Wednesday, 7 March 2012

വിഷമഴയ്ക്കൊരു കുട

   പുതുതലമുറയിലെ മൂല്യച്യുതിയെക്കുറിച്ച് ഘോരഘോരം കവലപ്രസംഗങ്ങള്‍ നടക്കാറുണ്ട്. സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാത്തവരായി, സാമൂഹ്യബോധമില്ലാത്തവരായി എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളെ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യവിചക്ഷണരും മുദ്ര കുത്താറുണ്ട്. തങ്ങളുടെ കഴുത്തിലെ തുടലുകള്‍ പൊട്ടിച്ചെറിഞ്ഞ് തെരുവിലെ കണ്ണീരില്‍ ഞങ്ങളുടെ ഉപ്പുണ്ടെന്നും പടരുന്ന ചോരയ്ക്ക് ഞങ്ങളുടെ ചോപ്പുണ്ടെന്നും തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, ഉപരിപ്ലവമായ ശ്രദ്ധാക്ഷണങ്ങള്‍ക്കും പ്രകടനപടുതയ്ക്കും അപ്പുറം തങ്ങള്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്നു നമുക്ക് കാണിച്ചുതരികയാണ് കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും കാസറഗോഡ് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ .

   "വിഷമഴയ്ക്കൊരു കുട" എന്ന അവരുടെ സ്വപ്നസംരംഭം ചരിത്രത്തിന്റെ ഭാഗമാവുന്നത് ഒരുപറ്റം ചെറുപ്പക്കാര്‍ വിഷമഴയുടെ ദുരിതകാണ്ഡം പേറുന്ന ഭൂമികയില്‍ സ്വാന്തനത്തിന്റെ ആതപത്രം തീര്‍ക്കുന്നു എന്നതുകൊണ്ടു മാത്രമല്ല, കീര്‍ത്തി തട്ടിപ്പറിക്കലുകളുടെ, നിരാസത്തിന്റെ, അവഗണനയുടെ സാങ്കേതിക മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാണ് അവര്‍ ഇത് യാഥാര്‍ത്ഥ്യമാക്കിയത് എന്നതുകൊണ്ടുകൂടിയാണ്.

   എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയായ കാസറഗോഡ് മുള്ളേരിയ ബോവിക്കാനം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വെറുമൊരു സാമൂഹിക പ്രതിബദ്ധതയുടെ മാത്രം വിഷയമല്ല. തങ്ങളുടെ തൊട്ടയല്‍പക്കത്തുനിന്നും ഉയരുന്ന നിലവിളികള്‍ക്ക് തങ്ങളാലാവും വിധം സ്വാന്തനമെത്തിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒരു ജീവിതലക്ഷ്യം കൂടിയാണ്.

    എന്‍ഡോസള്‍ഫാന്‍ ബാധിതനായി അരയ്ക്കു താഴെ തളര്‍ന്നു ജോലി മുടങ്ങിയ ബോവിക്കാനം രമേശന്‍ എന്ന നിര്‍ധനന് ഇവര്‍ നിര്‍മ്മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം 2012 മാര്‍ച്ച് ആറിന് കോളേജില്‍ വെച്ചുനടന്ന ചടങ്ങില്‍ നിര്‍വഹിച്ചത് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ മേധാപട്കറാണ്. അന്നേ ദിവസം കാസറഗോഡ് കളക്ട്രേറ്റിലേക്ക് നടന്ന റാലിയും പൊതുസമ്മേളനവുമൊക്കെ വിപുലമായി കൊണ്ടാടിയ മാധ്യമസുഹൃത്തുക്കള്‍ ഈയൊരു സംരംഭത്തെ ഗൌനിക്കുകയുണ്ടായില്ല.
     ഒരു പ്രശ്നത്തില്‍ എപ്പോഴും മാധ്യമശ്രദ്ധ കിട്ടുന്നത് റാലികള്‍ക്കും പൊതുസമ്മേളനങ്ങള്‍ക്കും മാത്രമാണ്. ഓരോ ജനകീയപ്രശ്നത്തിലും ശ്രദ്ധ നേടുന്നത് പ്രസംഗങ്ങളും പ്രകടനാഘോഷങ്ങളും മാത്രമാണ്. എന്തുകൊണ്ടാണ് നമ്മുടെ മാധ്യമങ്ങള്‍ ഇത്തരമൊരു സമീപനം പുലര്‍ത്തിപ്പോരുന്നത് എന്നു മനസ്സിലാവുന്നില്ല.

വീടിനു മുന്നില്‍ രമേശേട്ടന്‍

     'വിഷമഴയ്ക്കൊരു കുട' പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2011 മാര്‍ച്ചോടെയാണ്. അക്കൊല്ലം കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചപ്പോഴാണ് ഈ കൂട്ടുകാര്‍ക്ക് പ്രശ്നത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുന്നത്. വെറും പ്രദര്‍ശനങ്ങള്‍ക്കും കലാജാഥകള്‍ക്കും അപ്പുറം ഈ വിഷയത്തില്‍ തങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നത് അവിടെവെച്ചാണ്. തുടര്‍ന്ന് 'എന്‍മകജെ' നോവല്‍ തപ്പിപ്പിടിച്ച് വായിക്കാനും സംഭവവുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ശേഖരിക്കാനും സെമിനാറുകളില്‍ പങ്കെടുക്കാനും കോളേജ് മുഴുവന്‍ ഉണര്‍ന്നിറങ്ങുകയായിരുന്നു. ബോവിക്കാനം പഞ്ചായത്തില്‍ ഒരു ആരോഗ്യസര്‍വ്വേ സംഘടിപ്പിച്ചും കേരളസര്‍ക്കാരിന്റെ മെഡിക്കല്‍ ക്യാമ്പില്‍ വളണ്ടിയര്‍മാരായി പങ്കെടുത്തും അവര്‍ വിഷയത്തെ വിശകലനാധിഷ്ഠിതമായി വിലയിരുത്തുകയായിരുന്നു.
   സാധാരണ സന്നദ്ധസംഘടനകളും മറ്റും ചെയ്യുന്നതു പോലെ കുറേ ധനം ശേഖരിച്ച് അതുപോലെ വിതരണം ചെയ്യുക എന്ന ഏര്‍പ്പാടിലെ നിരര്‍ത്ഥകത തിരിച്ചറിഞ്ഞ് സാന്ത്വനത്തിന്റെ പുതുവഴികളാണ് ഇവര്‍ ആരാഞ്ഞത്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ക്കൊപ്പം അര്‍ഹരായവരെ തിരഞ്ഞുപിടിക്കുക എന്ന ജോലി ശ്രമകരമായിരുന്നുവത്രെ. പടര്‍പ്പില്‍ തല്ലുന്നതിനു പകരം സഹായം ആവശ്യമുള്ളവരെ ഓരോരുത്തരെയായി തെരെഞ്ഞെടുത്ത് ഘട്ടം ഘട്ടമായി സഹായിക്കാന്‍ തീരുമാനമായി.

    "പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പെടുക്കണം, ഒരുപാടു പഠിക്കണം." അന്വേഷണങ്ങള്‍ക്കിടയില്‍ അവരെത്തിയ എന്മകജെയിലെ വീട്ടിലിരുന്നു ശ്രുതി എന്ന പെണ്‍കുട്ടി അവരോടു സ്വപ്‌നങ്ങള്‍ പങ്കുവെച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ മുഖമായി ലോകത്തേവരുടെയും മനസ്സില്‍ പതിഞ്ഞ ശ്രുതി എന്ന കുട്ടിയുടെ മുഴുവന്‍ വിദ്യാഭ്യാസച്ചെലവുകളും ഏറ്റെടുത്ത് ആ കുട്ടിയെ സ്പോണ്‍സര്‍ ചെയ്യുക എന്നതാവട്ടെ ആദ്യ ലക്ഷ്യമെന്ന് അവര്‍ തീരുമാനിച്ചു.
    സംരംഭത്തിന്റെ അനുമതിക്കായി കോളേജ് പ്രിന്‍സിപ്പലിനെ സമീപിച്ച ഇവര്‍ക്ക് അനുവാദ നിരാസത്തിന്റെ കയ്പുനീരാണ് ആദ്യം ലഭിച്ചത്. പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും സമയം കളയേണ്ട കാര്യമില്ല, അതിനൊക്കെ ധാരാളം ചാരിറ്റബിള്‍ സംഘടനകളും മറ്റും നമ്മുടെ നാട്ടിലുണ്ട്, നിങ്ങളുടെ ഡ്യൂട്ടി പഠനം മാത്രമാണ് എന്നതായിരുന്നത്രേ അദ്ദേഹത്തിന്റെ സമീപനം. ഈ അനുഭവത്തില്‍ പതറി മാറിനില്‍ക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. കാസറഗോഡുനിന്ന് തിരുവനന്തപുരം വരെ പോയി എല്‍ബിഎസ് ഡയറക്ടറുടെ അടുത്തു നിന്നും അവര്‍ അനുമതി നേടിയെടുത്തു.

     മുള്ളേരിയ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ്-ടുവിന് പഠിക്കുന്ന ശ്രുതി എന്ന പെണ്‍കുട്ടിയുടെ യൂണിഫോം, പുസ്തകങ്ങള്‍ , സ്കൂളിലേക്കുള്ള യാത്ര  തുടങ്ങിയ ചിലവുകളൊക്കെ ഇപ്പോള്‍ വഹിക്കുന്നത് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജിലെ ഈ മിടുക്കരായ വിദ്യാര്‍ത്ഥികളാണ്. അതിനിടയില്‍ തമാശകളെന്ന് അവര്‍ ചിരിച്ചുതള്ളുന്ന മറ്റ് ദുരനുഭവങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു. ഇവര്‍ നടത്തുന്ന ഈ പ്രവര്‍ത്തനത്തിന്റെ ക്രെഡിറ്റുമവകാശപ്പെട്ട് കണ്ടുനില്‍ക്കുന്നവര്‍ പത്രത്തില്‍ വാര്‍ത്ത കൊടുക്കുന്ന അവസ്ഥ. ശ്രുതിക്ക് ലാപ്ടോപ് സമ്മാനിച്ച ഓസ്ട്രേലിയന്‍ കമ്പനിയെ അനുമോദിച്ച് നാലുകോളം വാര്‍ത്ത‍ നല്‍കിയ മാധ്യമങ്ങള്‍ ആ കുട്ടി എങ്ങനെ പഠിക്കുന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കാത്ത അവസ്ഥ.അതിനെയൊന്നും വിലവെക്കാതെ തങ്ങളുടെ കര്‍മ്മങ്ങളില്‍ നിശബ്ദരായി മുഴുകുകയാണിവര്‍ .

    അതിനിടയില്‍ ഇവരുടെ പ്രവര്‍ത്തനങ്ങളുടെ സത്യസന്ധത തിരിച്ചറിഞ്ഞ ബോവിക്കാനം പഞ്ചായത്ത് അധികൃതര്‍ ഇവരോട് ഒരു സഹായമഭ്യര്‍ത്ഥിച്ചു. പഞ്ചായത്തില്‍ നിന്നും ലഭിച്ച ഭവനനിര്‍മ്മാണ സഹായഫണ്ടുമുഴുവന്‍ സ്വന്തം ചികിത്സയ്ക്കു വകമാറ്റി ചെലവഴിക്കേണ്ടി വന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ബോവിക്കാനം രമേശന്റെ വീട് നിര്‍മ്മാണം ഏറ്റെടുക്കണം എന്ന അഭ്യര്‍ഥനയായിരുന്നു അത്. പഞ്ചായത്തിന്റെയും കോളേജിലെ പുതിയ പ്രിന്‍സിപ്പാളിന്റെയും  അകമഴിഞ്ഞ പിന്തുണയോടു കൂടെ അവര്‍ ആ വലിയ ലക്ഷ്യം ഏറ്റെടുത്ത് ഭംഗിയായി നിര്‍വഹിച്ചു. ആ വീടിന്റെ താക്കോല്‍ദാനമാണ്  അംബികാസുതന്‍ മാങ്ങാട്, ഡോ.വൈ.എസ്.മോഹന്‍ കുമാര്‍  തുടങ്ങിയവര്‍ സംബന്ധിച്ച, കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന, പ്രൌഡഗംഭീരമായ ചടങ്ങില്‍ വെച്ച്   മേധാപട്കര്‍ നിര്‍വഹിച്ചത്.

താക്കോല്‍ ദാന ചടങ്ങ് മേധാ പട്കര്‍ നിര്‍വഹിക്കുന്നു 


    എല്‍ബിഎസ് കോളേജിലെ നാലാം വര്‍ഷവിദ്യാര്‍ഥികളായ ഷഫീക്ക് റഹ്മാന്‍, എബിന്‍ സേവ്യര്‍ , സച്ചിന്‍ രമേശ്, അജയന്‍, വിപിന്‍, നീതു മെഹ്നാസ്, ഗീതു  തുടങ്ങിയവരാണ് സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. "വിഷമഴയ്ക്കൊരു കുട" എന്ന അര്‍ത്ഥവത്തായ പേര് നിര്‍ദ്ദേശിച്ചത് പൂര്‍വ്വവിദ്യാര്‍ത്ഥിയായ ശങ്കരനും ലോഗോ ഡിസൈന്‍ ചെയ്തത് ധനേശന്‍ മാഷുമാണ്.

       വലിയ വലിയ കാര്യങ്ങള്‍ ഒരുപാടു ചെയ്തിട്ടും വലിയതോതിലൊരു മാധ്യമശ്രദ്ധ കിട്ടാത്ത നിരാശയൊന്നും ഈ കൂട്ടുകാര്‍ക്കില്ല. തങ്ങള്‍ ചെയ്യുന്നതൊക്കെ ചെറിയ കാര്യങ്ങള്‍ മാത്രമാണെന്നും തങ്ങള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും ബാക്കിയുണ്ടെന്നും വിനയാന്വിതരാവുകയാണ് ഇവര്‍ .