Tuesday, 31 May 2011

കടം

Photo Attribute: CreativeCommons©Flickruser:Kuchingboy

ഊര്‍ജ്ജതന്ത്രം ഉറക്കം തൂങ്ങുന്ന
ഉച്ചപ്പിരിയഡുകളില്‍
ഉസ്മാന്‍മാഷുടെ തുപ്പല്‍മഴകള്‍
മുന്‍ബഞ്ചുകളിലെ കോളനികളിലേക്ക്
ആക്രമണം നടത്തുമ്പോഴൊക്കെ
ക്ലാസ്സിന്റെ പിന്നില്‍
ഉണക്കാന്‍ നിവര്‍ത്തിയിട്ട
ശീലക്കുട തന്ന നിസ്സഹായതയെക്കുറിച്ചാണ്
ഞാന്‍ ആലോചിച്ചിരുന്നത്.

നനഞ്ഞുപിഞ്ഞിയ ജൂലൈമാസങ്ങളില്‍
മുട്ടിനു വെള്ളം കയറിയ ഇടവഴികളിലൂടെ
വീട്ടിലേക്ക് മടങ്ങുമ്പോഴൊക്കെ
ഒരു ചേമ്പിലയ്ക്കുകീഴില്‍
ഒരുമിച്ചു നനയാന്‍ പറ്റാതാക്കിയ
എന്റെയും നിന്റെയും പുള്ളിക്കുടകളോട്
കടുത്ത അമര്‍ഷം തോന്നാറുണ്ടായിരുന്നു.

കണക്കുബുക്ക് പ്രസവിച്ച കടലാസുതോണികള്‍ക്ക്
കര്‍ക്കിടകം വെട്ടിയ കപ്പല്‍ച്ചാലുകളിലൂടെ
നനഞ്ഞുമുങ്ങാതെ കടലുതാണ്ടാന്‍
കുടയും ചൂടി
പിന്നാലെ പോവേണ്ടിവന്നു,എനിക്ക്.

ഒടുക്കം ,
നനഞ്ഞുമുങ്ങാതെ
പുതിയ പ്ലാസ്റ്റിക്ക് കപ്പലുകള്‍ കടലിലിറക്കാനും
തലനനയാതെ ഊര്‍ജ്ജതന്ത്രം പഠിക്കാനും
ഇടവഴിവിട്ട് ടോള്‍ഹൈവേകളിലൂടെ
ബൈക്ക് പറത്താനും
ഒരു
റെയിന്‍കോട്ട് വാങ്ങിച്ചു.

എങ്കിലും!
തുണിപൊടിഞ്ഞ് തുളകള്‍ വീണിട്ടും,
തുരുമ്പുകമ്പികള്‍ തകര്‍ന്നൊടിഞ്ഞിട്ടും,
തുലാക്കോളുകളുടെ തഴമ്പുപൊട്ടിയ
മഴക്കുടകളെ എടുത്തുവെച്ചിട്ടുണ്ട്,

കലക്കുവെള്ളത്തില്‍ ഒലിച്ചിറങ്ങിപ്പോയ
പഴെമഴക്കാലം
കുട കടം ചോദിച്ച്
തിരിച്ചുവന്നെങ്കിലോ?

18 comments:

 1. ആദ്യഭാഗത്ത് പറയുന്ന നിസ്സഹായത എന്താണെന്ന് ശരിക്കങ്ങോട്ട് കത്തണില്ല.
  ഭാക്കി ഭാഗങ്ങള്‍ ഒരു നൊസ്റ്റാജിയ തരുന്നുണ്ട് :)

  ആശംസകള്‍ കുഞ്ഞൂട്ടാ

  ReplyDelete
 2. മനസ്സില്‍ എവിടൊക്കെയോ തട്ടുകയാണ് ഈ കവിത

  ReplyDelete
 3. adyabhagathil kudayodu amarsham rekhapeduthi... avasanam kuda nostalgia ayi... oru mattam ano undayathu???

  ReplyDelete
 4. അതേ കുഞ്ഞൂട്ടാ, തിരിച്ചു വരും...
  നിന്നെ നിസ്സഹായനാക്കിയ ശീലക്കുടയും നിന്നില്‍ അമര്‍ഷം സൃഷ്ടിച്ച പുള്ളിക്കുടയും ഒക്കെ തുരുമ്പുകമ്പികള്‍ തകര്‍ന്നൊടിഞ്ഞിട്ടും മറവിയുടെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോവാതെ കാക്കുന്ന കുഞ്ഞൂട്ടാ അഭിനന്ദനങ്ങള്‍....

  ReplyDelete
 5. തുണിപൊടിഞ്ഞ് തുളകള്‍ വീണിട്ടും,
  തുരുമ്പുകമ്പികള്‍ തകര്‍ന്നൊടിഞ്ഞിട്ടും,
  തുലാക്കോളുകളുടെ തഴമ്പുപൊട്ടിയ
  മഴക്കുടകളെ എടുത്തുവെച്ചിട്ടുണ്ട്,

  പ്രതീക്ഷയും കാത്തിരിപ്പും ആണല്ലോ ജീവിതം.

  ReplyDelete
 6. ഇഷ്ടപ്പെട്ടു.ഓര്‍മ്മകളോടൊപ്പം
  "ടോള്‍" എന്ന രാഷ്ടീയം കൂടി ചേര്‍ത്തതിന്‌
  പ്രത്യേകം അഭിനന്ദനം.
  കൂടുതല്‍ വിറ്റുപോകുന്ന ഗൃഹാതുരത്വത്തില്‍ മാത്രമായൊതുങ്ങാത്തതിന്‌ ഭാവുകങ്ങള്‍

  ReplyDelete
 7. ഇഷ്ടപ്പെട്ടു , ഒരു മഴക്കാലം തുടങ്ങാന്‍ നിക്കുന്ന ഈ വേളയില്‍ അതിനു ചേരുന്ന ഒരു കവിത.

  ReplyDelete
 8. നല്ല കവിത, മനോഹരമായി അവതരിപ്പിച്ചു...
  ഇമേജുകളിലും ക്രാഫ്റ്റിലും മികവിന്റെ കയ്യൊപ്പുണ്ട്....

  ReplyDelete
 9. വ്യത്യസ്തതയാർന്ന ഒരു നല്ല കവിത

  ReplyDelete
 10. വായിയ്ക്കാൻ വൈകിയതിൽ ക്ഷമാപണം...
  അതിലളിതം അതിലേറേ മനോഹരം...
  നനഞ്ഞീറച്ച ദിനങ്ങളിൽ അവളോടുള്ള പ്രണയം അമർത്തിപ്പിടിച്ച് ഇരുകുടകളിൽ പോകേണ്ടി വന്ന ആ കൊച്ചുപയ്യന്റെ കുടയോടുള്ള വിദ്വേഷം....
  പിന്നെ ആശയാന്തരങ്ങളിലൂടെ അല്പം ഭയപ്പാടോടെയുള്ള ഒരു സംശയത്തിലവസാനിക്കുന്ന കവിത....

  നന്നായിരിയ്ക്കുന്നു...
  ആശംസകൾ....

  ReplyDelete
 11. എവിടൊക്കെയോ തട്ടുന്നു.
  നീറ്റലുണ്ടാക്കുന്ന മറ്റൊരു രചന.
  ആശംസകള്‍, സുഹൃത്തെ.

  ReplyDelete
 12. കുഞ്ഞൂട്ടാ.,ജീവിതം എങ്ങനെയൊക്കെ മാറ്റിമറിച്ചാലും, ഇങ്ങനെ ചിലയോര്‍മ്മകള്‍,കാഴ്ചകള്‍..അതിന്റെയൊക്കെ മധുരനൊമ്പരങ്ങള്‍ ഒക്കെ ഉള്ളിന്റെയുള്ളില്‍ തുരുമ്പെടുക്കാതെയുണ്ടാവും അല്ലേ.കവിത നന്നായി..

  ReplyDelete
 13. ningalude bloginte peru enikkishttappettu. karanam njan oru malabaraukarananu....palappozhum e oyalicha enna word, palappozhum upayogikkarundu.....ningalude kavithayum ishtappettu....

  ReplyDelete
 14. @ചെറുത്: കത്താന്‍ മാത്രം തീയൊന്നും അതിനു കാണില്ല, മഴക്കാലമല്ലേ... ;)
  @വാര്യര്‍: മാറ്റമുണ്ടായി, ന്നിട്ടും...
  @മിണ്ടാപൂച്ച: തിരിച്ചു വരാതെ എവിടെപ്പോവാന്‍,ല്ലേ?
  @ഷിനോദ്: അങ്ങനെ ഇതിനു രാഷ്ട്രീയമാനവും കിട്ടി. നന്ദി.
  @കലിംഗപുരം: ആഴത്തിലുള്ള വായന. സന്തോഷിക്കുന്നു. ഇത്തരം in-depth വായനകള്‍ കുറച്ചേ ലഭിക്കാറുള്ളൂ. ഒരുപാടു നന്ദി.
  @നോബഡി: ഒയലിച്ചയിലേക്ക് സ്വാഗതം. വീണ്ടും വരുമല്ലോ.
  @ചിരുതക്കുട്ടി, @റാംജി, @പ്രദീപ്, @ചെമ്മാടന്‍, @കിങ്ങിണിക്കുട്ടി, @റോസ്, @മത്താപ്പ്: ഒരുപാടു നന്ദി,അഭിപ്രായങ്ങള്‍ക്ക്...

  ReplyDelete
 15. നല്ല കവിത, മനോഹരമായി അവതരിപ്പിച്ചു...ഇഷ്ടായി..ആശംസകള്‍..വീണ്ടും കാണാം..

  ReplyDelete
 16. ഓര്‍മകളുടെയും നൊമ്പരങ്ങളുടെയും ഒരു മഴ നനയിച്ചല്ലോ കുഞ്ഞൂട്ടാ നന്ദിയുണ്ട്

  ReplyDelete
 17. താങ്ങളുടെ ബ്ലൊഗ് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...കവിത ഇഷ്ടപ്പെട്ടു...ആശംസകള്‍

  ReplyDelete
 18. വളരെ വൈകിപ്പോയതിൽ സങ്കടമുണ്ട് .. മഴയത്ത് വന്ന കാറ്റിൽ തിരിച്ചു പോവേണ്ടി വന്നതാണോ എന്തോ.
  നന്നായിരിക്കുന്നു ..

  ReplyDelete