Friday, 27 May 2011

ശുണ്ഠിക്കിളികള്‍ അഥവാ....

  നിങ്ങള്‍ ഒരു പക്ഷിയാണെന്നു കരുതുക... നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു ലോകവും അവിടെ നിങ്ങളുടെ ഇണകളും കൂട്ടുകാരും കുഞ്ഞുകിളികളും വയസ്സന്‍കിളികളുമൊക്കെയായി നിങ്ങളുടേതായ ഒരു ജീവിതം കൊച്ചുകൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും വലിയ സന്തോഷങ്ങളും ചെറിയ വേദനകളുമായി സുഖകരമായി നയിച്ചു പോരുന്നു. കാലാകാലം ഇണചേര്‍ന്ന് മുട്ടകളിടുകയും പുതിയ പ്രാണന്റെ വലിയ പ്രതീക്ഷകളുമായി അടയിരിക്കുകയും മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുകിളിക്കൂട്ടത്തിന്റെ ഉരുവം കൊള്ളല്‍ മുതല്‍ കൊത്തിയാട്ടല്‍ വരെ സ്വപ്നം കാണുകയും അതുതാനേ ജീവിതലക്ഷ്യം എന്ന് നിര്‍വൃതിയടയുകയും ചെയ്യുന്നു..ഇങ്ങനെ സുന്ദരമായ ഒരു ജീവിതം തുടരുന്നതിനിടെയാണ് അത് സംഭവിക്കുന്നത്...
.
.
.
നിങ്ങളുടെ ലോകത്തിന് തൊട്ടപ്പുറത്ത് അഹങ്കാരത്തിന്റെയും താന്‍പ്രമാണിത്തത്തിന്റേയും മൂര്‍ത്തീരൂപം പ്രാപിച്ച ഒരു പന്നിക്കൂട്ടം നിങ്ങള്‍ സൂക്ഷിച്ചുപരിപാലിക്കുന്ന നിങ്ങളുടെ എല്ലാമെല്ലാമായ കുഞ്ഞുമുട്ടകളുമായി കടന്നുകളയുകയും അങ്ങനെ നിങ്ങളുടെ സ്വപ്നങ്ങളില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു.
നിങ്ങള്‍ എന്തു ചെയ്യും?

അതെ, സകല ദേഷ്യത്തോടും നിങ്ങളാല്‍ക്കഴിയുംവണ്ണം പന്നികളെ ഓരോരുത്തരെയായി ആക്രമിച്ചു കീഴ്പ്പെടുത്തുകയും തിരിച്ചുപിടിക്കാവുന്നിടത്തോളം മുട്ടകള്‍ തിരിച്ചുപിടിക്കുകയും ചെയ്യും..


  ഇപ്പോള്‍ ലോകത്തെയാകെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോഗെയിമിന്റെ മൂലകഥയാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. "Angry Birds" അഥവാ " ശുണ്ഠിപ്പക്ഷികള്‍ " എന്ന ഈ ഗെയിം ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ സ്വീകരിക്കപ്പെടുകയും ഏറ്റവും കൂടുതല്‍ പ്രസിദ്ധിയാര്‍ജ്ജിക്കുകയും ചെയ്ത ഗെയിമായി മാറിയിരിക്കുന്നു. മാരിയോക്കും ഡേവിനും ശേഷം ഒരു കളി ലോകത്തെ ഇത്രമേല്‍ പിടിച്ചുലയ്ക്കുന്നത് ഇതാദ്യമായിട്ടാണ്. മൊബൈല്‍ പ്ലാറ്റ്ഫോമുകള്‍ക്ക് വിവിധ അപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന " റോവിയോ മൊബൈല്‍ " എന്ന 50ല്‍ താഴെമാത്രം എംപ്ലോയീസുള്ള ചെറിയൊരു ഫിന്‍ലാന്‍ഡ് കമ്പനിയാണ് ലോകത്താകമാനമുള്ള നിരവധി മൊബൈല്‍ ഉപഭോക്താക്കളെ 'ശുണ്ഠിക്കിളി'കളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്. ഏകദേശം ഒന്നര വര്‍ഷം മുമ്പേ, കൃത്യമായി പറഞ്ഞാല്‍ 2009 ഡിസംബറിലാണ് ആഗോള മൊബൈല്‍ ഭീമന്‍ ആപ്പിള്‍ ഐ-ഫോണിന്റെ ആപ്പ്-സ്റ്റോറില്‍ ഒരു സാധാരണ ഗെയിമിങ്ങ് അപ്ലിക്കേഷന്‍ എന്ന നിലയില്‍ റോവിയോ ഇത് പോസ്റ്റ് ചെയ്യുന്നത്. അഭൂതപൂര്‍വ്വമായ പ്രതികരണമായിരുന്നു തുടര്‍ന്ന് അതിന് ലഭിച്ചത്. അതിനു ശേഷം ഇതുവരെ ഏകദേശം 13 ദശലക്ഷം കോപ്പികളാണ് ആപ്പിളിന്റെ ആപ്പ്-സ്റ്റോറില്‍ നിന്ന് ചൂടപ്പം പോലെ വിറ്റഴിഞ്ഞത്. തുടക്കത്തില്‍ ഉള്‍പ്പെടുത്താന്‍ മടിച്ചെങ്കിലും പിന്നീട് നോക്കിയ മൊബൈല്‍ഫോണ്‍ ഓപ്പെറേറ്റിംഗ് സിസ്റ്റമായ സിംബയനും ഈ ഗെയിമിനെ ഉള്‍ക്കൊണ്ടു. ഇന്ന് ആപ്പിള്‍ ഐ-ഓഎസ്, ഗൂഗിള്‍ ആന്‍ഡ്രോയിഡ്, സിംബയന്‍ മുതലായ മൊബൈല്‍ പ്ലാറ്റ്ഫോമുകളിലായി ലോകത്താകമാനം കോടിക്കണക്കിന് ഉപഭോക്താക്കളാണ് ഈ ഗെയിമിന് അടിമകളായി മാറിയിരിക്കുന്നത്. ഒരു ഞെട്ടിപ്പിക്കുന്ന വിവരം എന്താണെന്നു വെച്ചാല്‍ ലോകത്ത് ഓരോ ദിവസവും 200 ദശലക്ഷം മിനുറ്റ് വീതം ഈ ഗെയിം കളിക്കപ്പെടുന്നുണ്ട് എന്നതാണ്! അതായത് ഒരു വര്‍ഷം 1.2 ദശലക്ഷം മണിക്കൂറുകള്‍ ! കളിയുടെ രീതി വളരെ ലളിതമാണ്. മുട്ട കട്ടു കൊണ്ടുപോയ പന്നിക്കൂറ്റന്‍മാര്‍ മരം കൊണ്ടും ചില്ലുകൊണ്ടും ഇഷ്ടിക കൊണ്ടുമൊക്കെ വിവിധ ഷെല്‍ട്ടറുകള്‍ തീര്‍ത്ത് അതിനുള്ളിലിരിക്കും. ശുണ്ഠി മൂത്ത കിളികള്‍ ഒരോരുത്തരായി വന്ന് ഒരു കവണ കൊണ്ട് ഈ ഷെല്‍റ്ററുകള്‍ക്കുനേരെ സ്വയം എറ്റും. ഈ ഷെല്‍ട്ടറുകള്‍ തകര്‍ന്നുവീണ് പന്നിക്കുട്ടന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് പോയിന്റുകള്‍ ലഭിക്കുന്നു. ഷെല്‍റ്ററുകളുടെ വീക്ക് പോയിന്റുകളില്‍ കിളികളെ എറ്റിക്കൊള്ളിക്കുക എന്നതാണ് കളിമിടുക്ക്. വിവിധ ലെവെലുകളിലായി വിവിധതരം കിളികളെയും വിവിധതരം പന്നികളെയുമൊക്കെ  നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരും. ഏറ്റവും കുറവ് എണ്ണം കിളികളെ ഉപയോഗിച്ച് പരമാവധി നാശം വിതയ്ക്കുക എന്നതാണ് നിങ്ങളുടെ ധര്‍മ്മം. ലെവെലുകളില്‍ നിന്ന് ലെവലുകളിലേക്ക് മുന്നേറുന്നതിനനുസരിച്ച് പുതിയ പുതിയ കഴിവുകളുള്ള കിളികളെ നിങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കും. എറ്റലിനിടയില്‍ വേഗത കൂട്ടാന്‍ പറ്റിയത്, ഒറ്റക്കിളിയെ മൂന്നാക്കി മാറ്റാന്‍ പറ്റിയത്, അങ്ങനെ അങ്ങനെ വിവിധ തരം..

ഈ ഗെയിമിന്റെ ലാളിത്യവും പ്രവചനാതീത സ്വഭാവവും സൌജന്യനിരക്കും തന്നെയാണ് ഇതിനെ ഇത്രയും വലിയ ഹിറ്റാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത്. വര്‍ദ്ധിച്ചുവരുന്ന ഗെയിമിന്റെ പ്രചാരം മാധമങ്ങളില്‍ അതിന് വളാരെ വലിയ ഒരു സ്ഥാനം നേടിക്കൊടുത്തു. ഈയടുത്ത് ഒരു ഇസ്രായേലി ടി.വി.ചാനല്‍ ഇസ്രായേല്‍ - ഫലസ്തീന്‍ സമാധാനചര്‍ച്ചകളെക്കുറിച്ച് ശുണ്ഠിക്കിളികളും പന്നിക്കുട്ടന്‍മാരും തമ്മില്‍ ഒരു സമാധാന ചര്‍ച്ച നടന്നാല്‍ എങ്ങിനിരിക്കുമെന്ന് ചോദിച്ചുകളഞ്ഞു! ശുണ്ഠിക്കിളികളെ പ്രധാനപ്രമേയമാക്കി നിരവധി സിനിമകളും ടെലിവിഷന്‍ സീരിയലുകളും വരെ വരാന്‍ പോകുന്നു‌! ആഗോള ഫുഡ്ചെയിന്‍ കുത്തകയായ മക്ഡോണാള്‍ഡ് തങ്ങളുടെ ഏറ്റവും പുതിയ 'ഹാപ്പി മീല്‍സ് ' ഐറ്റത്തിനു ശുണ്ഠിക്കിളികളുടെ പേരാണ് സ്വീകരിച്ചിരിക്കുന്നത്!

ഇപ്പോള്‍ ഈ ഗെയിമിന്റെ പുതിയ പുതിയ വേര്‍ഷനുകളിറാക്കാന്‍ സിംബയനും ഐ-ഓഎസ്സും ആന്‍ഡ്രോയിഡുമെല്ലാം മത്സരിക്കുന്നു. ഒരിക്കല്‍ ശുണ്ഠിക്കിളികളെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ മടികാണിച്ചതിന് ഏറ്റവും പുതിയ angry birds വേര്‍ഷന്‍ മത്സരിച്ച് ഇറക്കിയാണ് സിംബയന്‍ പ്രായശ്ചിത്തം ചെയ്തത്.

സ്മാര്‍ട്ട്ഫോണുകളില്ലാത്തവര്‍ക്കും ഈ ഗെയിം കളിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി വിവിധ പ്ലേസ്റ്റേഷന്‍ പ്ലാറ്റ്ഫോമുകളിലും(PSP/Playstation3) പേഴ്സണല്‍ കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളായ മാക്ക്-ഓഎസ്സിലും, നമ്മുടെ മൈക്രോസോഫ്റ്റ് വിന്‍ഡോസിലും വരെ കളിക്കാന്‍ പരുവത്തിലുള്ള വേര്‍ഷനുകള്‍ കമ്പനി ഇറക്കിക്കഴിഞ്ഞിരിക്കുന്നു.

നിങ്ങള്‍ക്കും ഈ കിളികളുടെ രോഷത്തില്‍ പങ്കു ചേരണോ?

വളരെ ലളിതമായ രീതിയ്ല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറാണ് നിങ്ങളുടേതെങ്കില്‍, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇതു വരെ ക്രോം ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല എങ്കില്‍ ഗൂഗിളില്‍ നിന്ന് ഗൂഗിള്‍ ക്രോം എന്ന വെബ്‌ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്യുക. അതിനു ശേഷം ക്രോം തുറന്ന് "New Tab" ഓപ്പണ്‍ ചെയ്യുക.
ബ്രൌസര്‍ പേജില്‍ Appsനു കീഴെ വെബ്സ്റ്റോ‌ര്‍ എന്നു കാണാം.
അതില്‍ ക്ലിക്കിയാല്‍ ക്രോം വെബ്‌സ്റ്റോര്‍ പേജിലേക്ക് നിങ്ങള്‍ എത്തും. അവിടെ സെര്‍ച്ച് ബോക്സില്‍ "Angry Birds" എന്നു ടൈപ്പുക.
അതില്‍ കിട്ടുന്ന റിസല്‍ട്ടുകളില്‍ നിന്ന് Angry Birds ആപ്പ്‌ല്‍ ക്ലിക്കുക.
ചിലപ്പോള്‍ നിങ്ങളുടെ ഗൂഗിള്‍ User IDയും paaswordഉം നല്കി ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം. ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ HD Version, SD Version എന്ന രണ്ടു ബട്ടണുകള്‍ കാണും.
കൂടുതല്‍ ക്ലാരിറ്റിയില്‍ ഗെയിമിംഗ് അനുഭവം ആഗ്രഹിക്കുന്നവര്‍ HD സെലക്റ്റ് ചെയ്യുക. അതിനു ശേഷം ഗെയിം ലോഡ് ആവാനും ഇന്‍സ്റ്റാള്‍ഡ് ആവാനും കുറച്ചു നേരത്തെ കാത്തിരിപ്പു മാത്രം.

ഓഫ്‌ലൈനായും ഗെയിം കളിക്കാന്‍ സൌകര്യമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഗൂഗിള്‍ ക്രോം തുറന്ന് New Tab എടുത്ത് Angry Birdsല്‍ ക്ലിക്കിയാല്‍ തുടര്‍ന്നും ഗെയിം കളിക്കാന്‍ സാധിക്കും.

ഇനിയും തങ്ങളുടെ മൊബൈല്‍ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാത്ത സ്മാര്‍ട്ട്മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നോക്കിയ ഓവി സ്റ്റോര്‍ വഴി എളുപ്പത്തില്‍ ഇത് ഇ‌ന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ലിങ്ക് ഇവിടെ.

എന്തായാലും ദശകോടിക്കണക്കിനു ആരാധകരെ സൃഷ്ടിച്ച് ശുണ്ഠിക്കിളികള്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. Angry Birds ഡിഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങേണ്ടി വരുന്ന കാലം വിദൂരമല്ല എന്നു വേണം കരുതാന്‍.


NB: ഈ ഗെയിം എനിക്ക് പരിചയപ്പെടുത്തി തന്ന കൂട്ടുകാരന്‍ സൂരജിനു  കടപ്പാട്...

19 comments:

 1. നല്ല പോസ്റ്റ്‌ .angry bird എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ . ഈ പോസ്റ്റ്‌ വളരെ ഉപകാരപ്രദമായി .പോസ്ടിനോപ്പം ചിത്രങ്ങള്‍ ചേര്‍ത്തത് വളരെ നന്നായി .ഞാനും ഡൌണ്‍ലോഡ് ചെയ്തു .

  ReplyDelete
 2. ശുണ്ടിക്കിളികള്‍ വായിച്ചു. ക്രിക്കറ്റ്‌ പോലെ ആവേശം പടര്‍ന്ന കളി അല്ലെ? കണ്ടിട്ടില്ല. സമയം പോലെ ഒന്ന് നോക്കണം.

  ReplyDelete
 3. നന്ദി..ഡൌണ്‍ലോഡ് ചെയ്തു...

  ReplyDelete
 4. ഒയലിച്ച തന്നെ..!!! { സമയം കൊല്ലി }

  ReplyDelete
 5. ഇതെന്തു പറ്റി ബ്ലോഗു നഷ്ടത്തിലായോ അതോ ടെലിബ്രാന്‍റ്റ് ഷോ നടത്തി ചില വാര്‍ത്താ ചാനലുകള്‍ കൊള്ള ലാഭമുണ്ടാക്കുന്ന പരിപാടി പരീക്ഷിച്ചതാണോ? ഇത്തരത്തിലുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ധാരാളം സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ഉണ്ടല്ലോ. ഒയലിച്ചയിലേക്ക് വരുന്നത് കുഞ്ഞൂട്ടന്റെ വേറിട്ട വീക്ഷണങ്ങള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും വേണ്ടിയാണ് . ഈ പോസ്റ്റ്‌ ഒരുമാതിരി സ്പാം മെയില്‍ പോലെയായി. ഉഗ്രന്‍ വിവരണം. ന്നാലും ഇത് കുഞ്ഞൂട്ടന്റെ ബ്ലോഗു പോസ്ടായി അംഗീകരിക്കാന്‍ മടി. ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു

  ReplyDelete
 6. @കീരാങ്കീരി: ഒയലിച്ചയെ കുറിച്ച് പുലര്‍ത്തുന്ന നല്ല പ്രതീക്ഷകള്‍ക്ക് ഉള്ളുതുറന്ന നന്ദി. ഇതു സ്പാം മെയില്‍ പോലെയായി എന്ന പ്രതികരണത്തോട് പക്ഷേ ശക്തമായി വിയോജിക്കുന്നു. നെറ്റില്‍ തപ്പിയാല്‍ ആര്‍ക്കുമെടുക്കാവുന്ന വിവരങ്ങള്‍ മാത്രമല്ല പോസ്റ്റിലുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്( അങ്ങനെ കുറേയേറെ വിവരങ്ങള്‍ ഉണ്ടെങ്കിലും). ഒരു വെബ്‌ലോകത്തെ ഒന്നാകെ ബാധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസം എന്ന നിലയില്‍ ഇതിനെ ഇതു വരെ പരിചയപ്പെടാത്തവര്‍ക്ക് പരിചയപ്പെടാന്‍ ഒരു അവസരമൊരുക്കുക എന്ന ചിന്തയായിരുന്നു പ്രധാനം. മാത്രമല്ല, മാരിയോക്കും ഡേവിനും ശേഷം ഗെയിമുകളോട് മുഖം തിരിച്ചു നടന്ന എന്നില്‍ കൌതുകത്തിന്റെ അനുഭവം നല്‍കിയ ഈ ശുണ്ഠിക്കിളികളെക്കുറിച്ച് പറയാതെ പോവുന്നത് ശരിയല്ല എന്നും തോന്നി. അതിനു പുറമേ, ഇത് ഒരു ടെക്‍നിക്കല്‍ ട്യൂട്ടോറിയല്‍ എന്ന രീതിയില്‍ ഒയലിച്ചയുടെ ആദ്യ പരീക്ഷണം‌ കൂടിയാണ്. അത് പാളിപ്പോയിട്ടില്ല എന്നു തന്നെയാണ് ആദ്യ കമന്റുകള്‍ വായിച്ചപ്പോള്‍ തോന്നിയത്. എന്തായാലും ഒയലിച്ചയെക്കുറിച്ചുള്ള താങ്കളുടെ കനപ്പെട്ട പ്രതീക്ഷകള്‍ക്ക് ഭംഗം സംഭവിച്ചതില്‍ നിര്‍വ്യാജമായി ഖേദം പ്രകടിപ്പിക്കുന്നു.

  ReplyDelete
 7. എഴുതിയതു മുഴുവൻ വായിച്ചു. ഡൌൺലോഡ് ചെയ്യാനൊന്നും എനിയ്ക്ക് അറിയില്ല. തന്നേമല്ല, കളിയ്ക്കാനും അറിയില്ല. ബാഡ്മിന്റൺ കളിയാ ലേശം അറീന്നത്.
  പോസ്റ്റ് വായിച്ച് വിവരം വച്ചതിൽ എനിയ്ക്ക് സന്തോഷം.

  ReplyDelete
 8. ഹത് ശരി. ബ്ലോഗ് വായിക്കാനുള്ള സമയം തന്നെ തികയണില്ല.
  അതിനിടേല്‍ കളി പഠിച്ചാ പിന്നെ എല്ലാം തെകഞ്ഞു.

  ഇങ്ങനൊരു കളിയെ പറ്റി ആദ്യായാണ്‍ ചെറുത് കേള്‍ക്കുന്നത്. നന്ദി :)
  പക്ഷേ വായനക്കാരെ കളിപ്പിക്കാനുള്ള ഉദ്ദേശത്തോട് യോജിക്കണില്ല

  ന്നാ പിന്നെ കാണാം

  ReplyDelete
 9. ഞാൻ കമ്പ്യൂട്ടർ ഗെയിമുകളിൽ അത്ര താല്പര്യമുള്ള ആളല്ല. എങ്കിലും ഈ വിവരം പങ്കുവച്ചതിന്‌ വളരെ നന്ദി.

  ആദ്യമായിട്ടാണ്‌ ഇവിടെ. ബാക്കി പോസ്റ്റുകൾ കൂടി വായിച്ചിട്ട് അഭിപ്രായം അറിയിക്കാം.

  ആശംസകൾ
  satheeshharipad.blogspot.com

  ReplyDelete
 10. I was surprised at first to see this post here.. Especially titile completly mislead me... anyway this added a variety to entire blogposts!!!
  Expecting a masterpiece soon, as exams are over :)

  ReplyDelete
 11. കമ്പ്യൂട്ടർ ഗെയിമോ! കൊള്ളാം

  ReplyDelete
 12. മിഠായിഭരണിയില്‍ ഒയലിച്ചക്ക് പകരം ഗെയിമിങ്ങിന്റെ ലഹരിപ്പൊതിയോ?..
  ടെക്‍നിക്കല്‍ ട്യൂട്ടോറിയല്‍ എന്ന രീതിയില്‍ വിജയം തന്നെ..മിണ്ടാപ്പൂച്ചയ്ക്ക് പക്ഷേ താല്‍പര്യമില്ലാ..

  ReplyDelete
 13. എന്താപ്പത് .?
  ന്റെ കൊറേ സമയങ്ങ പോയി ക്കിട്ടി..
  ന്നാലും കൊള്ളാംട്ടോ....

  ReplyDelete
 14. @ദീപുപ്രദീപ്, മഞ്ഞുതുള്ളി, കിങ്ങിണിക്കുട്ടി, സതീഷ് ഹരിപ്പാട്,കൊമ്പന്‍, എച്ച്മു,ഹരി: എങ്ങനെയായാലും നിങ്ങള്‍ക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരിക.
  @പട്ടേപ്പാടം,നാമൂസ്,വാല്ല്യക്കാരന്‍: എല്ലാ ഗെയിമുകളും സമയം കൊല്ലികളാണ്. അടിമപ്പെടാതെ രക്ഷപ്പെടുക എന്നതാണ് കളിമിടുക്ക്.
  @ചെറുത്: വായനക്കാരനെ കളിപ്പിക്കലല്ല,കളികളെക്കുറിച്ച് ബോധവാനാക്കുകയാണ് ലക്ഷ്യം.
  @കാവ്യ: ലഹരിപ്പൊതി വില്ക്കാന്‍ കുഞ്ഞൂട്ടനെന്താ മാഫിയ നേതാവോ?

  ReplyDelete
 15. കുഞ്ഞൂട്ടെട്ടാ കലക്കി.....ഒയലിച്ചയില്‍ ഇതു പുതിയൊരു പേജ് ആയി കൊടുത്താല്‍ നന്നായിരിക്കും...A page dedicated 2 writings like this....

  ReplyDelete
 16. എല്ലാ മേഖലയിലുള്ള വിവരങ്ങളും ബ്ലോഗാനും അതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുന്നവരെ തറപറ്റിക്കാനും ഉള്ള ചേട്ടന്റെ മിടുക്ക് അപാരം തന്നെ.അഭിനന്ദനങ്ങള്‍!!!!!!.....

  ReplyDelete
  Replies
  1. അനിയാ ഫാദു, വിമര്‍ശനവുമായി വരുന്നവരെ തറപറ്റിച്ചു എന്നൊക്കെ പറഞ്ഞത് കുറച്ചു കടന്നു പോയില്ലേ? നമ്മള്‍ വിമര്‍ശകരെ തറപറ്റിക്കേണ്ട കാര്യമുണ്ടോ? നല്ല വിമര്‍ശനങ്ങള്‍ വന്നാലല്ലേ നമുക്ക് കുറവുകള്‍ തിരിച്ചറിയാനും അതു തിരുത്തി മുന്നോട്ടു പോവാനും കഴിയൂ? ഒരാള്‍ നമുക്കു വേണ്ടി കഷ്ടപ്പെട്ടു കമന്റാന്‍ തയ്യാറാവുമ്പോള്‍ അവരേ നമ്മളും ബഹുമാനിക്കേണ്ടേ? അതുകൊണ്ടു തന്നെ, ഏതു തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നാലും സൂക്ഷ്മമായി ശ്രദ്ധിക്കാനും വിശദീകരണം അര്‍ഹമായവയ്ക്ക് നമ്മുടെ ഭാഗത്തു നിന്നും വിശദീകരണം നല്കാനും തീര്‍ച്ചയായും നാം തയ്യാറാവണം. അതിനെ തറപറ്റിക്കലായി മനസ്സിലാക്കുന്നിടത്താണ് തെറ്റ്,ട്ടോ.

   Delete