Wednesday, 29 June 2011

കാക്കക്കൂട് ബ്ലോഗ് മീറ്റ് അഥവാ ഒരു വയനാടന്‍ യാത്രയുടെ കഥ

  രു വിദ്യാര്‍ത്ഥി-ബ്ലോഗ്ഗിങ്ങ് കൂട്ടായ്മ എന്നൊരു ലേബലുമൊട്ടിച്ച് പുറത്തേക്കൊന്നും വലിയ ഒച്ചയും ബഹളവുമൊന്നുമുണ്ടാക്കാതെ കുറച്ചുകാലമായി ഞങ്ങള്‍ കുറച്ചു കാക്കകള്‍ അട(ങ്ങി)യിരിക്കാന്‍ തുടങ്ങിയിട്ട്.. ഒന്നോ രണ്ടോ കൊളാബറേറ്റീവ് പോസ്റ്റുകളും അപൂര്‍വ്വം ചില ചര്‍ച്ചകളും കൊച്ചുകൊച്ചു കലപിലകളുമായി  കാക്കക്കൂടിന്റെ ഒരു വര്‍ഷം അങ്ങനെ പൂര്‍ത്തിയായി. കുറച്ചുകാലമായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന ഒരു ആഗ്രഹമായിരുന്നു എല്ലാ കാക്കകളുടേയും ഒരു ഒത്തുചേരല്‍ എന്ന പരിപാടി.  എല്ലാ കാക്കളുടേയും എന്നൊക്കെ പറയുമ്പോള്‍ ഒരു തുഞ്ചന്‍ മീറ്റിന്റെ കൂട്ട് പത്തുമുന്നൂറ് കാക്കകളൊന്നുമുണ്ടെന്ന് ധരിച്ചേക്കരുത്. പ്രാരംഭകാലത്തെ ഒരു പത്തുപതിനഞ്ച് പേരും പിന്നെ പലപ്പോഴായി ചേര്‍ന്ന അഞ്ചോ ആറോ അംഗങ്ങളും. കാക്കക്കൂട് എന്നാല്‍ ഇപ്പോള്‍ ആരൊക്കെയാണ് അംഗങ്ങളായുള്ളതെന്നോ കൃത്യമായി എത്ര കാക്കകളുണ്ടെന്നോ യാതൊരു കണക്കും സൂക്ഷിക്കാത്ത, നിശിതമായ നിയമാവലികളോ അച്ചടക്കമോ ഒന്നുമില്ലാത്ത, കയോറ്റിക് സൌന്ദര്യത്തിലഭിരമിക്കുന്ന ഒരു ചെറിയ കൂട്ടം. പലപ്പോഴായി ഗൂഗിള്‍ ചാറ്റില്‍ പച്ചവെളിച്ചം കത്തിച്ച് ചര്‍ച്ചാവണ്ടികളെ നെടുകേയും കുറുകേയും കടത്തിവിട്ടുകൊണ്ടിരിക്കുന്ന ഒരു റെയില്‍വേ ജംഗ്ഷന്‍. എപ്പോഴും കരുതിവെച്ചിരുന്നത്, കുറച്ചുകാക്കകള്‍ അങ്ങോട്ടും ഇങ്ങോട്ടും പലപ്പോഴായി നേരില്‍ കണ്ടിട്ടുണ്ടെങ്കിലും എല്ലാവരും കൂടെ ഒരുമിച്ചൊരു കണ്ടുമുട്ടല്‍  എന്ന നടക്കാത്ത ഒരു സ്വപ്നം. എന്തായാലും ജൂണ്‍ 27 തിങ്കളാഴ്ച്ച കോഴിക്കോട് ( ഒരു വേദി പോലും നിശ്ചയിക്കാതെ ) ഒരു മീറ്റ് പ്ലാന്‍ ചെയ്യാമെന്ന് ആ സ്വപ്നത്തിന് ഒരു ക്ലൈമാക്സ്...


    രാവിലെ 7:40ന് മിണ്ടാപ്പൂച്ചയുടെ ഫോണ്‍ വിളിയോടെയാണ് 27ന് ഉണരുന്നത്. കോഴിക്കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്തേക്ക് പത്തുമണിയോടെ എത്തുക എന്ന നിര്‍ദ്ദേശമായിരുന്നു സന്ദേശം. തുടര്‍വിളികളുടെ ദിശാസൂചകങ്ങളോടെ പത്തേമുക്കാലോടെ കോഴിക്കോട് പുതിയ ബസ്‌സ്റ്റാന്‍ഡിനു സമീപം ഫോക്കസ് മാളില്‍ എത്തി. തലേന്നു തന്നെ കോഴിക്കോട് ലാന്റിയ ഓലപ്പടക്കവും മത്താപ്പും, ടിയാന്മാരുടെ തലേദിവസത്തെ താമസസ്ഥലമായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ ആതിഥേയനായ ഈയിടെ അടുത്ത് സ്വന്തം ബ്ലോഗ് താല്ക്കാലികമായി അടയ്ക്കുക എന്ന അഹങ്കാരം കാണിച്ച് പ്രശസ്തനാവാന്‍ ശ്രമിച്ച അനൂപനും(തരികിടന്‍ എന്ന് പഴയ ബ്ലോഗ്നാമധേയം), അവിടെ നില്‍ക്കുന്നുണ്ടായിരുന്നു(26ന് പ്രസ്തുത മൂന്നു കാക്കകളും കൂടെ കാണിച്ചുകൂട്ടി എന്ന് പറയപ്പെട്ട കഥകള്‍ മറ്റൊരു പോസ്റ്റിനുള്ള അത്രേം വലിപ്പമുള്ളതു കൊണ്ട് പറയാന്‍ നില്‍ക്കുന്നില്ല). പിന്നെ നതയും മിണ്ടാപ്പൂച്ചയും. എല്ലാവരും (ഓലപ്പടക്കമൊഴിച്ച്) കണക്കു പരീക്ഷയ്ക്ക് കെമിസ്ട്രി ചോദ്യപ്പേപ്പര്‍ കിട്ടിയ പോലെ "ഇവനോ കുഞ്ഞൂട്ടന്‍ aka നിഖില്‍?!!" എന്നു വാ പൊളിച്ചു. താമസിയാതെ തന്നെ മഴയത്ത് നനഞ്ഞു കുതിര്‍ന്ന് "മഴയത്ത് ഇറങ്ങി ഓടിയതു കൊണ്ട് ഓട്ടോക്കാശ് ലാഭമായി പെട്ടന്നിങ്ങ്എത്തി" എന്നും പറഞ്ഞ് ആരാന്‍ aka രണ്ടാം നിഖില്‍ (വര്‍മ്മ)എത്തിച്ചേര്‍ന്നു. കോറം തികഞ്ഞു. ഇനി ആരും വരാനില്ല, വരാമെന്നേറ്റിട്ടുമില്ല. ഇതാണ് ഞങ്ങടെ ആള്‍ക്കൂട്ടം.

ഫോക്കസ് മാളിനു മുന്നില്‍ കാക്കക്കൂട്ടം

  മൊത്തം എണ്ണമെടുക്കുകയാണെങ്കില്‍ (!) ചുരുങ്ങിയത് 20ല്‍ പരം കാക്കകളെങ്കിലും വേണമെങ്കിലും എല്ലാ കാക്കകളും രാജ്യത്തിന്റെ ഓരോരോ മൂലകളില്‍ പലപല യൂണിവേഴ്സിറ്റികളിലായി വിദ്യാര്‍ത്ഥികളായതുകൊണ്ട് എല്ലാര്‍ക്കും ഒരുമിച്ച് ഒരു ഡേറ്റിനെത്തിച്ചേരാന്‍ കഴിയുക എന്നത് വീണ്ടും അങ്ങനെ നടക്കാത്ത സ്വപ്നമായിത്തന്നെ തുടരുമായിരിക്കും.
എന്തായാലും കോറം തികഞ്ഞ സ്ഥിതിക്ക് ഇനിയെന്തു വേണം മീറ്റിന് എന്ന ചിന്ത ശക്തമാവാന്‍ തുടങ്ങി. പതിവു ബ്ലോഗ്മീറ്റുകള്‍ക്കൊക്കെ പത്തിരുനൂറ് രൂപ രജി.ഫീയും നല്ല ശാപ്പാടും നല്ല ഓഡിറ്റോറിയവുമൊക്കെ ഉണ്ടാവാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങളെന്തായാലും ആകെ ഏഴുപേരല്ലേ! രണ്ടു ഓട്ടോറിക്ഷ വിളിച്ചു. സരോവരം ബയോപാര്‍ക്കിലേക്ക് വിട്ടോളാന്‍ പറഞ്ഞു. അവിടേക്ക് എന്‍ട്രി ഫീസായി പത്തു രൂപ വെച്ച് പിരിച്ച ശേഷം ടിക്കറ്റെടുത്ത് അകത്തേക്ക് കയറി. ഇനി ഒരു ഗ്രൂപ്പ് ഫോട്ടോ വേണം! അവിടെ അലഞ്ഞുതിരിഞ്ഞുനടന്ന രണ്ടു ചേട്ടന്മാരുടെ കയ്യില്‍ ക്യാമറ കൊടുത്ത് അതെടുത്തു തരാന്‍ പറഞ്ഞ് ആ ചടങ്ങും നിര്‍വഹിച്ചു.

ഒരു ഗ്രൂപ്പുകളി 

ഈ സമയമുടനീളം താന്‍ ഏറ്റിക്കൊണ്ടുവന്ന "ഈയെഴുത്ത് സുവനീര്‍ " നൂറു രൂപ കൊടുത്ത് എല്ലാരും വാങ്ങണമെന്നും നമ്മുടെ സ്വന്തം മനോരാജേട്ടനെ ഫീമാകാരമായ കടക്കെണിയില്‍നിന്നും മുക്തനാക്കണാമെന്നും പറഞ്ഞ് മത്താപ്പ് വന്‍ മാര്‍ക്കറ്റിങ്ങ് സെന്റികള്‍ അടിച്ചുകൊണ്ടിരുന്നു. പടച്ചോനേ രാവിലത്തെ ഇ.എന്‍.ടി. ക്ലാസ്സ് കട്ടുചെയ്താ താന്‍ വന്നിരിക്കുന്നത് എന്നും ഇത്തവണ അറ്റന്‍ഡന്‍സ് തൊണ്ണൂറ്റൊമ്പതു ശതമാനത്തിലേക്ക് എത്തിക്കാന്‍ ഒത്തിരി കഷ്ടപ്പെടേണ്ടി വരുമെന്നും പറഞ്ഞ് നത എണ്ണിപ്പെറുക്കിക്കൊണ്ടിരുന്നു.  അപ്പുറത്തെ ചിന്ന തടാകത്തില്‍ പെഡല്‍ ബോട്ടിങ്ങിനായി ഇറങ്ങുമ്പോള്‍ നീ കാഷ്വാലിറ്റിയിലാണെന്ന് കളവ് പറഞ്ഞാ ഞാന്‍ ക്ലാസ്സ് കട്ട് ചെയ്തിരിക്കുന്നത്, സൂക്ഷിച്ചും കണ്ടും ഒക്കെ പോയി വാ എന്ന് ഓലപ്പടക്കത്തിന് ഒരു സ്നേഹശാസനവും!


  എന്തായാലും ചെറിയ ചെറിയ കൊച്ചുവര്‍ത്തമാനങ്ങളും ഒന്നോ രണ്ടോ പുസ്തകങ്ങളെക്കുറിച്ചോ ചിലസിനിമകളേക്കുറിച്ചോ അങ്ങോട്ടുമിങ്ങോട്ടും വലിച്ചുവാരി വാങ്ങിവെക്കുന്ന കൊട്ടുകളെക്കുറിച്ചോ ചെറിയ ചെറിയ ചര്‍ച്ചകളുമായി ഞങ്ങള്‍ ചുറ്റല്‍ തുടര്‍ന്നു. കാര്യമായി ഒന്നും ചെയ്യാനില്ലാതെ ഇങ്ങനെ തെണ്ടിനടക്കല്‍ ഞങ്ങളുടെ അത്ര പരിചയമില്ലാതിരുന്നതുകൊണ്ടും  ഇടയ്ക്കിടയ്ക്ക് മഴച്ചാറ്റലുകള്‍ വന്നും പോയും കൊണ്ടിരുന്നതുകൊണ്ടും മിണ്ടാപ്പൂച്ചയ്ക്കും നതയ്ക്കും ചെറുതായി ബോറടിക്കാന്‍ തുടങ്ങിയിരുന്നു.

  

  കാണ്‍പൂരില്‍ നിന്ന് മൊബൈല്‍ വഴി റസിമാനും ഇടയ്ക്ക് മീറ്റില്‍ പങ്കെടുത്തു.  ടെലിഫോണ്‍ സംഭാഷണം കഴിഞ്ഞ പാടെ ഇനിയും കാണാമെന്ന് പറഞ്ഞ് ഉച്ചയ്ക്കത്തെ ക്ലാസ്സ് മിസ്സാവാതിരിക്കാന്‍ നത കോളേജിലേക്കോടി.
    പാരഗണ്‍ , സാഗര്‍ മുതലായ പ്രലോഭന നാമധേയങ്ങളെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്കൊടുവില്‍ പാവങ്ങളുടെ സ്വന്തം ഇന്ത്യന്‍ കോഫീ ഹൌസ് മതി നമുക്ക് ലഞ്ചിനെന്ന് ഐകകണ്ഠേന അഭിപ്രായം പാസ്സായി. വലിയ ബ്ലോഗ്മീറ്റുകളുടെ ഒടുക്കത്തെ ഭക്ഷണച്ചെലവുകളെക്കുറിച്ചുള്ള കേട്ടറിവുകളയവിറക്കി എല്ലാവരും ഇരുപതു രൂപയുടെ കോഫീഹൌസ് ഊണ് സാവധാനം അകത്താക്കിക്കൊണ്ടിരുന്നു.
    "ഡാ നമുക്ക് ചുമ്മാ വയനാട് ഒന്നു പോയി വന്നാലോ? വെറുതേ KSRTC ബസ്സില്‍ കയറി ചുരം കയറാം, ഇന്നു തന്നെ തിരിച്ചിങ്ങു പോരേം ചെയ്യാം..." ആകെ കിട്ടുന്ന ഒരു സ്പൂണ്‍ കാബേജ് തോരന്റെ അവസാനത്തെ കഷ്ണം ഒരു ദീര്‍ഘനിശ്വാസത്തോടെ ആസ്വദിച്ചു ചവച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വര്‍മ്മയ്ക്ക് പെട്ടന്ന് തോന്നിയ ഒരു ആശയം യാത്രകളുടെ ആവേശ്ഭായ് ആയ ഓലപ്പടക്കത്തിനോടുള്ള ഒരു ചോദ്യരൂപമായാണ് പുറത്തുവന്നത്. കേട്ടപാതി കേള്‍ക്കാത്ത പാതി ഓലപ്പടക്കം അതങ്ങ് ഉറപ്പിച്ചു. മീറ്റുകഴിഞ്ഞ് തൃശ്ശൂരേക്കുള്ള മടക്കയാത്രയില്‍ കൂട്ടിന് രണ്ടുപേരുണ്ടാവും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന മിണ്ടാപ്പൂച്ചയെ കഠിനമായി നിരാശപ്പെടുത്തി തൃശ്ശൂരേക്കുള്ള ബസ്സില് സുരക്ഷിതമായി കയറ്റിവിട്ട് ഐവര്‍സംഘം മാനന്തവാടിക്കുള്ള ബസ്സും കാത്ത് ഇരിക്കാന്‍ തുടങ്ങി.
    ബസ്സു കാത്ത് ഇരിക്കുന്നതിനിടയില്‍, വെറുതേ വയനാടു പോയി ചുരം മാത്രം കണ്ട് തിരിച്ചുപോരുന്നത് മണ്ടത്തരമാണെന്നും എങ്ങനെപോയാലും തിരിച്ചു കോഴിക്കോടെത്തുമ്പോഴേക്കും ഒരുപാടു വൈകുമെന്നും കൂടണായാന്‍ കഴിയാതെ വരുമെന്നും മത്താപ്പിന് ബോധോദയം വന്നു. അതായത് വയനാട് സ്റ്റേ ചെയ്യുകയാണെങ്കില്‍ പിറ്റേ ദിവസം ഒന്നോരണ്ടോ സ്ഥലങ്ങളൊക്കെ കണ്ട് പതുക്കെ വന്നാല്‍ മതി. ഓലപ്പടക്കം ശക്തമായി അതിനെ പിന്താങ്ങി. പക്ഷേ പ്രശ്നം അതല്ലല്ലോ. എല്ലാവരും വന്നിരിക്കുന്നത് ഇട്ടിരിക്കുന്ന വസ്ത്രവും ഏറിപ്പോയാല്‍ ഒരു നൂറ് രൂപയും കൊണ്ടാണ്. അതു കൊണ്ട് ചെലവാക്കേണ്ടത് രണ്ടു ദിവസമാണ്. ATM എന്ന പ്രതിഭാസം കൊണ്ട് സാമ്പത്തികപ്രശ്നം പെട്ടന്ന് പരിഹരിക്കപ്പെട്ടു. പ്രൊഫഷണല്‍ കോളേജ് ഹോസ്റ്റല്‍ ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്നു അഞ്ചു നിമിഷം ഒന്നു റിവൈസ്‌ ചെയ്തതോടെ ഉള്ള ഒരു ജോഡി വസ്ത്രം കൊണ്ട് വേണെമെങ്കില്‍ ഒരാഴ്ച വരെ കഴിയാം എന്ന് അടുത്ത പ്രശ്നവും പരിഹരിക്കപ്പെട്ടു.
    KSRTC ബസ്സിലെ തിരക്ക് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഞങ്ങളെപ്പോലെ കാത്തുനിന്ന് സ്റ്റേറ്റ് ബസ്സിനു കയറുന്ന ഒരുപാടു പേര്‍ . ഇത്രയും തിരക്കില്‍ ഒരു KSRTC ലോങ്ങ്‌റൂട്ട് ട്രിപ്  തുടങ്ങുന്നത് ഒരപൂര്‍വ്വ കാഴ്ച്ച തന്നെയാണ്. ബസ്സിന്റെ പിന്‍സീറ്റുകളിലൊന്നില്‍ ഇരിപ്പുറപ്പിച്ചു. അപ്പുറവും ഇപ്പുറവും ഇരുന്ന് അനൂപനും ഓലപ്പടക്കവും മൊബൈലില്‍ ടൈപ്പാന്‍ തുടങ്ങി. ആരെങ്കിലും ഒരു സൌഹൃദ സദസ്സില്‍ മൊബൈലും കുത്തിക്കൊണ്ട് ഇരിക്കല്‍ എന്ന കാര്യത്തോട് വല്ലാത്ത ദേഷ്യമാണ്. ഇതിനു രണ്ടു കാരണങ്ങളാണ് ഉള്ളത്. കര്‍ത്താവേ ഇവന്മാര്‍ക്കു വരെ ആളുണ്ട്, നമുക്കൊന്നും സൊള്ളാന്‍ നല്ല കുറ്റികള്‍ ഇല്ലാതെ പോയല്ലോ എന്ന അസൂയ. രണ്ട്, ഫേസ്ബുക്കാനും ട്വീറ്റാനും നമ്മുടെ മൊബൈലില് സ്നാപ്പ്റ്റുവും ഗ്രാവിറ്റിയും ഒന്നും ഇല്ലാതെ പോയല്ലോ എന്ന നിരാശ.
    ബസ്സില്‍ പഴയ ബാലഭൂമിയും ഗൃഹലക്ഷ്മിയുമെല്ലാം നാലെണ്ണം ചേര്‍ത്തുകെട്ടി വില്ക്കാന്‍ ഒരു ചേട്ടന്‍ വന്നിരുന്നു. "ഈയെഴുത്ത്" ചെലവാവാന്‍ കത്തിയ പുതിയ ആശയം വര്‍മ്മ മത്താപ്പിന് ഉപദേശിച്ചുകൊടുത്തു. "ഈയെഴുത്തേയ്, ഈയെഴുത്തേയ്...രണ്ടെണ്ണം പത്തുര്‍പ്പ്യ..." നിരന്തരമായി തേയ്ക്കപ്പെടുന്നതിന്റെ നിസ്സഹായതയിലും വേദനയിലും മത്താപ്പ് നീട്ടി വിളിച്ചു: "ഓട്രാ...."
  ഒരു ബാലഭൂമികെട്ട് ഓലപ്പടക്കം പത്തു രൂപ മുടക്കി വാങ്ങി. മാജിക്ക്മാലുവിനും മൂഷിക്കിനും കാലമിത്ര കഴിഞ്ഞിട്ടും യാതൊരു മാറ്റവുമില്ല. അതേ തെമ്മാടിത്തം.. പാവം അകടനും ഭകടനും ..ഒരുപാട് പുതിയ കഥാപാത്രങ്ങള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ടല്ലേ.. കുഞ്ചൂസ്, ടിന്റുമോന്‍, ഇ-മാന്‍...
    ബസ്സ് മാനന്തവാടി പിടിക്കുന്നതിനു മുമ്പു തന്നെ മുതിര്‍ന്ന ഗൂഗിള്‍ബസ്സറും പഴയ  ബ്ലോഗറുമായ വയനാടുകാരന്‍ പട്ടേട്ടുമായി ഫോണില്‍ ബന്ധപ്പെട്ട് അവിടത്തെ താമസം മത്താപ്പ് ശരിയാക്കി. മാനന്തവാടി ഇറങ്ങിയ ശേഷം ടൂറിസ്റ്റ്ഹോം കണ്ടു പിടിച്ച് ചെക്കിന്‍ ചെയ്തു. ടൌണില്‍ തെണ്ടാനിറങ്ങി. മാനന്തവാടി ടൌണ്‍ നാട്ടിലെ ടൌണുകള്‍ പോലെത്തന്നെയാണ് (അല്ലാതെയാവാന്‍ മാനന്തവാടി അമേരിക്കയിലൊന്നുമല്ലല്ലൊ!).
    രാത്രി ഒരിടത്തും പോവാനില്ലാത്തതുകൊണ്ട് ഒരു മാധ്യമം ആഴ്ചപ്പതിപ്പും വയനാട് ടൂറിസം ബുക്ക്‌ലെറ്റും വാങ്ങി റൂമിലേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞ് പട്ടേട്ടും വന്നു. പിന്നെ കൂലങ്കഷമായ ചര്‍ച്ചകളായിരുന്നു. കഥയും കവിതയും തമ്മിലുള്ള അതിര്‍വരമ്പുകളെക്കുറിച്ച് ഒരുപാടു ബ്ലോഗുകളെ ഉദ്ധരിച്ച് വിശദമായ ഒരു ചര്‍ച്ചയാണ് ആദ്യം നടന്നത്. ഒരു ലേഖനമെഴുതി കഷണം മുറിച്ച് കവിതയാക്കുന്നതിനെപ്പറ്റിയും എഴുത്തുകാരന്റെ അനുഭവം വായനക്കാരന് മൂര്‍ത്തമാക്കുന്നതില്‍ കഥയും കവിതയും പ്രയോഗിക്കുന്ന ടെക്ക്നിക്കല്‍ സുനകളെപ്പറ്റിയും ഒരുപാട് സംസാരിച്ചു. പട്ടേട്ടിന്റെ നിലപാടുതറയില്‍ നിന്ന് കൂടി ആനന്ദിനേയും എം.മുകുന്ദന്റേയും കഥകള്‍ മുതല്‍ ഉമേഷിന്റെ കവിത വരെ നോക്കിക്കണ്ടു. മത്താപ്പു കൂടെയുള്ളതുകൊണ്ട് സ്വാഭാവികമായും ചിത്രകാരനെപ്പറ്റിയും ഗൂഗിള്‍ ബസ്സില് നടന്ന തെറിവിളികളെപ്പറ്റിയും ജാതിവാലിന്റെ പൊല്ലാപ്പുകളെപ്പറ്റിയും ചര്‍ച്ച നടന്നു. ഡിഫി നേതാവായ പട്ടേട്ടിനോട് രമേശന്‍ ഇഷ്യൂവിനെപ്പറ്റിയും പാര്‍ട്ടിയുടെ അപചയത്തെപ്പറ്റിയും ഒക്കെ സംശയങ്ങളാരാഞ്ഞു. വയനാടിന്റെ ചരിത്രത്തെപ്പറ്റിയും അടിമലേലത്തെപ്പറ്റിയും കൂലിയായി അന്നന്നത്തെ അന്നം അളന്നുകൊടുക്കുന്നതിനെതിരെ സമരം ചെയ്ത് പാര്‍ട്ടി വളര്‍ന്നുവന്നതിനെപ്പറ്റിയുമെല്ലാം പട്ടേട്ട് വിവരിച്ചു തന്നു. കുറച്ചുസമയം കൊണ്ട് കൂടുതല്‍ സ്ഥലം കണ്ടു തീര്‍ക്കാന്‍ അടുത്ത ദിവസത്തേക്ക് ഞങ്ങള്‍ക്ക് ഒരു നല്ല പ്ലാനും നിര്‍ദ്ദേശിച്ച് പട്ടേട്ട് മടങ്ങി.


പട്ടേട്ടും പിള്ളേരും

    ഞങ്ങള്‍ ചര്‍ച്ച തുടര്‍ന്നു.

    ബൂലോകത്തെ പുതിയ "പുറംചൊറിയല്‍ " പ്രവണതയെപ്പറ്റിയാണ് പിന്നീട് സംഭാഷണങ്ങള്‍ പുരോഗമിച്ചത്. ചില പ്രത്യേകവ്യക്തികള്‍ എഴുതുമ്പോള്‍ ഏതു പോസ്റ്റും ഗംഭീരം എന്ന മട്ടില്‍ കമന്റുകള്‍‌ കൊണ്ട് ചില ബ്ലോഗുക‌ള്‍ നിറയുന്നതിനെപ്പറ്റിയും അഞ്ഞൂറും അറുന്നൂറും ഫോളോവേഴ്സിനെ ഉണ്ടാക്കി പരസ്പരം ഇന്റര്‍വ്യൂ ചെയ്തും പുറംചൊറിഞ്ഞും നിര്‍വൃതി തേടിയും നേടിയും ബൂലോക ഭീകരത സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചും ബ്ലോഗന്മാരും ബ്ലോഗിണികളും ആത്മവിമര്‍ശനം നടത്തണമെന്ന് അഭിപ്രായമുയര്‍ന്നു. എന്തിനാണ് പോസ്റ്റുകള്‍ വായിക്കാന്‍ പോലും മെനക്കെടാതെ ആളുകള്‍ "നന്നായി, ഗംഭീരം, നല്ല പോസ്റ്റ്.." എന്നൊക്കെ ഒറ്റ വരി കമന്റുകളെഴുതി സ്ഥലം വിടുന്നത്? എന്തിനാണ് ഏതു ചവറു കവിതയിലും "ഇതാണ് നല്ല കവിത.. കുട്ടീ നീ നന്നായി കവിതയെഴുതി ഞങ്ങളേ അത്ഭുത പരതന്ത്രരാക്കുന്നു.. ആസ്വാദനത്തിന്റെ പാരമ്യതകളിലേക്ക് ഈ യുവബ്ലോഗിണിയുടെ കവിത എന്നെ വലിച്ചു കൊണ്ടുപോവുന്നു.." എന്നൊക്കെ കമന്റി എഴുതുന്ന ആള്‍ക്കാരുടെ ഭാവി നശിപ്പിക്കുന്നത്? സത്യസന്ധമായ നിലപാടുകളും വിമര്‍ശനങ്ങളും വന്നാലല്ലേ സ്വയം പുരോഗതി കൈവരിച്ച് നല്ല എഴുത്തുകാര്‍ രൂപപ്പെടുകയുള്ളൂ...? ഇങ്ങനെ പഞ്ചസാരയും തേന്‍കരിമ്പും കൊണ്ട് കമന്റഭിഷേകം നടത്തുന്ന സുഹൃത്തുക്കളേ, നിങ്ങള്‍ ഇല്ലാതാക്കുന്നത് ഓണ്‍ലൈന്‍ എഴുത്തിലൂടെ രൂപപ്പെട്ടുവരാന്‍ പോവുന്ന ഒരു നല്ല എഴുത്തുതലമുറയെയാണ്..നിങ്ങളുടെ വിലകുറഞ്ഞ തിളങ്ങുന്ന അഭിപ്രായത്തില്‍ മതിമറന്ന് നശിച്ചുപോവുന്നതു കേവലം ചില ബ്ലോഗര്‍മാരുടെ എഴുത്തുമേന്മ എന്നതിലുപരി നല്ല ആസ്വാദനത്തിന്റേയും അനുവാചകത്വത്തിന്റെയും ഒരു സംസ്കാരമാണ്.. ഏതാണ് നെല്ല്, ഏതാണ് പതിരെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഷണ്ഡപ്പെടാന്‍ പോവുന്നത് അംഗസംഖ്യ ദിനംപ്രതി വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ വായനാകമ്മ്യൂണിറ്റിയാണ്...

   പിറ്റേന്ന് കാലത്ത് ആറുമണിക്കെണീറ്റ് ഒന്നാം ഡെസ്റ്റിനേഷനായ തിരുനെല്ലിക്കുള്ള ബസ്സുപിടിക്കേണ്ട ആകുലതകള്‍ക്കും വര്‍മ്മയുടെ ഗാനശേഖരത്തില്‍ പുതുതായി കടന്നുകൂടിയ പാശ്ചാത്യസംഗീതഭ്രമത്തിന്റെ അനുഭവവിവരണങ്ങള്‍ക്കുമിടയില്‍ അറിയാതെ ഉറക്കം വിരുന്നു വന്നു.


    28ന് കാലത്തുതന്നെ എണീറ്റ്  എല്ലാവരും റെഡിയായി. റെഡിയായി എന്നു പറയുമ്പോള്‍ തലേദിവസത്തെ ഡ്രസ്സില്‍ മത്താപ്പിന്റെ സ്പ്രേ അടിക്കുക എന്നതില്‍ കവിഞ്ഞ് ഒരുക്കങ്ങളൊന്നും കാണേണ്ടതില്ല. തിരുനെല്ലി ക്ഷേത്രത്തിലേക്ക് ആറ് ഇരുപതിനുള്ള KSRTC ബസ്സുപിടിച്ചു. ഒന്നരമണിക്കൂര്‍ യാത്രയ്ക്കു ശേഷം തിരുനെല്ലിയെത്തി.
    അതിമനോഹരമായ പശ്ചാത്തലത്തില്‍ ഉയരത്തില്‍ നില്ക്കുകയാണ് ക്ഷേത്രം.


  തിരുനെല്ലിക്കപ്പുറത്താണ് പാപനാശിനിപ്പുഴ. ആത്മാക്കളുടെ പാപങ്ങള്‍ ചിതാഭസ്മമാക്കി ഒഴിക്കിക്കളയുന്ന തീര്‍ത്ഥം.

പാപനാശിനിപ്പുഴയില്‍ അടിഞ്ഞു കൂടിയ ചിതഭാസ്മകുഞ്ജങ്ങള്‍

   ക്ഷേത്രത്തിലും പാപനാശിനി പരിസരത്തും കണ്ടുമുട്ടുന്നുവര്‍ക്കെല്ലാം വിഷാദത്തിന്റെയും ഗഹനമായ നഷ്ടസ്മൃതികളുടേയും കനത്ത ഭാവം. അത്തരമൊരു അറ്റ്മോസ്ഫിയറില്‍ അടിച്ചുപൊളിക്കാന്‍ വന്ന കൂതറകളാവാതിരിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ കാണുമ്പോള്‍ ക്യാമറകള്‍ മാറ്റിവെച്ചും വര്‍ത്തമാനം കുറച്ചും ഞങ്ങള്‍ ശ്രദ്ധാലുക്കളായി. കാട്ടിനുള്ളിലേക്ക് ഒരു ചെറിയ കാവു കാണാന്‍ പോയി. അതിമനോഹരമായ പ്രശാന്തമായ ഒരിടം.

    ഞാവല്‍മരങ്ങളുടെ പന്തലിപ്പിനു ചോട്ടില്‍ ഒരു ഗുഹയും കല്‍വിഗ്രങ്ങളും. അടുത്തൊഴുകുന്ന ചെറിയ ഒരരുവി. അടിനു ശേഷം ക്ഷേത്രത്തിനു താഴെ അടച്ചുപയോഗശൂന്യമായ നിലയില്‍ മറ്റൊരു കോമ്പൌണ്ടില്‍ ഒരു അരക്ഷേത്രം കൂടെ വിസിറ്റി.


   ഒന്നര മണിക്കൂറോളം തിരുനെല്ലിയില്‍ ചെലവഴിച്ച ശേഷം ഞങ്ങള്‍ മാനന്തവാടിയിലേക്ക് തിരിച്ചെത്തി ചെക്കൌട്ട് ചെയ്തു.
പഴശ്ശി കുടീരം
    ആദ്യം പഴശ്ശി ശവകുടീരത്തിലേക്ക് തിരിച്ചു. അവിടെ 'കാണാന്‍' കാര്യമായി ഒന്നുമില്ല. പഴശ്ശിയെ സംസ്കരിച്ച സ്ഥലം, അതിനോടു ചേര്‍ന്ന് ചെറിയ ഒരു ഭൂഗര്‍ഭ മ്യൂസിയം. അവിടെ കുറച്ചു പഴയ രേഖകളും ചെറിയ ചില വിവരണങ്ങളും(പഴശ്ശിരാജ സിനിമയിലെ തന്നെ!) ഓലപ്പുരയുടെയും മറ്റും ചില മാതൃകകളും മാത്രം.


    കുറച്ചുകൂടെ വിപുലമായ രീതിയില്‍ മ്യൂസിയം ഒരുക്കാമായിരുന്നു എന്നു തോന്നി.

    ശേഷം പൂക്കോട് തടാകത്തിലേക്ക്. ചുറ്റുമുള്ള മലകള്‍ക്കിടയില്‍ വെള്ളം കെട്ടിനിന്ന് രൂപപ്പെട്ടതാണ് തടാകം .  ഞങ്ങള്‍ ആദ്യം ബോട്ടിങ്ങിനിറങ്ങി. തടാകത്തില്‍ അവിടിവിടെയായി നീല ആമ്പല്‍പ്പൂക്കള്‍ .


    നീര്‍ക്കാക്കകള്‍ ക്യാമറയ്ക്ക് പിടിതരാതെ അഹങ്കാരത്തില്‍ മുങ്ങാംകുഴിയിട്ടു കളിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് തടാകം ചുറ്റുമുള്ള കാനന പാതയിലൂടെ അട്ടകളെ വെല്ലുവിളിച്ച് ഫോട്ടോഷൂട്ടിനായി ഒരു നടത്തം.    അനൂപന്റെ കാലില്‍ കയറിപ്പറ്റി ചോരകുടിക്കാന്‍ മാത്രം ജീവഭയമില്ലാത്ത ഒരു അട്ടപ്പഹയനെ മത്താപ്പ് എറ്റിക്കളഞ്ഞു. വീട്ടിലേക്ക് കൊണ്ടുപോവാന്‍ ഓരോ കുപ്പി തേന്‍നെല്ലിക്കയും വാങ്ങി ഞങ്ങള്‍ കോഴിക്കോട്ടേക്ക് ബസ്സു കയറി.


    ഉച്ചയ്ക്ക് തിരിച്ചു വരാം എന്നും പറഞ്ഞു കോഴിക്കോട്ടേക്ക് പുറപ്പെട്ടപ്പെട്ടവനും ദാ, ഫോക്കസ് മാളുവരെ പോയി ചായ കുടിച്ചു  തിരിച്ചെത്താമെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി അബദ്ധത്തില്‍ ചാടിയവനും ഒക്കെ 24 മണിക്കൂര്‍ നീണ്ടുനിന്ന നാടുതെണ്ടലിനു ശേഷം വീട്ടിലേക്ക് മടങ്ങാനായി കോഴിക്കോട് ബസ്‌സ്റ്റാന്‍ഡില്‍ നിന്നു. ഒരു മീറ്റ് ഇവിടെ അവസാനിക്കുകയാണ്. തികച്ചും യാദൃശ്ചികമായ, തികച്ചും ഡിസോര്‍ഡേര്‍ഡ് ആയ, യാതൊരു പ്ലാനുകളുമില്ലാതെ വട്ടുകൊണ്ട് സംഭവിച്ച, എങ്കിലും അത്യധികം ഹൃദ്യമായി അനുഭവപ്പെട്ട ഒരുദിന യാത്രയുടെ ഏച്ചുകെട്ടലിലേക്ക് നീണ്ട കാക്കമീറ്റ് അവിടെ തീരുകയാണ്. ഇത്തരം മീറ്റുകള്‍ കൊല്ലാകൊല്ലം ആവര്‍ത്തിക്കാമെന്നും ഉടനേതന്നെ പ്ലാന്‍ചെയ്തിനിയൊരു വിശദമായ വയനാടു യാത്രയില്‍ വീണ്ടും കണ്ടുമുട്ടാമെന്നും പറഞ്ഞ് എല്ലാരും കൂടണഞ്ഞു.