഒരു ബസ്സില്‍ കയറിപ്പറ്റി.


 ണ്ണൂര്‍ യൂണിവേഴ്സിറ്റി തലൈവന്‍മാര്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് കൂടി ബിടെക്ക് സിലബസ്സിന്റെ ഭാഗമാക്കിയതുകൊണ്ട്  ITIയില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗിനായാണ് ഞങ്ങള്‍ ബാംഗളൂരെത്തുന്നത്.
  ട്രെയിനിംഗ് അനുഭവങ്ങള്‍ ( രാവിലെ സ്വിച്ചിംഗ് അപ്ലയന്‍സസ് & പ്രൊഡക്ട്സ്, ഉച്ചക്ക് ഡിഫന്‍സ് ടെലിഫോണ്‍ എക്വിപ്പ്മെന്റ്സ്, വൈകീട്ട് പി.സി.ബി. മാനുഫാക്ച്ചറിംഗ് എന്നിങ്ങനെ തറ പറാ സ്റ്റൈലില്‍) പറഞ്ഞാല്‍ ബോറടിച്ചു പോവും. അതുകൊണ്ട് തല്ക്കാലത്തേക്ക് ITI ജനറല്‍ അനുഭവങ്ങള്‍/കാഴ്ച്ചപ്പാട് മാത്രം പരാമര്‍ശിക്കുന്നു.


   ITI എന്നത് Indian Telephone Industries എന്നതിന്റെ ചുരക്കപ്പേരാണ്. എപ്പോഴോ എവിടെയോ കേട്ടു എന്നതില്‍ക്കവിഞ്ഞ് മുന്‍ധാരണകളോ മുന്‍പരിചയങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ഗവ:/അണ്ടര്‍ടേക്കിംഗ് സ്ഥാപനം, അത്ര മാത്രം അറിയാം. പിന്നെ ഒരു ടെലികോം കമ്പനിയായതുകൊണ്ട് വല്ല ടവറോ ട്രാന്‍സ്മിഷനോ ആവും പണി എന്നും കരുതി. എല്ലാ വൈകുന്നേരങ്ങളിലും തിര്വോപ്ര അമ്പലത്തിന്റെ മുമ്പിലെ ആലിലേക്ക് ചറപറാന്ന് കാക്കേം പ്രാവുമൊക്കെ മത്സരിച്ച് ചേക്കേറുമ്പോലെ ഓഫീസര്‍മാരും അപ്പ്രന്റീസുകളും രാവിലെ 7:30 തൊട്ട് ഗേറ്റിനു മുന്നില്‍ തിരക്കും ട്രാഫിക്കുമുണ്ടാക്കും. ആയിരത്തില്‍പ്പരം എമ്പ്ലോയീസുള്ള വലിയൊരു വടവൃക്ഷമാണ് ITI. ജോലി ചെയ്യാന്‍ ഇത്ര ആത്മാര്‍ത്ഥതയോ എന്നു കരുതി നില്‍ക്കുന്നതിനിടെ ഓഫീസിലേക്ക് കയറുന്ന ഓരോ ആളുടേം കയ്യില്‍ പത്രക്കടലാസ്‌ ചുരുട്ടിപ്പിടിച്ചിരിക്കുന്നത് കണ്ട് ഞങ്ങള്‍ ഒരു മീഡിയം റേഞ്ചില്‍ അമ്പരന്നു. ഇവിടെ പത്രമോഫീസാണോ എന്നുപോലും തോന്നിപ്പോയി. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മൊത്തം ഇരിപ്പുവശം പിടികിട്ടി. ITIയില്‍ ഒരു ഫ്രഷ് റിക്രൂട്ട്മെന്റ് നടന്നിട്ട് 20 കൊല്ലത്തോളമായി. ന്ന് വെച്ചാല്‍ ഇപ്പൊ അവിടെയുള്ളവരിലധികവും ഒരു 50+ റേഞ്ചില് തൊണ്ടന്‍സ്. ബാക്കിയുള്ള ചെറുപ്പക്കാര്‍ ഒന്നോ രണ്ടോ കൊല്ലം കോണ്‍ട്രാക്ടില്‍ കയറുന്നവര്‍. ചുരുക്കം ചില നല്ല മനുഷ്യന്മാരൊഴികെ എല്ലാവര്‍ക്കും പണി രാവിലെത്തൊട്ട് മുമ്പിലെ കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്റ്റിന്റെ സോളിട്ടയര്‍ ഗെയിമോ ബ്രിഡ്ജോ കളിക്കല്‍. മുമ്പില്‍ കമ്പ്യൂട്ടറില്ലാത്തവര്‍ക്ക് രാവിലെ തൊട്ട് വൈകും വരെ പത്രപാരായണം. കേന്ദ്ര ഗവ: സ്കെയിലില്‍ ശമ്പളം, ഭക്ഷണം‌, താമസം..അവിടെയുള്ള മെഷീന്‍സെല്ലാം ഒരു മുപ്പതുകൊല്ലം പഴയ ടെക്നോളൊജിയുടെ പെരുമയില്‍ തപസ്സില്‍  ‍. എല്‍ ‍.സി.ഡി. മോണിറ്റര്‍ എന്ന് ഇതേ വരെ കേട്ടിട്ടു കൂടിയില്ലാത്ത എന്‍ഡോസള്‍ഫാന്‍ തലകളും പഴയ പവര്‍ഈറ്റേഴ്സ് പ്രൊസ്സസ്സര്‍ ശ്രേണിയുമായി കമ്പ്യൂട്ടറുകള്‍ നിര്‍വഹിക്കുന്ന വിവരവിപ്ലവം. ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ കൂടി ആസന്നമരണം വിഭാവനം ചെയ്യുകയല്ലാതെ എന്തു ചെയ്യാന്‍...
  ഇതുമായി പലപല ഐ.ടി.കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥ ഒന്നു താരതമ്യം ചെയ്തു നോക്കി നോക്കൂ. എന്നാണ് ഈ നശിച്ച ബ്യൂറോക്രസി നന്നാവുക?

 കെ ചിലവഴിച്ച എട്ടു ദിവസങ്ങളില്‍ വീണു കിട്ടിയ ഇടവേളകള്‍ കൊണ്ട് ബാംഗ്ലൂരില്‍ പോകാന്‍ കഴിയുന്ന ഒരുവിധം ടൂറിസ്റ്റ് സ്പോട്ടിലെല്ലാം പോയിത്തീര്‍ത്തു. Bangalore Metropolitan Transport Corp(BMTC)ന്റെ ബസ്സുകളാണ് ഇവിടത്തെ പ്രധാന ഗതാഗതമാര്‍ഗ്ഗം. ബസ്സില്‍ യാത്ര ചെയ്യാന്‍ മടിയുള്ളവര്‍ക്ക് ഓട്ടോറിക്ഷാഡ്രൈവര്‍മാരില്‍ നിന്നു വെട്ടുകത്തി പ്രയോഗം ഏല്‍ക്കാം. പലക്കാടും തിരുവനന്തപുരവുമാണ് ലോകത്തില്‍ യാത്രക്കാരെ ഏറ്റവും പിഴിയുന്ന ഓട്ടോക്കാരുള്ള സിറ്റിക‌ള്‍ എന്ന എന്റെ പ്രതീക്ഷയ്ക്ക് വിഘാതമായി ബാംഗ്ലൂര്‍ ശക്തമായ കോംപിറ്റീഷനുമായി മുന്നിലെത്തി. ഇവര്‍ക്കൊക്കെ എങ്ങനെ യാത്രക്കാരോടു സൌഹാര്‍ദ്ദപൂര്‍വ്വം പെരുമാറണമെന്ന് കോഴിക്കോട്ടെ ഓട്ടോക്കാര്‍ ഒരു നല്ല കോച്ചിംഗ് അടിയന്തിരമായി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നുന്നു. BMTC ബസ്സുകളില്‍ ഡെയ്‌ലിപാസ്സ് എന്നൊരു സമ്പ്രദായമുണ്ട്. 40 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ ഒരു ദിവസം മുഴുവനും നഗരത്തില്‍ എവിടെ വേണമെങ്കിലും വോള്‍വോയൊഴിച്ച് ഏതു ബസ്സില്‍ വേണെങ്കിലും യാത്ര ചെയ്യാം. 13 കി.മി. യാത്ര ചെയ്യാനെടുക്കുന്ന ശരാശരി സമയം ഒരു മണിക്കൂറാണ്. അത്രയ്ക്കുണ്ട് ഗതാഗതക്കുരുക്കുകളും ട്രാഫിക്ക്സിഗ്നലുകളും. എല്ലാ ബസ്സുകളിലും കൌതുകമായി ആകര്‍ഷിച്ച ഒരു ഘടകം ഓട്ടോമാറ്റിക് ഡോറുകളാണ്. കേരളത്തിലെ ബസ്സ് ഡോറുകള്‍ അട്യ്ക്കാനും തുറക്കാനുമായി ബസ്സുകളിലെ ഡോറില്‍ ജീവിച്ചുവരുന്ന കിളികള്‍ എന്ന ജീവിവര്‍ഗ്ഗത്തിന് ബാംഗ്ലൂര്‍ ബസ്സുകളില്‍ യാതൊരു സ്കോപ്പും ഇല്ലാതാവുന്നു.
വോള്‍വോബസ്സിലെ യാത്ര ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. ആ സിറ്റിയില്‍ ഏറ്റാവും വേഗത്തിലോടുന്ന ബസ്സ് വോള്‍വോയുടേതാണ്. നാലു തട്ടുകളിലായി സീറ്റുകള്‍. ലോവസ്റ്റ് ഫ്ളോറില്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ ഒരു മുങ്ങിക്കപ്പല്‍ ഇഫക്ട്. ഇടയിലെ രണ്ടു തട്ടുകള്‍ നോര്‍മല്‍ എഫക്ട്. ഏറ്റവും മുകളിലെ തട്ടില്‍ ഇരിക്കുമ്പോള്‍ ഒരു സ്റ്റേജിലിരിക്കുന്നതായി തോന്നും. ഓരോ സീറ്റിനും ഓരോ ഏ.സി. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും സ്പെഷ്യല്‍ വെള്ള യൂണിഫോം. ഓരോ സ്റ്റോപ്പിന്റെ വിവരങ്ങളും ബസ്സിനുള്ളിലെ LCD സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കും. ഫെയറൊഴിച്ച് ബസ്സിന്റെ ബാക്കിയെല്ലാ സവിശേഷതകളും നന്നായി ബോധിച്ചു. സിറ്റിയിലെ യാത്രക്ക് ബസ്സുകളും പിന്നെ കാലുകളുമാണ് ഞങ്ങള്‍ പ്രധാനമായി ഉപയോഗിച്ചത്.യാത്രയിലുടനീളം സൂരജിന്റെ N8 മൊബൈല്‍ ഫോണിന്റെ GPS സംവിധാനം സമര്‍ത്ഥമായി ഉപയോഗിക്കപ്പെട്ടു. ഞങ്ങളും നാഗരികവല്‍ക്കരിക്കപ്പെടാന്‍ തുടങ്ങിയിരുന്നു.


  ബാംഗളൂരിന്റെ തിരക്കുകളിലേക്ക് ഞങ്ങളും പതുക്കെ അലിഞ്ഞു ചേരാന്‍ തുടങ്ങിയിരുന്നു.
നബിദിനത്തിനു ശരിക്കും ഒരു വലിയ പണികിട്ടി. പതിവുപോലെ ട്രെയിനിംഗ് കഴിഞ്ഞ് നഗരം ചുറ്റാനിറങ്ങിയതായിരുന്നു ഞങ്ങള്‍ . രാത്രി പത്തര കഴിഞ്ഞാല്‍ ITI ഹോസ്റ്റല്‍ പൂട്ടും. ഞങ്ങള്‍ പോയ സ്ഥലത്തുനിന്ന് അവിടേക്ക് നോര്‍മല്‍ ട്രാഫിക്കില്‍ ഒരു മണിക്കൂര്‍ യാത്രയുണ്ട്. നേരം 9 മണിയോടടുത്തിരുന്നു. രാത്രി തിരിച്ച് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ നോക്കുമ്പോളാണ് നബിദിനറാലി പൊട്ടിപ്പുറപ്പെടുന്നത്. എവിടെ നോക്കിയാലും ജാഥകളും ആള്‍ക്കാരും പാട്ടും ബഹളവും. ബാംഗളൂരില്‍ ഇത്രയധികം മുസ്ലീംങ്ങളോ എന്ന് അമ്പരപ്പെട്ടുപോയി. അത്രയ്ക്കും വലിയ റാലിയായിരുന്നു. പടക്കം പൊട്ടിക്കലും പടക്കത്തിനേക്കാള്‍ ഉച്ചത്തില്‍ പാട്ടുവെച്ച് ലോറിപ്പുറത്തേറി ആളുകളെഴുന്നള്ളത്തും. ഇസ്ലാമികവിശ്വാസപ്രകാരം നബിദിനം എന്നത് അങ്ങനെ ഒരു ആചാരമോ അനുഷ്ഠാനമോ അല്ലെന്നും മതപണ്ഠിതന്‍മാര്‍ക്ക് സുഭിക്ഷമായി ഭക്ഷണം കിട്ടുവാന്‍ പിന്നീട് ആരോ കൊണ്ടുവന്ന ഒരു കള്ളത്തരമാണെന്നുമൊക്കെ അഷറഫ് പറയാറുള്ളത് ഓര്‍ത്തു. നബിയുടെ പിറന്നാളാഘോഷിക്കല്‍ ശരിക്കും മതാചാര വിരുദ്ധമാണ് എന്നൊക്കെയാണ് അവന്‍ പറയാറ്. ഇവിടെ ഇത്രയും ഡെവലപ്പ്‌ഡ് ആയ ബാംഗളൂരില്‍ ഇത്രയും ഷോ-ഓഫ് കണ്ടപ്പോള്‍ ശരിക്കും അമ്പരന്നുപോയി. പിന്നീടാണ് മനസ്സിലായത് അത് മുഴുവന്‍ ബാംഗ്ലൂരിലെ ആള്‍ക്കാരല്ല, വലിയവലിയ ലോറികളില്‍ കയറ്റി കര്‍ണാടകത്തിന്റെ പലഭാഗത്തുനിന്നും ആളുകളെ കൊണ്ടുവന്നിരിക്കുകയാണ് എന്ന്. ഇതു ശരിക്കും ഷോ-ഓഫ് തന്നെ. ബി.ജെ.പിയും ആര്‍ .എസ്സ്.എസ്സും ശോഭായത്ര നടത്തി കൃഷ്ണാഷ്ടമിയാഘോഷിക്കുന്നതിനു ഒരു പകരത്തിനുപകരം യാത്ര. ബാംഗ്ലൂരില്‍ ആര്‍ക്കും ഒന്നു ചിന്തിക്കാന്‍ പോലും സമയമില്ല എന്നുള്ളതു നന്നായി. അതുകൊണ്ടുതന്നെ വര്‍‌‌ഗ്ഗീയത എത്ര കഷ്ടപ്പെട്ടലും തുനിഞ്ഞിറങ്ങിയാലും വേരുകളാഴ്ത്താന്‍ അശക്തമാണിവിടെ.  പ്രകടനപരമ്പരകളില്‍ നിന്നു രക്ഷപ്പെട്ട് ഇഴഞ്ഞിഴഞ്ഞ് ഹോസ്റ്റലിലെത്തുമ്പോളേക്കും മണി 11:30 കഴിഞ്ഞു. ശ്രീനഗര്‍ NITയില്‍ നിന്നും ഇതു പോലെ ട്രെയിനിംഗിനെത്തിയ സര്‍ദാര്‍ജ്ജിയുടെ റൂമിന് പിന്നിലേക്ക് ഹോസ്റ്റലിനു പിറകിലൂടെപോയി ജനലില്‍ കൊട്ടി വാതില്‍ തുറന്നുതരാന്‍ പറഞ്ഞു, ഭാഗ്യത്തിനു അവനു ഞങ്ങള്‍ പറഞ്ഞത് മനസ്സിലായി, ഞങ്ങള്‍ ഇന്‍.


  ബാംഗ്ലൂരില്‍ എവിടെയും മെട്രോറെയില്‍ പദ്ധതികളുമായി റോഡുകള്‍ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. മെട്രോറെയില്‍ വരുന്നതോടുകൂടി നഗരത്തിലെ ട്രാഫിക്ക് കുരുക്കുകള്‍ക്ക് വലിയൊരളവില്‍ പരിഹാരമുണ്ടാവും എന്നു തോന്നുന്നു. മെട്രോ റെയില്‍ പദ്ധതിക്ക് അവരിട്ട പേര് വല്ലാതെ ഇഷ്ടപ്പെട്ടു: "നമ്മ മെട്രോ"(നമ്മുടെ മെട്രോ). എന്തൊരു നല്ല പേര് അല്ലേ? അവരുടെ ഭാഷയും സംസ്കാരവും അവര്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നു. ബാംഗ്ലൂരിന്റെ ബെംഗലുരു എന്ന പേരുമാറ്റവും അതുതന്നെ. കേരളത്തിലോ മറ്റോ മെട്രോ വരണമായിരുന്നു. കൊച്ചിന്‍ മെട്രോ റെയില്‍ സര്‍വ്വീസ് എന്നല്ലാതെ മറ്റൊരു പേരും ആരും ആലോചിക്കാന്‍ പോലും സാധ്യതയില്ല.


  ര്‍ണാടകത്തില്‍ ‍,ബാംഗ്ലൂരില്‍  ‍, പ്രതിപക്ഷം എന്നൊരു വിഭാഗം ഉണ്ടോ ആവോ? എവിടെയും യദൂര്യപ്പ ചിരിച്ചു വിക്ടറിചിഹ്നത്തില്‍ കയ്യുമുയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന ബഹുവര്‍ണ്ണ ഫ്ലക്സുകള്‍ . എല്ലാ BMTC ബസ്സിന്റെ പിറകിലും കുഞ്ഞിനെ തലോടിയും പര്‍ദ്ദാധാരികള്‍ക്കും ചേലത്തലപ്പില്‍ മുഖം മറച്ചവര്‍ക്കും അരികൊടുത്തും അങ്ങനെ നൂറുനൂറ് പോസുകളില്‍ യദൂര്യപ്പ. ഏതു വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തുണിയഴിച്ചിട്ട് ശത്രുസംഹാരപൂജചെയ്യുന്ന, ആള്‍ദൈവങ്ങളുടെ കാല്‍ച്ചുവട്ടില്‍ തലയമര്‍ത്തി സായൂജ്യമടയുന്ന ഒരു പോഴന്‍ അന്ധവിശ്വാസി മുഖ്യമന്ത്രിയെ പച്ചക്ക് തിന്നാന്‍ കിട്ടിയിട്ട് ഈ പ്രതിപക്ഷമെന്താ ഇങ്ങനെ? ഇവിടെ പ്രതിപക്ഷം ജീവിക്കുന്നുണ്ടോ?
 
  ബാംഗളൂര്‍ പൂന്തോട്ടങ്ങളുടെ നഗരമാണെന്നാണല്ലോ പറയാറ്. ഇപ്പോള്‍ അത് കെട്ടിടങ്ങളുടെ നഗരമായിരിക്കുന്നു. ബാംഗളൂരിന്റെ ശ്വാസകോശങ്ങള്‍ എന്നറിയപ്പെടുന്ന ഉദ്യാനങ്ങളാണ് ലാല്‍ബാഗും കബ്ബണ്‍പാര്‍ക്കും. നഗരവികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുപാടു ഭാഗം വൃക്ഷങ്ങള്‍ കബ്ബണ്‍പാര്‍ക്കില്‍ നിന്നും ഇതിനോടകം തന്നെ മുറിച്ചുകളഞ്ഞിട്ടുണ്ട്. കബ്ബണ്‍പാര്‍ക്കില്‍ നിന്നും ഹൈക്കോടതിക്കൊരു പാര്‍ക്കിംഗ് ലോട്ട് ഉണ്ടാക്കാന്‍ വേണ്ടി സ്ഥലമെടുക്കാന്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കിയത് കഴിഞ്ഞ ആഴ്ചയാണ്. ഈ തീരുമാനത്തിനെതിരെ ഒരു കോടതിവിധിപോലും ഉണ്ടാവാന്‍ പ്രയാസമാണ്. എവിടെ നോക്കിയാലും ഫ്ലാറ്റുകളും വലിയ ഷോപ്പിംഗ് മാളുകളും ഓഫീസുകളും കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുന്ന ഈ സിറ്റിയില്‍ പത്തും ഇരുപതും നിലകളില്‍ തിങ്ങിത്തിങ്ങിയുയരുന്ന കെട്ടിടങ്ങളെ നോക്കി ഈ മനുഷ്യരെല്ലാം ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയാല്‍ ഇവര്‍ക്കൊക്കെ ഓക്സിജന്‍ എവിടുന്നു കിട്ടും എന്ന് ഒരുപാടു തവണ ആലോചിച്ചു നോക്കിയിട്ടുണ്ട്. അപ്പോള്‍ ഉള്ള പച്ചപ്പുകൂടി അറുത്തുമാറ്റാന്‍ തുടങ്ങിയാലോ?

   വിടെ ബാംഗ്ലൂരില്‍ ഭൂമിയില്‍ മാത്രമല്ല മനുഷ്യമനസ്സുകളിലും പച്ചപ്പില്ല എന്നു തെളിയിച്ച ഒരനുഭവവുമുണ്ടായി. ഒരു ദിവസം വൈകുന്നേരം ബസ്സില്‍ യാത്രചെയ്യുന്നതിനിടെ കണ്ട കാഴ്ചയാണ്. ഒരു ട്രാഫിക്ക് ബ്ലോക്കിലെ മറ്റൊരു കൈവഴിയില്‍ ഒരു ആക്സിഡന്റ് സംഭവിച്ച് ഒരു ബൈക്കിലെ യാത്രക്കാരന്‍ റോഡില്‍ വീണു. ഇതു കണ്ട് തൊട്ടു പിന്നിലെ കാറില്‍ നിന്നും രണ്ടു ചെറുപ്പക്കാര്‍ ഓടി വന്നു. ഹാവൂ സിറ്റിയിലും നല്ല മനുഷ്യരുണ്ടല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോഴേക്കും  ഞെട്ടിപ്പിച്ചുകൊണ്ട് ആ ബൈക്ക് യാത്രക്കാരനെയും അയാളുടെ ബൈക്കിനെയും റോഡിന്റെ ഒരരുകിലേക്ക് മാറ്റിക്കിടത്തിയിട്ട് തങ്ങള്‍ക്കു പോവാന്‍ വഴിയുണ്ടാക്കി രണ്ടുപേരും കാറില്‍ കയറി ഓടിച്ചുപോയി. പിന്നീട് കുറച്ചുസമയം കഴിഞ്ഞാണ് ആളുകള്‍ ഓടിക്കൂടുന്നതും അയാളെ ഹോസ്‌പിറ്റലിലേക്കെത്തിക്കാന്‍ നോക്കുന്നതും.


    ഇങ്ങനെയിങ്ങനെ ഒരുപാടൊരുപാടു കാഴ്ചകളും അനുഭവങ്ങളും നല്‍കി  മഹാനഗരം 8 ദിവസം മുന്നിലൂടെ കടന്നുപോയി. 24നു രാത്രി ഷൊറണൂര്‍ക്ക് ട്രെയിന്‍ കയറാനായി പ്ലാറ്റ്ഫോം പോലും കെട്ടാത്ത ദുരിതപൂര്‍ണ്ണമായ ബാനസ്‌വാഡി സ്റ്റേഷനില്‍ ഒരുപാടൊരുപാട് മലയാളികളുടെ ഒപ്പം  യശ്വന്ത്പൂര്‍ എക്സ്പ്രസ്സും കാത്ത് നില്ക്കുമ്പോള്‍ മനസ്സ് ശൂന്യമായിരുന്നു. ഒരുപാടുകണ്ടിട്ടും ഉള്ളിലൊന്നും നിറയാത്ത അവസ്ഥ. ഒരുപാടനുഭവിച്ചിട്ടും ഒന്നുമൊന്നും തികയാത്ത അവസ്ഥ. ഒടുക്കം ഒരു 'കണ്‍ട്രിഫെലോ' കൂടെ ഈ നഗരത്തോടു വിട പറയുന്നു. ഒരേസമയം  ഉള്ളില്‍ അതിന്റെ സൌകര്യങ്ങളെ സ്നേഹിച്ചും അതിന്റെ വൃത്തികേടുകളില്‍ പരിതപിച്ചും ഞാന്‍ നഗരം വിടുന്നു. ബാംഗളൂര്‍ , ഞാന്‍ നിന്നെ ഒരേ സമയം ഇഷ്ടപ്പെടുകയും അതുപോലെ വെറുക്കുകയും ചെയ്യുന്നു. മഹാനഗരമേ, വിട.
പടം പിടുത്തം: തിരഞ്ഞെടുത്ത ഫോട്ടോ : വെങ്കിടപ്പ ആര്‍ട്ട്ഗ്യാലറിയില്‍ ഒരുച്ചയൂണ്‍

5 comments:

 1. സാഹിത്യപരമായി പെട്ടന്നുള്ള ഒരു തട്ടിക്കൂട്ടായാണ് തോന്നിയത് ( ഒരു പക്ഷേ ഞാന്‍ കൂടുതല്‍ പ്രതീക്ഷിച്ചത് കൊണ്ടാകാം ). പ്രത്യേകിച്ച് ആദ്യ പകുതി കുഞ്ഞൂട്ടന്റെ മറ്റു പോസ്റ്റുകളുടെ ഏഴയലത്ത് വരില്ല. എന്നാല്‍ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയപരവുമായ നിരീക്ഷണങ്ങള്‍ പ്രതിപാദിക്കുന്ന ഖണ്ഢികകള്‍ മനോഹരമായിട്ടുണ്ട്.

  ReplyDelete
 2. @ഓലപ്പടക്കം: ശരിയാണ്,ഒരര്‍ത്ഥത്തില്‍ തട്ടിക്കൂട്ടിയതുതന്നെയാണ്. കഴിഞ്ഞ പോസ്റ്റ് 'കൊലപാതകം' കഴിഞ്ഞ് കിട്ടിയ ജീവപര്യന്തത്തില്‍ നിന്നു പുറത്തു കടക്കാന്‍ ധൃതിപിടിച്ച് എഴുതിയതാണ്. ഇപ്പോള്‍ എഴുതിയില്ലെങ്കില്‍ പിന്നെ പറ്റില്ല എന്നതാണ് പ്രശ്നം. സെമിനാറും പ്രൊജക്റ്റും കോഴ്സ്‌വൈവയുമെല്ലാമായി അക്കാദമിക് പ്രാന്തുകളിലേക്ക് മുഴുകുമ്മുമ്പേ ഒരെണ്ണം ഇടാന്‍ വേണ്ടി ഇട്ടു, അത്രമാത്രം..

  ReplyDelete
 3. വായനക്കാരെ പിടിച്ചിരുത്തുന്ന ഒയലിച്ച ഇഫക്ട് ഉണ്ടായില്ല എന്നത് സത്യം.എങ്കിലും ചില നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഒക്കെ പോസ്ടിനെ മനോഹരമായിട്ടുണ്ട്.
  ഒഴിവാക്കാനാവാത്ത അക്കഡമിക് തിരക്കുകള്‍ ഒയലിച്ചയെ ബാധിക്കാതിരിക്കട്ടെ.

  ReplyDelete
 4. ഒരൊറ്റയോട്ടത്തിന് പാഞ്ഞു നടന്ന് ബാംഗളൂര്‍ കണ്ട പോലൊരു പ്രതീതി.ആ ബൈക്ക് യാത്രികന്‍ ആക്സിഡന്റ് സംഭവമാണ് വല്ലാതെ ഞെട്ടിച്ചത്.അതൊന്നും ഇക്കാലത്ത് ഒരു അത്ഭുതമേ അല്ലെങ്കില്‍ പോലും..

  പിന്നെ ചുവപ്പ് പടമെവിടെ? എന്ന് ഊണിലുമുറക്കത്തിലും ചിന്തിച്ചോണ്ട് നടക്കുന്നയെനിക്ക് ആ ചുവപ്പ് പടം കണ്ട് മനസ്സ് നിറഞ്ഞു.:)

  ReplyDelete
 5. എല്ലാ മഹാനഗരങ്ങളിലെയും അവസ്ഥ ഇതൊക്കെ തന്നെ. നന്നായി എഴുതി.
  അഭിനന്ദനങ്ങൾ :)

  ReplyDelete