Tuesday, 31 May 2011

കടം

Photo Attribute: CreativeCommons©Flickruser:Kuchingboy

ഊര്‍ജ്ജതന്ത്രം ഉറക്കം തൂങ്ങുന്ന
ഉച്ചപ്പിരിയഡുകളില്‍
ഉസ്മാന്‍മാഷുടെ തുപ്പല്‍മഴകള്‍
മുന്‍ബഞ്ചുകളിലെ കോളനികളിലേക്ക്
ആക്രമണം നടത്തുമ്പോഴൊക്കെ
ക്ലാസ്സിന്റെ പിന്നില്‍
ഉണക്കാന്‍ നിവര്‍ത്തിയിട്ട
ശീലക്കുട തന്ന നിസ്സഹായതയെക്കുറിച്ചാണ്
ഞാന്‍ ആലോചിച്ചിരുന്നത്.

നനഞ്ഞുപിഞ്ഞിയ ജൂലൈമാസങ്ങളില്‍
മുട്ടിനു വെള്ളം കയറിയ ഇടവഴികളിലൂടെ
വീട്ടിലേക്ക് മടങ്ങുമ്പോഴൊക്കെ
ഒരു ചേമ്പിലയ്ക്കുകീഴില്‍
ഒരുമിച്ചു നനയാന്‍ പറ്റാതാക്കിയ
എന്റെയും നിന്റെയും പുള്ളിക്കുടകളോട്
കടുത്ത അമര്‍ഷം തോന്നാറുണ്ടായിരുന്നു.

കണക്കുബുക്ക് പ്രസവിച്ച കടലാസുതോണികള്‍ക്ക്
കര്‍ക്കിടകം വെട്ടിയ കപ്പല്‍ച്ചാലുകളിലൂടെ
നനഞ്ഞുമുങ്ങാതെ കടലുതാണ്ടാന്‍
കുടയും ചൂടി
പിന്നാലെ പോവേണ്ടിവന്നു,എനിക്ക്.

ഒടുക്കം ,
നനഞ്ഞുമുങ്ങാതെ
പുതിയ പ്ലാസ്റ്റിക്ക് കപ്പലുകള്‍ കടലിലിറക്കാനും
തലനനയാതെ ഊര്‍ജ്ജതന്ത്രം പഠിക്കാനും
ഇടവഴിവിട്ട് ടോള്‍ഹൈവേകളിലൂടെ
ബൈക്ക് പറത്താനും
ഒരു
റെയിന്‍കോട്ട് വാങ്ങിച്ചു.

എങ്കിലും!
തുണിപൊടിഞ്ഞ് തുളകള്‍ വീണിട്ടും,
തുരുമ്പുകമ്പികള്‍ തകര്‍ന്നൊടിഞ്ഞിട്ടും,
തുലാക്കോളുകളുടെ തഴമ്പുപൊട്ടിയ
മഴക്കുടകളെ എടുത്തുവെച്ചിട്ടുണ്ട്,

കലക്കുവെള്ളത്തില്‍ ഒലിച്ചിറങ്ങിപ്പോയ
പഴെമഴക്കാലം
കുട കടം ചോദിച്ച്
തിരിച്ചുവന്നെങ്കിലോ?

Friday, 27 May 2011

ശുണ്ഠിക്കിളികള്‍ അഥവാ....

  നിങ്ങള്‍ ഒരു പക്ഷിയാണെന്നു കരുതുക... നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു ലോകവും അവിടെ നിങ്ങളുടെ ഇണകളും കൂട്ടുകാരും കുഞ്ഞുകിളികളും വയസ്സന്‍കിളികളുമൊക്കെയായി നിങ്ങളുടേതായ ഒരു ജീവിതം കൊച്ചുകൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും വലിയ സന്തോഷങ്ങളും ചെറിയ വേദനകളുമായി സുഖകരമായി നയിച്ചു പോരുന്നു. കാലാകാലം ഇണചേര്‍ന്ന് മുട്ടകളിടുകയും പുതിയ പ്രാണന്റെ വലിയ പ്രതീക്ഷകളുമായി അടയിരിക്കുകയും മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുകിളിക്കൂട്ടത്തിന്റെ ഉരുവം കൊള്ളല്‍ മുതല്‍ കൊത്തിയാട്ടല്‍ വരെ സ്വപ്നം കാണുകയും അതുതാനേ ജീവിതലക്ഷ്യം എന്ന് നിര്‍വൃതിയടയുകയും ചെയ്യുന്നു..ഇങ്ങനെ സുന്ദരമായ ഒരു ജീവിതം തുടരുന്നതിനിടെയാണ് അത് സംഭവിക്കുന്നത്...
.
.
.
നിങ്ങളുടെ ലോകത്തിന് തൊട്ടപ്പുറത്ത് അഹങ്കാരത്തിന്റെയും താന്‍പ്രമാണിത്തത്തിന്റേയും മൂര്‍ത്തീരൂപം പ്രാപിച്ച ഒരു പന്നിക്കൂട്ടം നിങ്ങള്‍ സൂക്ഷിച്ചുപരിപാലിക്കുന്ന നിങ്ങളുടെ എല്ലാമെല്ലാമായ കുഞ്ഞുമുട്ടകളുമായി കടന്നുകളയുകയും അങ്ങനെ നിങ്ങളുടെ സ്വപ്നങ്ങളില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു.
നിങ്ങള്‍ എന്തു ചെയ്യും?

അതെ, സകല ദേഷ്യത്തോടും നിങ്ങളാല്‍ക്കഴിയുംവണ്ണം പന്നികളെ ഓരോരുത്തരെയായി ആക്രമിച്ചു കീഴ്പ്പെടുത്തുകയും തിരിച്ചുപിടിക്കാവുന്നിടത്തോളം മുട്ടകള്‍ തിരിച്ചുപിടിക്കുകയും ചെയ്യും..


  ഇപ്പോള്‍ ലോകത്തെയാകെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോഗെയിമിന്റെ മൂലകഥയാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. "Angry Birds" അഥവാ " ശുണ്ഠിപ്പക്ഷികള്‍ " എന്ന ഈ ഗെയിം ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കുകയും ചെയ്ത ഗെയിമായി മാറിയിരിക്കുന്നു. മാരിയോക്കും ഡേവിനും ശേഷം ഒരു കളി ലോകത്തെ ഇത്രമേല്‍ പിടിച്ചുലയ്ക്കുന്നത് ഇതാദ്യമായിട്ടാണ്. മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് വിവിധ അപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന " റോവിയോ മൊബൈല്‍ " എന്ന 50ല്‍ താഴെമാത്രം എംപ്ലോയീസുള്ള ചെറിയൊരു ഫിന്‍ലാന്‍ഡ് കമ്പനിയാണ് ലോകത്താകമാനമുള്ള നിരവധി മൊബൈല്‍ ഉപഭോക്താക്കളെ 'ശുണ്ഠിക്കിളി'കളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. ഏകദേശം ഒന്നര വര്‍ഷം മുമ്പേ, കൃത്യമായി പറഞ്ഞാല്‍ 2009 ഡിസംബറിലാണ് ആഗോള മൊബൈല്‍ ഭീമന്‍ ആപ്പിള്‍ ഐ-ഫോണിന്റെ ആപ്പ്-സ്റ്റോറില്‍ ഒരു സാധാരണ ഗെയിമിങ്ങ് അപ്ലിക്കേഷന്‍ എന്ന നിലയില്‍ റോവിയോ ഇത് പോസ്റ്റ് ചെയ്യുന്നത്. അഭൂതപൂര്‍വ്വമായ പ്രതികരണമായിരുന്നു തുടര്‍ന്ന് അതിന് ലഭിച്ചത്. അതിനു ശേഷം ഇതുവരെ ഏകദേശം 13 ദശലക്ഷം കോപ്പികളാണ് ആപ്പിളിന്റെ ആപ്പ്-സ്റ്റോറില്‍ നിന്ന് ചൂടപ്പം പോലെ വിറ്റഴിഞ്ഞത്. തുടക്കത്തില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചെങ്കിലും പിന്നീട് നോക്കിയ മൊബൈല്‍ഫോണ്‍ ഓപ്പെറേറ്റിംഗ് സിസ്റ്റമായ സിംബയനും ഈ ഗെയിമിനെ ഉള്‍ക്കൊണ്ടു. ഇന്ന് ആപ്പിള്‍ ഐ-ഓഎസ്, ഗൂഗിള്‍ ആന്‍ഡ്രോയിഡ്, സിംബയന്‍ മുതലായ മൊബൈല്‍ പ്ലാറ്റ്ഫോമുകളിലായി ലോകത്താകമാനം കോടിക്കണക്കിന് ഉപഭോക്താക്കളാണ് ഈ ഗെയിമിന് അടിമകളായി മാറിയിരിക്കുന്നത്. ഒരു ഞെട്ടിപ്പിക്കുന്ന വിവരം എന്താണെന്നു വെച്ചാല്‍ ലോകത്ത് ഓരോ ദിവസവും 200 ദശലക്ഷം മിനുറ്റ് വീതം ഈ ഗെയിം കളിക്കപ്പെടുന്നുണ്ട് എന്നതാണ്! അതായത് ഒരു വര്‍ഷം 1.2 ദശലക്ഷം മണിക്കൂറുകള്‍ ! കളിയുടെ രീതി വളരെ ലളിതമാണ്. മുട്ട കട്ടു കൊണ്ടുപോയ പന്നിക്കൂറ്റന്‍മാര്‍ മരം കൊണ്ടും ചില്ലുകൊണ്ടും ഇഷ്ടിക കൊണ്ടുമൊക്കെ വിവിധ ഷെല്‍ട്ടറുകള്‍ തീര്‍ത്ത് അതിനുള്ളിലിരിക്കും. ശുണ്ഠി മൂത്ത കിളികള്‍ ഒരോരുത്തരായി വന്ന് ഒരു കവണ കൊണ്ട് ഈ ഷെല്‍റ്ററുകള്‍ക്കുനേരെ സ്വയം എറ്റും. ഈ ഷെല്‍ട്ടറുകള്‍ തകര്‍ന്നുവീണ് പന്നിക്കുട്ടന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് പോയിന്റുകള്‍ ലഭിക്കുന്നു. ഷെല്‍റ്ററുകളുടെ വീക്ക് പോയിന്റുകളില്‍ കിളികളെ എറ്റിക്കൊള്ളിക്കുക എന്നതാണ് കളിമിടുക്ക്. വിവിധ ലെവെലുകളിലായി വിവിധതരം കിളികളെയും വിവിധതരം പന്നികളെയുമൊക്കെ  നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. ഏറ്റവും കുറവ് എണ്ണം കിളികളെ ഉപയോഗിച്ച് പരമാവധി നാശം വിതയ്ക്കുക എന്നതാണ് നിങ്ങളുടെ ധര്‍മ്മം. ലെവെലുകളില്‍ നിന്ന് ലെവലുകളിലേക്ക് മുന്നേറുന്നതിനനുസരിച്ച് പുതിയ പുതിയ കഴിവുകളുള്ള കിളികളെ നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കും. എറ്റലിനിടയില്‍ വേഗത കൂട്ടാന്‍ പറ്റിയത്, ഒറ്റക്കിളിയെ മൂന്നാക്കി മാറ്റാന്‍ പറ്റിയത്, അങ്ങനെ അങ്ങനെ വിവിധ തരം..

ഈ ഗെയിമിന്റെ ലാളിത്യവും പ്രവചനാതീത സ്വഭാവവും സൌജന്യനിരക്കും തന്നെയാണ് ഇതിനെ ഇത്രയും വലിയ ഹിറ്റാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്. വര്‍ദ്ധിച്ചുവരുന്ന ഗെയിമിന്റെ പ്രചാരം മാധമങ്ങളില്‍ അതിന് വളാരെ വലിയ ഒരു സ്ഥാനം നേടിക്കൊടുത്തു. ഈയടുത്ത് ഒരു ഇസ്രായേലി ടി.വി.ചാനല്‍ ഇസ്രായേല്‍ - ഫലസ്തീന്‍ സമാധാനചര്‍ച്ചകളെക്കുറിച്ച് ശുണ്ഠിക്കിളികളും പന്നിക്കുട്ടന്‍മാരും തമ്മില്‍ ഒരു സമാധാന ചര്‍ച്ച നടന്നാല്‍ എങ്ങിനിരിക്കുമെന്ന് ചോദിച്ചുകളഞ്ഞു! ശുണ്ഠിക്കിളികളെ പ്രധാനപ്രമേയമാക്കി നിരവധി സിനിമകളും ടെലിവിഷന്‍ സീരിയലുകളും വരെ വരാന്‍ പോകുന്നു‌! ആഗോള ഫുഡ്ചെയിന്‍ കുത്തകയായ മക്ഡോണാള്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ 'ഹാപ്പി മീല്‍സ് ' ഐറ്റത്തിനു ശുണ്ഠിക്കിളികളുടെ പേരാണ് സ്വീകരിച്ചിരിക്കുന്നത്!

ഇപ്പോള്‍ ഈ ഗെയിമിന്റെ പുതിയ പുതിയ വേര്‍ഷനുകളിറാക്കാന്‍ സിംബയനും ഐ-ഓഎസ്സും ആന്‍ഡ്രോയിഡുമെല്ലാം മത്സരിക്കുന്നു. ഒരിക്കല്‍ ശുണ്ഠിക്കിളികളെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ മടികാണിച്ചതിന് ഏറ്റവും പുതിയ angry birds വേര്‍ഷന്‍ മത്സരിച്ച് ഇറക്കിയാണ് സിംബയന്‍ പ്രായശ്ചിത്തം ചെയ്തത്.

സ്മാര്‍ട്ട്ഫോണുകളില്ലാത്തവര്‍ക്കും ഈ ഗെയിം കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിവിധ പ്ലേസ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളിലും(PSP/Playstation3) പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളായ മാക്ക്-ഓഎസ്സിലും, നമ്മുടെ മൈക്രോസോഫ്റ്റ് വിന്‍ഡോസിലും വരെ കളിക്കാന്‍ പരുവത്തിലുള്ള വേര്‍ഷനുകള്‍ കമ്പനി ഇറക്കിക്കഴിഞ്ഞിരിക്കുന്നു.

നിങ്ങള്‍ക്കും ഈ കിളികളുടെ രോഷത്തില്‍ പങ്കു ചേരണോ?

വളരെ ലളിതമായ രീതിയ്ല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറാണ് നിങ്ങളുടേതെങ്കില്‍, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇതു വരെ ക്രോം ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല എങ്കില്‍ ഗൂഗിളില്‍ നിന്ന് ഗൂഗിള്‍ ക്രോം എന്ന വെബ്‌ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ക്രോം തുറന്ന് "New Tab" ഓപ്പണ്‍ ചെയ്യുക.
ബ്രൌസര്‍ പേജില്‍ Appsനു കീഴെ വെബ്സ്റ്റോ‌ര്‍ എന്നു കാണാം.
അതില്‍ ക്ലിക്കിയാല്‍ ക്രോം വെബ്‌സ്റ്റോര്‍ പേജിലേക്ക് നിങ്ങള്‍ എത്തും. അവിടെ സെര്‍ച്ച് ബോക്സില്‍ "Angry Birds" എന്നു ടൈപ്പുക.
അതില്‍ കിട്ടുന്ന റിസല്‍ട്ടുകളില്‍ നിന്ന് Angry Birds ആപ്പ്‌ല്‍ ക്ലിക്കുക.
ചിലപ്പോള്‍ നിങ്ങളുടെ ഗൂഗിള്‍ User IDയും paaswordഉം നല്കി ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം. ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ HD Version, SD Version എന്ന രണ്ടു ബട്ടണുകള്‍ കാണും.
കൂടുതല്‍ ക്ലാരിറ്റിയില്‍ ഗെയിമിംഗ് അനുഭവം ആഗ്രഹിക്കുന്നവര്‍ HD സെലക്റ്റ് ചെയ്യുക. അതിനു ശേഷം ഗെയിം ലോഡ് ആവാനും ഇന്‍സ്റ്റാള്‍ഡ് ആവാനും കുറച്ചു നേരത്തെ കാത്തിരിപ്പു മാത്രം.

ഓഫ്‌ലൈനായും ഗെയിം കളിക്കാന്‍ സൌകര്യമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഗൂഗിള്‍ ക്രോം തുറന്ന് New Tab എടുത്ത് Angry Birdsല്‍ ക്ലിക്കിയാല്‍ തുടര്‍ന്നും ഗെയിം കളിക്കാന്‍ സാധിക്കും.

ഇനിയും തങ്ങളുടെ മൊബൈല്‍ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാത്ത സ്മാര്‍ട്ട്മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നോക്കിയ ഓവി സ്റ്റോര്‍ വഴി എളുപ്പത്തില്‍ ഇത് ഇ‌ന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ലിങ്ക് ഇവിടെ.

എന്തായാലും ദശകോടിക്കണക്കിനു ആരാധകരെ സൃഷ്ടിച്ച് ശുണ്ഠിക്കിളികള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. Angry Birds ഡിഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങേണ്ടി വരുന്ന കാലം വിദൂരമല്ല എന്നു വേണം കരുതാന്‍.


NB: ഈ ഗെയിം എനിക്ക് പരിചയപ്പെടുത്തി തന്ന കൂട്ടുകാരന്‍ സൂരജിനു  കടപ്പാട്...