Tuesday, 26 April 2011

ഉറുമ്പുജാഥ

  എന്റെ വീട്ടില്‍ ഞാന്‍ പേര്‍ത്തും ലാളിച്ചും വളര്‍ത്തിയ ഒരു തത്തമ്മ ഉണ്ടായിരുന്നു. കൂട്ടില്‍ പോലുമിടാതെ രാവിലെ പാലും പഴവും ഉച്ചയ്ക്ക് ഈന്തപ്പഴവും മുന്തിരിജ്യൂസും വൈകീട്ട് ചായയും ബിസ്ക്കറ്റും കൊടുത്ത് അരുമയായി ഞാന്‍ അതിനെ വളര്‍ത്തിപ്പോന്നു. കൂട്ടിലിടാറില്ലെങ്കിലും ഭക്ഷണം കൊടുക്കാനും തൂങ്ങിയാടാനുമുറങ്ങാനും തത്തമ്മയ്ക്ക് സ്വര്‍ണ്ണച്ചങ്ങലകൊണ്ടൊരു ഊഞ്ഞാലും ഞാന്‍ കെട്ടിക്കൊടുത്തിരുന്നു. ഉമ്മറത്ത് പരിചയമില്ലാത്ത ആള്‍ക്കാര്‍ വരുമ്പോള്‍ എന്നെ വിളിച്ചു വരുത്താന്‍ വേണ്ടി ഞാന്‍ അതിനു നമ്മുടെ ഭാഷയും പഠിപ്പിച്ചു കൊടുത്തിരുന്നു. കാതിനിമ്പമുള്ള സ്വരത്തില്‍ കിളിക്കൊഞ്ചലുകള്‍ ഉരുവിട്ട് അതെന്നെ കൂടെക്കൂടെ ആനന്ദിപ്പിക്കാറുണ്ടായിരുന്നു. ഞാന്‍ പഠിപ്പിച്ചു കൊടുത്ത വാക്യങ്ങളെല്ലാം തെറ്റാതെ ഉരുവിടുന്ന എന്റെ തത്തമ്മയെക്കാണുമ്പോള്‍ ഒരു റിംഗ്‌മാസ്റ്റര്‍ സര്‍ക്കസ്‌ കൂടാരത്തില്‍ അനുഭവിക്കുന്ന ആത്മസംതൃപ്തി ഞാന്‍ കൈവരിക്കാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ തത്തമ്മയെ എനിക്ക് ജീവനായിരുന്നു.

  ഞങ്ങളും ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ വായിച്ചിട്ടുണ്ടെന്ന് അഭിമാനം കൊള്ളുന്ന ചെറിയ തിളങ്ങുന്ന കണ്ണുകളും മെലിഞ്ഞതെങ്കിലും ചെമ്പിച്ച് സുന്ദരമായ ഉടലും കറുത്ത് കൊലുന്നനെയുള്ള കാലുകളുമായി ഒരു ഉറുമ്പിന്‍പറ്റവും എന്റെ വീടിന്റെ ഉമ്മറക്കോലായില്‍ ജീവിച്ചുപോന്നിരുന്നു.
സ്വര്‍ണ്ണച്ചങ്ങലയില്‍ അഹങ്കാരത്തോടെയിരുന്നു ഞാലിപ്പൂവന്‍പഴം കൊത്തുന്ന തത്തമ്മയുടെനേര്‍ക്ക് കൂടെക്കൂടെ ഉറുമ്പുകള്‍ സൌഹാര്‍ദ്ദപൂര്‍ണ്ണമായ നോട്ടമയക്കാറുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ പഴത്തിന്റെ മധുരം തേടി ചങ്ങലയില്‍ വലിഞ്ഞുകയറിയ ഉറുമ്പിന്‍പറ്റത്തിലെ ഒരു തെമ്മാടിച്ചെക്കനെ കൊത്തിയറുത്തത് മുതലാണ് ഉറുമ്പുകള്‍ തത്തമ്മയെ പേടിയോടെ നോക്കാന്‍ തുടങ്ങിയത്.

  അന്നു വൈകുന്നേരം പതിവുപോലെ ബിസ്കറ്റുകഷണങ്ങള്‍ പൊട്ടിച്ച് കൊടുക്കുന്നടിനിടയില്‍ തത്തമ്മ എന്നോട് ഉറുമ്പുകളുടെ ശല്ല്യത്തെക്കുറിച്ച് പരാതിപറയാനാരംഭിച്ചു. ഞാനും അവറ്റകളെ കൊണ്ട് പൊറുതിമുട്ടിത്തുടങ്ങിയ സമയമായിരുന്നു അത്. എന്റെ ബുക്ക്ഷെല്‍ഫ് മുതല്‍ മിഠായിഭരണി വരെ അന്നംതേടലിന്റെ അധിനിവേശം നടത്തിയും ഉമ്മറക്കോലായിലെ ഉച്ചയുറക്കങ്ങളില്‍ പുറത്തും കവിളിലും കടിച്ച് ഉറക്കം തടസ്സപ്പെടുത്തിയും അവ എന്നെ പൊറുതിമുട്ടിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. പിറ്റേന്നു  ചന്തയില്‍ നിന്ന് ഏറ്റവും മുന്തിയ ഉറുമ്പുപൊടിയുടെ മൂന്നു വലിയപാക്കറ്റുമായാണ് ഞാന്‍ വീട്ടിലെത്തിയത്. ബുക്ക് ഷെല്‍ഫിലിട്ട ആദ്യപൊടിപ്പാക്കറ്റ് അപ്പോള്‍ത്തന്നെ ഗുണം കാണിച്ചു. മഹത്മാഗാന്ധിയുടെ സത്യാന്വേഷണപരീക്ഷണങ്ങളുടെ പേജുകളില്‍ നിന്നും നെഹ്‌റുവിന്റെ ഇന്ത്യയേക്കണ്ടെത്തലില്‍ നിന്നും എന്നു വേണ്ട അടുക്കിവെച്ച പുസ്തകക്കൂട്ടത്തിലോരോന്നില്‍ നിന്നും നെഞ്ചുപൊള്ളി നാവു നീട്ടി പുറത്തുചാടി തല വിങ്ങി കുഞ്ഞുകുഞ്ഞു ഉറുമ്പുകള്‍ ഇല്ലാതാവാന്‍ തുടങ്ങി. ബാക്കി ഇനി നാളെയെന്ന് ഉറക്കെ പറഞ്ഞ് ഞാന്‍ സന്ധ്യാവന്ദനത്തിനു പോയി. അന്നു വൈകീട്ട് തത്തമ്മ  എനിക്ക് വക്ക വക്ക പാടിത്തന്നു. ഉമ്മറക്കോലായിലെ വിടവുകളില്‍ നിന്ന് പുറത്തേക്ക് തലനീട്ടി ഉറുമ്പിന്‍പറ്റങ്ങള്‍ അവര്‍ക്കു‌ വേണ്ടി എന്നോടു സംസാരിക്കാന്‍ അവര്‍ക്കുമാത്രം മനസ്സിലാവുന്ന ഭാഷയില്‍ തത്തമ്മയോട് അലമുറയിട്ടുകൊണ്ടിരുന്നു. പാട്ടു നിര്‍ത്തി ഒരു കണ്ണടച്ച് ഞങ്ങള്‍ക്കു മാത്രം മനസ്സിലാവുന്ന ഭാഷയില്‍ തത്തമ്മ എന്നോടു പറഞ്ഞു: "വെച്ചേക്കരുത്, ഒറ്റ എണ്ണത്തെപ്പോലും .."

  പിറ്റേന്നു  കാലത്ത് ഉണര്‍ന്നപ്പോ‌ള്‍ത്തന്നെ ഒരു വലിയ ഉറുമ്പിന്‍പുറ്റത്തിന്റെ നീണ്ടൊരു ജാഥ കണ്ട് കലിതുള്ളി ഉറുമ്പിന്‍പൊടിയുടെ പാക്കറ്റുമെടുത്തു ഞാന്‍ അതിന്റെ തുടക്കമന്വേഷിച്ചു പോയി.

  ഉമ്മറക്കോലായയില്‍ തത്തമ്മ ഉറുമ്പരിച്ചു കിടക്കുന്നു!

  അറിയാതെ ഞാന്‍ പെട്ടന്നൊന്ന് ഞെട്ടി. എന്റെ കാലിനുമേല്‍ക്കൂടി മുകളിലേക്കു കയറിവരികയാണ് ഉറുമ്പുജാഥ!

Friday, 1 April 2011

ഒരു പകലിന്റെ ഓര്‍മ്മയ്ക്ക്

ഴുക്കു തീണ്ടിയ കറുത്ത മാനത്തോട്
കലമ്പുകൂടി കത്തിച്ചു തീര്‍ത്ത
ചുവന്ന
ഒരു പകലുണ്ട്.

പൊടിയടര്‍ന്ന പനിക്കാലങ്ങളുടെ
ദുരിതഭാരം കട്ടപിടിച്ച  ശ്വാസകോശം
തണുപ്പു തിന്ന
ഒരു പുലരി.

ഒരുക്കിവെച്ച സ്വപ്നങ്ങളുടെ
നരച്ച വസ്ത്രങ്ങളിലേക്ക്
നിറം പാറ്റി ഉണക്കാനിട്ട
ഒരു വെയില്‍.

പിരിഞ്ഞുപോവാതെ പിടിച്ചുനിന്ന
നിഴലളവുകളുടെ കറുപ്പും തണുപ്പും
ചുരുണ്ടുചെറുതായി
കാല്‍ച്ചുവട്ടിലൊതുങ്ങിപ്പോയ
ഒരുച്ച.

തൂത്തുവെടിപ്പാക്കിയ മുറ്റത്തുനിന്ന്
ഇല്ലിത്തലപ്പുകള്‍ക്കപ്പുറത്തേക്ക് തലനീട്ടിയ
നാലുമണിപ്പൂക്കളെല്ലാം
കാലം തെറ്റാതെ പൂത്തുകായ്‌ച്ച
ഒരു സായാഹ്നം.

ഒടുക്കം,
കരിപിടിച്ച കാവുകളില്‍
കുടിയിരുത്തിയ കാമനകള്‍ക്ക്
വിളക്കുതെളിച്ച്
കനവുകളുടെ കാര്‍മേഘങ്ങള്‍ക്കപ്പുറത്തേക്ക്
അസ്തമനത്തിന്റെ
ഒരു സന്ധ്യ.